എക്കാലത്തെയും മികച്ച ഒർജിനൽ തിരക്കഥ: ഇരകൾ

കെ.ജി.ജോർജിന്റെ 1985ലെ സൈക്കോളജിക്കൽ ത്രില്ലറായ ഇരകൾ എന്ന തിരക്കഥയെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒറിജിനൽ തിരക്കഥയായാണ് സിനിമാ നിരൂപകർ വാഴ്ത്തുന്നത്. 38 വർഷങ്ങൾക്കിപ്പുറവും പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ മികവും കൊണ്ട് കാലഘട്ടത്തെ അതിജീവിക്കുന്നു. ഹിംസയുടെ മനഃശാസ്ത്രത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ച ചിത്രം. ഇത്രയേറെ സങ്കീർണവും വെല്ലുവിളി നിറഞ്ഞതുമായ മറ്റൊരു തിരക്കഥ മലയാള സിനിമയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് നിരൂപകർ സാക്ഷ്യപ്പെടുത്തുന്നത്. നവകാലത്തെ തിരക്കഥാകൃത്തുക്കളും സംവിധായകരും ഇതുശരിവെക്കുന്നു. ഒ.ടി.ടി കാലത്തു സൂപ്പർഹിറ്റായ ജോജിയുടെ പ്രചോദനം ഇരകളായിരുന്നു. തിരക്കഥാകൃത്ത് ശ്യംപുഷ്കരനടക്കം ഇരകൾ എക്കാലത്തും പഠനചിത്രം തന്നെയാണ്. ജോർജ്ജ് സ്റ്റോറിബോർഡിലും ഫ്രെയിമിലും ഡീറ്റെയിലിംഗിലും ഒരിഞ്ച് വിട്ടുവീഴ്ച ചെയ്യാത്ത തിരക്കഥാകൃത്താണ്.

പലരും അവതരിപ്പിക്കാൻ മടിക്കുന്ന ധീരമായ കഥകളും കഥാപാത്രങ്ങളുമാണ് തിരക്കഥയിൽ ഉൾപ്പെടുത്തുന്നത്. ഒരു മികച്ച സിനിമ തുടങ്ങുന്നത് നല്ല തിരക്കഥയിൽ നിന്നാണെന്നാണ് ജോർജിന്റെ ഭാഷ്യം. മലയാള സിനിമയിലെ ഏതൊരു സിനിമാ സംവിധായകനും എഴുത്തുകാരനും അവർക്ക് പ്രചോദനമായി അവർ ആദ്യം പറയുന്ന പേര് ജോർജ് ആയിരിക്കും.

വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഇരകൾ മികച്ച നിരൂപക പ്രശംസ നേടി. ആ വർഷത്തെ രണ്ടു സംസ്ഥാന അവാർഡുകളും ചിത്രം നേടി. അക്രമത്തിന്റെ മനഃശാസ്ത്രവും ഒരു കുടുംബത്തിന്റെ ശിഥിലീകരണവും സിനിമയിൽ വരച്ചുകാട്ടുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കേരളത്തിലെ ഒരു ചെറിയ ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം.

കഥാപാത്രങ്ങളുടെ വ്യത്യസ്ത വീക്ഷണങ്ങൾ പറയാനും അസ്വസ്ഥതയും സസ്പെൻസും സൃഷ്ടിക്കാനും ജോർജ് ഒരു നോൺ-ലീനിയർ ആഖ്യാന ഘടനയാണ് ഉപയോഗിച്ചത്. അക്രമത്തിന്റെ സ്വഭാവത്തെക്കുറിച്ചും മനുഷ്യമനസിന്റെ ദുർബലതയെക്കുറിച്ചും കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സിനിമ പറയുന്നു. അക്രമത്തിന്റെ മനഃശാസ്ത്രം, ഒരു കുടുംബത്തിന്റെ ശിഥിലീകരണം, അടിയന്തരാവസ്ഥയുടെ ആഘാതം എന്നിവയുൾപ്പെടെ ഒന്നിലധികം തീമുകൾ ഉപയോഗിച്ച തിരക്കഥയാണിത്. മലയാള സിനിമയിലെ ഒരു ക്ലാസിക്കായി ചിത്രം കണക്കാക്കപ്പെടുന്നു. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യത നേടി. മലയാള സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളെക്കുറിച്ചുള്ള ചർച്ചകളിൽ ഇരകൾ എന്നും ഉയർന്നുവരാറുണ്ട്.

Tags:    
News Summary - K. G. George Best Script

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.