ഇന്ന് ബോളിവുഡ് ഫാഷൻ ഐക്കൺ ദേവാനന്ദിന്‍റെ നൂറാം ജന്മവാര്‍ഷികദിനം

ഇന്ന് ബോളിവുഡ് ഇതിഹാസ താരം ദേവാനന്ദിന്‍റെ നൂറാം ജന്മവാര്‍ഷികദിനം. വെള്ളിത്തിരയില്‍ എക്കാലവും കത്തിനിന്ന ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്നു ദേവാനന്ദ്. നടൻ, സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച ദേവാനന്ദിന്‍റെ നൂറാം ജന്മവാര്‍ഷികദിനമാണിന്ന്. 1923 സെപ്തംബർ 26ന് പഞ്ചാബിലാണ് ജനിച്ചത്. ധരംദേവ് പിഷോരിമൽ ആനന്ദ് എന്നായിരുന്നു യഥാർത്ഥ പേര്. കരിയറിൽ നൂറിലധികം സിനിമകളിൽ അഭിനയിച്ച ദേവാനന്ദ് വളരെ പെട്ടെന്നാണ് ആരാധകരുടെയും ചലച്ചിത്രമേഖലയിലുള്ളവരുടെയും മനസിൽ ഇടംപിടിച്ചത്.

ചാര്‍ളി ചാപ്ലിന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട നായകന്‍. അത് തന്നെയാണ് ദേവാനന്ദിനെ സിനിമയിൽ എത്തിച്ചതും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിജയിച്ച നടന്മാരില്‍ ഒരാളായിട്ടാണ് ദേവാനന്ദിനെ വിശേഷിപ്പിക്കുന്നത്. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തില്‍ നിരവധി ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍. 2001ല്‍ പദ്മഭൂഷണും 2002ല്‍ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ദേവാനന്ദിനെ തേടിയെത്തി.

ചര്‍ച്ച്‌ഗേറ്റിലെ മിലിട്ടറി സെന്‍സര്‍ ഓഫീസില്‍ 65 രൂപ ശമ്പളത്തോടെയുള്ള ജോലി. അവിടെ നിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. പിന്നീട് ഒരു അക്കൗണ്ടന്‍സി സ്ഥാപനത്തില്‍ ക്ലര്‍ക്കായി. 1946-ലാണ് പ്രഭാത് ഫിലിംസിന്റെ 'ഹം ഏക് ഹേ' എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ 'സിദ്ദി' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെ ആദ്യ ഹിറ്റ് ദേവാനന്ദ് സ്വന്തമാക്കി. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് ദേവാനന്ദിനെ തേടിയെത്തിയത്. 1950-കളില്‍ ബോളിവുഡ് പിന്തുടര്‍ന്ന ബോംബെ നോയര്‍ ചിത്രങ്ങള്‍ക്ക് തുടക്കമിട്ടത് ദേവാനന്ദ് ആയിരുന്നു. ജാല്‍, ടാക്‌സി ഡ്രൈവര്‍, മുനിംജി, സി.ഐ.ഡി, പോക്കറ്റ് മാര്‍, ഫന്തൂഷ്, പേയിങ് ഗസ്റ്റ്, കാലാപാനി തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി വന്നു. ഇതില്‍ കാലാപാനി ചില വിവാദങ്ങള്‍ക്കും വഴിയൊരുക്കി.

മന്‍സില്‍, ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ, ഹം ദോനോ, അസ്ലി-നഖ്‌ലി, തേരേ ഘര്‍ കേ സാമ്‌നേ തുടങ്ങിയ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോ പരിവേഷവും ദേവാനന്ദിന് ലഭിച്ചു. 1965-ല്‍ പുറത്തിറങ്ങിയ '​ഗൈഡ്' ദേവാനന്ദിന്‍റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറി. ആര്‍.കെ. നാരായണന്റെ നോവല്‍ ആസ്പദമാക്കിയെടുത്ത ചിത്രം 38-ാമത് അക്കാദമി പുരസ്‌കാര പട്ടികയിലും ഇടംപിടിച്ചു. 1967-ല്‍ 'ജ്യുവല്‍ തീഫ്' എന്ന ചിത്രത്തിലൂടെ ത്രില്ലറിലും അദ്ദേഹം തന്‍റെ കയ്യൊപ്പ് ചാർത്തി. ആ സിനിമയിലെ സ്റ്റൈൽ പിന്നീട് ട്രെന്‍റ് സെറ്റർ ആവുകയും ചെയ്തു.

70കളിലാണ് ദേവാനന്ദിലെ സംവിധായകനെ ചലച്ചിത്രലോകം അറിയുന്നത്. പ്രേം പൂജാരിയായിരുന്നു സംവിധാനം ചെയ്ത ആദ്യചിത്രം. ഹരേ രാമ ഹരേ കൃഷ്ണ, ഹീരാ പന്നാ, ദേശ് പര്‍ദേശ്, ലൂട്ട്മാര്‍, സ്വാമി ദാദാ, ഹം നൗജവാന്‍ തുടങ്ങിയ ചിത്രങ്ങളും ദേവാനന്ദിന്റെ സംവിധാനത്തിലെത്തി. 2011-ല്‍ പുറത്തിറങ്ങിയ 'ചാര്‍ജ്ഷീറ്റ്' ആയിരുന്നു ദേവാനന്ദിന്റെ അവസാനചിത്രം. 2011 ഡിസംബർ മൂന്നിന് ലണ്ടനിലായിരുന്നു അതുല്യ നടന്‍റെ അന്ത്യം.

70കളുടെ തുടക്കത്തിൽ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടനായിരുന്നു ദേവാനന്ദ്. ബോളിവുഡിന്‍റെ ആദ്യ ഫാഷന്‍ ഐക്കണ്‍, ബോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് ആയ നടന്‍, റൊമാന്റിക് ഹീറോ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ദേവാനന്ദിന് മാത്രം സ്വന്തം. 2007-ല്‍ റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന ആത്മകഥയും അദ്ദേഹം പുറത്തിറക്കി. കഴിഞ്ഞയാഴ്ചയാണ് നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഫിലിം ഫെസ്റ്റിവൽ നടത്തിയത്. 

Tags:    
News Summary - Today is the 100th birth anniversary of Bollywood fashion icon Devanand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.