ഏപ്രിൽ 10 ന് അല്ല; പൃഥ്വിരാജിന്റെ ആടുജീവിതം മാർച്ചിൽ

ലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്തും. നേരത്തെ 2024 ഏപ്രിൽ 10 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം നേരത്തെ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ലോക മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച പോസ്റ്ററിലാണ് ചിത്രത്തിന്റെ പുതിയ റിലീസിങ് തീയതി പുറത്തുവിട്ടിരിക്കുന്നത്. 'വായനയുടെ 16 വർഷങ്ങൾ, ദൃശ്യഭാഷയ്ക്ക് 10 വർഷങ്ങൾ, 6 വർഷം നീണ്ട ചിത്രീകരണം. കാത്തിരിപ്പിന് നീളം കുറയുന്നു. മാർച്ച് 28-ന് ലോകമെമ്പാടും തിയറ്ററുകളിൽ  എത്തും- എന്നാണ് പോസ്റ്ററിൽ പറയുന്നത്.

മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു മുഖ്യ ഭാഗവും ചിത്രീകരിച്ചത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. അമല പോളാണ് നായിക. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.



Tags:    
News Summary - Prithviraj Sukumaran s Aadujeevitham to arrive in March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.