‘കണ്ണൂർ സക്വാഡ്’ നാലു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന കേസന്വേഷണമാണ്. സിനിമ കണ്ടിറങ്ങിയാൽ ഒരു അഞ്ചാമനും പ്രേക്ഷരുടെ മനസിൽ കയറിക്കൂടും, ടാറ്റാ സുമോ. കിലോമീറ്ററുകളും പ്രതിസന്ധികളും താണ്ടി അന്വേഷണ ഉദ്യോഗസ്ഥരെ ലക്ഷ്യസ്ഥാനത്തിൽ കൊണ്ടെത്തിച്ച ശേഷം അപകടത്തിൽപ്പെടുന്ന വാഹനം സിനിമയിൽ ഒരു കഥാപാത്രം തന്നെയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കേരളത്തിലേക്കു തിരിച്ചുകൊണ്ടുപോരാനാകാതെ തകർന്നുപോയ ടാറ്റാ സുമോ കാണുമ്പോൾ ഉദ്യോഗസ്ഥരുടെ മാത്രമല്ല പ്രേക്ഷരുടെയും മനസിൽ വിങ്ങലുണ്ടാക്കും. ഇത്തരത്തിൽ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നിരവധി വാഹനങ്ങൾ തന്നെ മലയാള സിനിമയിലുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത, പ്രേക്ഷകനെ സ്വാധീനിച്ച വാഹനങ്ങൾ, കഥാപാത്രങ്ങളുടെ സന്തത സഹചാരിയായുള്ള വാഹനങ്ങള്‍. ഗൃഹാതുരത്വമുണർത്തുന്ന ആ വാഹനങ്ങൾ സിനിമയിൽ അത്രയേറെ പ്രാധാന്യമുളളതിനാൽ പ്രേക്ഷർക്ക് താരങ്ങൾ തന്നെയാണ്.


ആടുതോമയുടെ വാഹനം സ്ഫടികമെന്നും ചെകുത്താനെന്നും വിളിപ്പേരുകളുള്ള ആ ലോറി മലയാളിക്ക് മറക്കാൻ പറ്റുമോ. വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്സ് ബസ്, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ലോറി, പുലിമുരുകനിലെ മയില്‍ വാഹനമെന്ന കെഎൽ 5 ബി 7106 നമ്പറുള്ള ലോറി.... അങ്ങനെ ഒട്ടനവധി വാഹനകഥാപാത്രങ്ങൾ. ഈ പറക്കുതളികയിലെ താമരാക്ഷന്‍ പിള്ളയെന്ന ബസ് ആസ്വാദക മനസില്‍ ചിരി പടർത്തി ഇപ്പോഴും ഒടിക്കൊണ്ടിരിക്കുന്നു. ഓര്‍ഡിനറി എന്ന ആനവണ്ടി, സുഖമോ ദേവിയിലെ ബുള്ളറ്റ്, പിന്‍ഗാമിയിലെ ബുള്ളറ്റ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലുള്ള ദുല്‍ഖറിന്‍റെ സന്തതസഹചാരിയായ ബുള്ളറ്റ്, സി.ഐ.ഡി മൂസയിലെ കാര്‍ എന്നിവയും സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ തന്നെയാണ്. ദി കാര്‍ എന്ന ജയറാം ചിത്രത്തില്‍ മുഖ്യകഥാപാത്രം ഒരു കാറു തന്നെയായിരുന്നു.


പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രമായ മിഥുനത്തിൽ നായകന്റെ സന്തത സഹചാരിയായ ഒരു വാനുണ്ട്. ദാക്ഷായണി ബിസ്ക്കറ്റ് എന്നെഴുതിയ മറ്റഡര്‍ വാന്‍. ഉണ്ണികളെ ഒരു കഥ പറയാൻ എന്ന ചിത്രത്തിൽ നായകന്റെയൊപ്പം ഒരു പഴയ കാറുണ്ടായിരുന്നു. ഏയ്‌ ഓട്ടോയിലെ സുന്ദരി എന്ന ഓട്ടോറിക്ഷ പ്രധാനകഥാപാത്രം തന്നെയായിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഹൈവേയിലെ മഞ്ഞനിറമുള്ള ജിപ്സി പ്രേക്ഷകരുടെ മനസിൽ ഇന്നും ഇരമ്പുന്നു.

കൊച്ചി രാജാവിലെ ഓട്ടോ, ഓപ്പറേഷൻ ജാവ, ഒരു വടക്കൻ സെൽഫി, കൂടെ എന്നിവയിലെ വാൻ, ഭ്രമരം ചിത്രത്തിലെ ജീപ്പ്, നരസിംഹത്തിലെ ടോപ്പ്ലെസ്സ് ജീപ്പ്, നമ്പര്‍ 20 മദ്രാസ് മെയിൽ, പാളങ്ങൾ, യാത്രക്കാരുടെ ശ്രദ്ധക്ക്, നാദിയ കൊല്ലപ്പെട്ട രാത്രി തുടങ്ങിയ ചിത്രങ്ങളിലെ ട്രെയിൻ, ബട്ടര്‍ഫ്ലൈസിലെ മോഡിഫൈഡ് ജീപ്പ്, ഉസ്താദിലെ ടെമ്പോ ട്രാവലർ കാരവൻ, ഹിറ്റ്ലറിലെ ബുള്ളറ്റ്, ചിന്താമണി കൊലക്കേസിലെ അംബാസഡർ, ഹൗസ് ഫുൾ എന്ന ചിത്രത്തിലെ സ്കൂട്ടർ എന്നിവയല്ലാം ഓർമകളിലേക്ക് ഗിയർ മാറ്റുന്നു.


ഭീഷ്മപർവം സിനിമയിൽ പഴയ കാലത്തെ അടയാളപ്പെടുത്താനായി ഉപയോഗിച്ച ബെൻസ്, കോണ്ടസ, പ്രീമിയർ പദ്മിനി, മാരുതി 800, രാജ് ദൂത്, കൈനറ്റിക് ഹോണ്ട, ലാൻഡ് ക്രൂസ്നർ, മാരുതി ഒാമ്നി എന്നിവ കഥാപാത്രങ്ങൾക്കൊപ്പം ജ്വലിച്ചു നിന്ന വാഹനങ്ങളാണ്. 72 മോഡൽ സിനിമയിലെ അംബാസിഡർ കാർ, ഉസ്താദ് ഹോട്ടലിലെ മറ്റഡോർ വാൻ, ഈ അടുത്ത കാലത്തെ ബ്രൈറ്റ് യെലോ നാനോ, രാജമാണിക്യത്തിലെ മേഴ്സിഡസ് ബെൻസ്, ബസ് കണ്ടക്ടറിലെ ബസ്.

ചമ്പക്കുളത്തച്ചൻ, തച്ചിലേടത്തു ചുണ്ടൻ എന്നിവയിലെ ബോട്ട്, ഓടയിൽനിന്ന് എന്ന സത്യൻ സിനിമയിലെ റിക്ഷ, ആറാട്ടിലെ വിന്റേജ് മെഴ്‌സിഡസ്, മിന്നാരത്തിൽ നിന്നുള്ള വിന്റേജ് ഫോക്സ്‌വാഗൺ, രാവണപ്രഭുവിൽ കാർത്തികേയന്റെ ടൊയോട്ട പ്രാഡോ തുടങ്ങി സിനികൾക്കൊപ്പം വാഹനങ്ങളും പ്രിയങ്കരമാണ്. ജാവ യെസ്‍ഡി ബൈക്കുകൾ നിരവധി സിനിമകളിൽ പറക്കുന്നതു കാണാം. വൈവിധ്യമാർന്ന ആഢംബരവാഹനങ്ങൾ, വിന്റേജ് വാഹനങ്ങൾ, പുതിയ വാഹനങ്ങൾ എന്നിവയെല്ലാം കഥക്കനുയോജ്യമാംവിധം സംവിധായകർ അവതരിപ്പിച്ച് നമ്മുടെ മനസ്സിൽ കുടിയേറ്റിയിരിക്കുന്നു. ‌‌

Tags:    
News Summary - new and vintage vehicles in malayalam film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.