‘ഠ’വട്ടത്തില്‍ ‘റ’ വീട്

കോണ്‍ക്രീറ്റ് ചെയ്യാതെ ‘റ’ രൂപത്തിലുള്ള വീട് നിര്‍മിക്കുക എന്നത് വളരെ പ്രയാസകരവും കൗതുകകരവുമാണ്. എന്നാല്‍, 38 വര്‍ഷം മുമ്പ് ഓട് മാത്രം ഉപയോഗിച്ച് ഇത്തരത്തില്‍ മനോഹരമായി നിര്‍മിച്ച അപൂര്‍വവീട് തൃശൂര്‍ ജില്ലയിലെ ചേറ്റുവ ചുള്ളിപ്പടിയില്‍ പഴയകാല പ്രതാപത്തില്‍ ഇപ്പോഴും നിലകൊള്ളുകയാണ്. സിനിമാ സംവിധായകനും നടനുമായ നാട്ടിക മണപ്പുറത്തിന്‍െറ പ്രിയപ്പെട്ട രാമു കാര്യാട്ട് തന്‍െറ അമ്മ കാര്‍ത്യായനിക്കായി നിര്‍മിച്ചുനല്‍കിയതാണ് ഈ വീട്.


1975ല്‍ ചേറ്റുവ കടവില്‍ തറവാട് വക വീട്ടില്‍ താമസിക്കുമ്പോഴാണ് ‘റ’ ആകൃതിയിലുള്ള വീട് അമ്മക്കായി നിര്‍മിക്കണമെന്ന ആശയം രാമു കാര്യാട്ടിന്‍െറ മനസ്സില്‍ ഉദിച്ചത്. ചുള്ളിപ്പടിയിലെ ഒഴിഞ്ഞുകിടക്കുന്ന 52 സെന്‍റ് സ്ഥലത്ത് നിര്‍മിക്കാനായിരുന്നു തീരുമാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് സോവിയറ്റ് യൂനിയനിലായിരുന്ന രാമു കാര്യാട്ട് തിരക്ക് കാരണം നിര്‍മാണ ചുമതല മരുമകനായ നടന്‍ ദേവന്‍െറ പിതാവായ ചക്കാമഠത്തില്‍ ശ്രീനിവാസന്‍ വക്കീലിനെ ഏല്‍പിക്കുകയായിരുന്നു.


ഇരുമ്പുകമ്പിയില്‍ വളച്ച് ആര്‍ച്ച് ഉണ്ടാക്കി ഉള്ളില്‍ ദ്വാരമുള്ള ഹുരുഡീസ് ഓട് ഉപയോഗിച്ചായിരുന്നു നിര്‍മാണം.
‘റ’ രൂപത്തില്‍ ഹുരുഡീസ് കോര്‍ത്ത് അടക്കിവെച്ചാണ് സിമന്‍റ് തേച്ച്വെച്ച് ഉറപ്പിച്ചത്. കമ്പിയോ ഇഷ്ടികയോ മറ്റൊന്നും ഉപയോഗിച്ചില്ല. ഇരുമ്പ് ആര്‍ച്ച് പിന്നീട് എടുത്തു മാറ്റി. ഇത്തരത്തില്‍ അഞ്ച് ‘റ’ ആകൃതിയുള്ള വീടാണ് നിര്‍മിച്ചത്. വാതില്‍ ഒഴിച്ച് പൂര്‍ണമായും ഹുരുഡീസ് ഓടിലായിരുന്നു നിര്‍മാണം. കണ്ണൂരില്‍ നിന്ന് ഓടും പണിക്കാരേയും കൊണ്ടുവന്നാണ് പണി പൂര്‍ത്തീകരിച്ചത്. വീട് മനോഹരമാക്കാന്‍ വിവിധ വര്‍ണങ്ങളില്‍ പെയിന്‍റും അടിച്ചു. 1975ല്‍ അവസാനം ആരംഭിച്ച പണി 76ല്‍ പൂര്‍ത്തീകരിച്ചു. അന്ന് വെറും 10,000 രൂപയായിരുന്നു വീടിന് ചെലവായത്.


രാമു കാര്യാട്ടും മാതാവ് കാര്‍ത്യായനിയും കുടുംബവുമായിരുന്നു ഈ അപൂര്‍വ വീട്ടില്‍ താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെ കാര്യാട്ട് വീട് രണ്ടുവര്‍ഷത്തിന് ശേഷം ധര്‍മരാജ് എന്നയാള്‍ക്ക് വില്‍പന നടത്തി. തൊട്ടടുത്ത വര്‍ഷം രാമു കാര്യാട്ട് മരിച്ചു.


വീട് പിന്നീട് വാങ്ങിയവര്‍ മുന്‍വശത്ത് രൂപകല്‍പന ചെയ്തു. വീട് പിന്നീട് കൈമാറി. ഇപ്പോള്‍ പാചക സര്‍വീസുകാര്‍ വാടകക്ക് ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ്. ദേശീയപാത 17ന് സമീപമുള്ള ഈ കൗതുക വീട് കാണാന്‍ പലരും എത്തുന്നുണ്ട്.  വീട് നിര്‍മിച്ച ഹുരുഡീസ് ഓടും പോലും ഇന്ന് കേരളത്തില്‍ ഇല്ലാതായി. നിര്‍മിച്ച പണിക്കാരും നിര്‍മാണ ചുമതലക്കാരും കാര്യാട്ടും മാതാവും ലോകത്തോട് വിട പറഞ്ഞു. എന്നാല്‍, വീട് പഴയ പ്രതാപത്തില്‍ ഇപ്പോഴും നിലകൊള്ളുകയാണ്. ഇതു പോലൊരു വീട് നിര്‍മിക്കാന്‍ പല എന്‍ജിനീയര്‍മാരും പണിക്കാരും ശ്രമം നടത്തുന്നുണ്ട്.


പക്ഷേ ചെലവ് കുറഞ്ഞ വീട് എന്ന ആശയത്തിന്‍െറ മൂര്‍ത്തരൂപമായി റഷ്യയടക്കമുള്ള നാടുകളില്‍ ഇന്നും ‘റ’ വീട് നിലനില്‍ക്കുന്നുണ്ട്. പരമാവധി സ്ഥലം സംരക്ഷിച്ച് നിര്‍മ്മിക്കാന്‍ കഴിയുന്ന ഇത്തരം വീടുകളെ ലാറിബേക്കര്‍ അടക്കമുള്ളവര്‍ പ്രോല്‍സാഹിപ്പിച്ചുരുന്നെിലും എന്തുകൊണ്ടോ വ്യാവസായികമായി ഈ വീടുകള്‍ വളര്‍ന്നുവന്നില്ല. ഊട്ടിമേഖലയിലെ പ്രാക്തന ആദിവാസിസമൂഹമായ തോഡര്‍, പാരമ്പര്യ നിര്‍മ്മാണരീതിവെച്ച് ഇതുപോലുള്ള വീടുകളിലാണ് താമസിക്കുന്നത്.

-വി.എസ്. സുനില്‍ കുമാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.