കുവൈത്ത് സിറ്റി: ഗോഫസ്റ്റ് സർവിസ് നിലച്ചതോടെ ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ളവർ ഒരുമിക്കുന്നു. ഇതിന്റെ ആദ്യപടിയായി കുവൈത്തിലുള്ളവർ വാട്സ് ആപ് കൂട്ടായ്മ രൂപീകരിച്ചു. നൂറോളം ആളുകൾ ഇതിനകം കൂട്ടായ്മയിൽ അംഗങ്ങളാണ്. ഇതിൽ കുടുംബത്തോടെ ടിക്കറ്റ് എടുത്ത പലർക്കും ഒരു ലക്ഷത്തിൽ കൂടുതൽ ഇന്ത്യൻ രൂപയോളം തിരികെ കിട്ടാനുണ്ട്. പണം തിരികെ ലഭിക്കാനുള്ള സാധ്യതകൾ തേടുക, നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി ബന്ധപ്പെട്ടവർക്ക് വ്യക്തിപരമായും കൂട്ടമായും പരാതി നൽകാനും നീക്കം ആരംഭിച്ചു. കൃത്യമായ മറുപടി അധികൃതരിൽ നിന്ന് ലഭ്യമായില്ലെങ്കിൽ നിയമ സഹായം തേടാനും ആലോചനയുണ്ട്.
അതേസമയം, ചില ട്രാവത്സുകളിൽ യാത്രക്കാർക്ക് പണം തിരികെ നൽകിയെങ്കിലും വിമാന കമ്പനിയിൽ നിന്ന് പണം ലഭ്യമാകാത്തതിനാൽ തങ്ങൾക്കും വൻ തുകകൾ നഷ്ടപ്പെട്ടതായി ട്രാവൽ രംഗത്തുള്ളവർ പറഞ്ഞു. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സർവിസ് നടത്തിയിരുന്ന ‘ഗോ ഫസ്റ്റ്’ വിമാനം നിർത്തലാക്കിയിട്ട് ഒരു വർഷം പിന്നിട്ടു. എന്നാൽ, വിമാനയാത്രക്ക് മുൻകൂട്ടി ടിക്കറ്റെടുത്ത ആയിരത്തോളം പേർക്ക് ഇനിയും തുക തിരികെ ലഭിച്ചിട്ടില്ല. തുക മടക്കി ലഭിക്കാൻ ഓൺലൈൻ വഴിയും എജൻസികൾ വഴിയും യാത്രക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഒരു മറുപടിയും ലഭ്യമല്ലെന്ന് യാത്രക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.