ജി.സി.സി ഏകീകൃത സൈനിക കമാൻഡ് ആസ്ഥാനം; നടപടികൾ പുരോഗമിക്കുന്നു
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഏകീകൃത സൈനിക കമാൻഡ് ആസ്ഥാനം കുവൈത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ജി.സി.സി ഏകീകൃത സൈനിക കമാൻഡിന്റെ ഏകോപന യോഗം കുവൈത്തിൽ നടന്നു.
സംയുക്ത സൈനിക നീക്കങ്ങൾ വികസിപ്പിക്കുന്നതിനും, ജി.സി.സി സായുധ സേനകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും, സംയോജനം ശക്തിപ്പെടുത്തുന്നതിനും ക്രമീകരണങ്ങൾ സഹായിക്കുമെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പായാണ് കുവൈത്തിൽ സ്ഥാപിക്കുന്ന സൈനിക കമാൻഡ് ആസ്ഥാനത്തെ കണക്കാക്കുന്നത്. ആസ്ഥാനവും ഏകീകൃത രൂപവും കൈവരുന്നതോടെ ജി.സി.സി രാജ്യങ്ങളുടെ സൈനിക ശേഷികൾ, രഹസ്യാന്വേഷണ വിവര കൈമാറ്റം, പ്രവർത്തനപരമായ ഏകോപനം എന്നിവ കൂടുതൽ സംയോജിപ്പിക്കാനാകും. തങ്ങളുടെ പ്രദേശങ്ങൾ, വിഭവങ്ങൾ, സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള ജി.സി.സി രാജ്യങ്ങളുടെ കഴിവിനെയും ശക്തിപ്പെടുത്തും.
യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെയും ഗൾഫ് രാജ്യങ്ങളും മേഖലയും നേരിടുന്ന പൊതുവായ സുരക്ഷ ഭീഷണികളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് ജി.സി.സി രാജ്യങ്ങളുടെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.