അരോചകമായ തെറിപറച്ചിൽ, ചിതറിയ കഥ -ചട്ടമ്പി റിവ്യൂ

വിയോജിപ്പിന്റെ ഒടുക്കമാണ് തെറി സംഭവിക്കുന്നത്. നീലിച്ചു നിൽക്കുന്ന വികാരത്തിന് മേൽ വാക്കുകൾ അപ്രസക്തമാകും. തെറി ഉണ്ടാകും. അതോടെ സംവാദത്തിന്റെ അവസാന വഴിയും അടയും. അരാഷ്ട്രീയവും അരോജകവുമാണ് തെറിയുടെ ആകെത്തുക. ചിത്രത്തിൻറെ റിയലിസത്തിന് തെറി കൂടിയേ മതിയാകൂ എന്ന ചിന്തയാണ് ഇവിടുത്തെ അപകടം. അതായത് തെറി വിളിക്കാനെ പാടില്ല എന്നു പറയാനല്ല ശ്രമിക്കുന്നത്. കൂടുതൽ നന്നാക്കാവുന്ന ഷോർട്ടുകളാണ് 'ചട്ടമ്പി'യിൽ തെറികാരണം അരോചകമാകുന്നത്.

കേരളത്തിന്റെയും തമിഴ്നാടിന്റേയും അതിർത്തി പ്രദേശമായ കൂട്ടാർ എന്ന മലയോര ഗ്രാമമാണ് കഥാപശ്ചാത്തലം. തൊണ്ണൂറുകളെ ഭംഗിയായി അവതരിപ്പിക്കാൻ ചിത്രത്തിനായിട്ടുണ്ട്. എന്നാൽ ഒരേ മനോഭാവമുള്ള കഥാപാത്രങ്ങളാണ് ഭൂരിഭാഗവും. സാധാരണ ഗ്രാമീണ ജീവിതം എവിടെയും ദൃശ്യമല്ല. പലകാരണത്താൽ അവഗണിക്കപ്പെട്ട കുറെയേറെ മനുഷ്യർ. അവരുടെ പച്ചയായ ജീവിതം. പലവഴികളിലൂടെ തിരിയുന്ന കഥ ഒടുവിൽ ഒന്നിലേക്ക് എത്തിപ്പെടുന്നു. കഥയുടെ പോക്കിൽ പ്രവചിക്കാനാവാത്ത ഒന്നുമില്ല. എല്ലാം സ്വാഭാവികം. അപ്പോഴൊക്കെ നിഴലിച്ചു നിൽക്കുന്നത് അസ്ഥാനത്തുള്ള തെറിയാണ്.

പലിശയ്ക്ക് പണം കൊടുക്കുന്ന മുട്ടാട്ടിൽ ജോണും ചട്ടമ്പിയായ കറിയയുമാണ് പ്രധാന കഥാപാത്രങ്ങൾ. അവർക്കിടയിലെ അസ്വസ്ഥതകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ജോണിന്റെ പലിശ പിരിവുകാരാണ് കറിയയും ബേബിയും. കറിയയെപോലെ മനസാക്ഷി ഇല്ലാത്തവനല്ല ബേബി. കുടുംബവും വിശ്വാസവുമുള്ള ഒരാൾ. ചട്ടമ്പിയായ കറിയയായി എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. പലപ്പോഴും എടുത്താൽ പൊങ്ങാത്ത വേഷമായി അനുഭവപ്പെടുന്നുണ്ട്. എങ്കിലും കഥാപാത്രത്തിന്റെ പൂർണതക്കായി ശ്രീനാഥ് നടത്തിയ ശ്രമം കൈയടി അർഹിക്കുന്നു.


അമ്മയെ ദ്രോഹിക്കുന്ന അപ്പനെ തല്ലിയാണ് കറിയയുടെ അരാചകജീവിതത്തിന്റെ തുടക്കം. പിന്നീടങ്ങോട്ടാണ് മനുഷ്യത്വരഹിതമായ അധ്യായം തുറക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ സംഘർഷങ്ങൾ. പണത്തിനും മദ്യത്തിനുമായി എന്തും ചെയ്യുന്ന ആളായി കറിയ രൂപപ്പെട്ടു. അത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ആളാണ് ജോൺ. ചെമ്പൻ വിനോദാണ് ജോണിന് ജീവൻ നൽകിയത്. കഥാപാത്രത്തോട് നീതി പുലർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് തിയറ്ററിലെ കൈയടികൾ അടിവരയിടും. അമ്മയോടുള്ള സ്നേഹം പോലും പ്രകടിപ്പിക്കാത്ത കറിയക്ക് ജോണും പ്രിയപ്പെട്ടവനാണ്. ജോണിന്റെ അവഗണനയാണ് കഥയുടെ കാമ്പ്.

ബിനു പപ്പന്റെ ബേബിയും ഗ്രേസ് ആന്റണിയുടെ സിസിലിയും ഒരുപോലെ മികച്ചുനിന്നു. സിസിലിയെ അസാമാന്യ കൈയടക്കത്തോടെയാണ് ഗ്രേസ് സ്ക്രീനിലെത്തിച്ചത്. മലയാള സിനിമ വരും കാലങ്ങളിൽ അടയാളപ്പെടുത്തുന്ന ഒരു പ്രതിഭയാണ് അവർ എന്നു വീണ്ടും വ്യക്തമാക്കുന്നുണ്ട് ആ പ്രകടനം. മുനിയാണ്ടിയായി വന്ന ഗുരു സോമസുന്ദരവും മൈഥിലിയുടെ രാജിയും പ്രത്യേകം എടുത്തു പറയേണ്ടതാണ്. പുതുമുഖങ്ങളും കഥാപാത്രത്തോട് നീതി പുലർത്തുന്ന പ്രകടനമാണ്. അന്നത്തെ കാലവും ഇടവും ഓരോ പ്രതിഭയും നെഞ്ചിൽ ഉൾക്കൊണ്ടാണ് ക്യാമറക്ക് മുന്നിൽ നിന്നത്. ഓരോ ഷോർട്ടിലും അത് വ്യക്തമാണ്.

തിരക്കഥയും ഛായഗ്രഹണവും അലക്‌സ് ജോസഫാണ്. അഭിലാഷ് എസ് കുമാറാണ് സംവിധാനം.
കഥ പലയിടത്തും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്. നിശബ്ദതയുടെ നീറ്റലോ വേദനയോ പലപ്പോഴും അനുഭവപ്പെട്ടില്ല. തീർച്ചയായും കണ്ടിരിക്കേണ്ട പടമാണ് 'ചട്ടമ്പി' എന്ന് ആലോചനക്ക് ശേഷം തീരുമാനിക്കാവുന്ന ഒന്നാണ്.

തീയറ്ററിൽ കേട്ടത്: വിവാദമായ അഭിമുഖങ്ങൾ കണ്ടപ്പോൾ കറിയ എന്ന കഥാപാത്രം ശ്രീനാഥിന് അനായസമാണെന്ന് അനുഭവപ്പെടും. തെറി സമൂഹത്തെ പിറകോട്ടടിക്കും ഭായ്.

Tags:    
News Summary - chattambi movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT