കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആന്റണി വർഗീസ് ചിത്രം ‘കാട്ടാളൻ’ റിലീസിന് ഒരുങ്ങി. ‘A for Action’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മെയ് 28ന് ലോകമെമ്പാടും റിലീസ് ചെയ്യും.
‘മാർക്കോ’ എന്ന ചിത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിൽ പുതിയ തരംഗം സൃഷ്ടിച്ച നിർമാണ കമ്പനിയാണ് ക്യൂബ്സ് എന്റർടൈൻമെന്റ്. യുവതലമുറയെ ആവേശത്തിലാഴ്ത്തുന്ന അതിശക്തമായ ആക്ഷൻ മാമാങ്കം തന്നെയാണ് ‘കാട്ടാളൻ’ എന്ന ചിത്രത്തിലൂടെയും അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
മൃഗങ്ങൾക്ക് വലിയ പ്രാധാന്യമുള്ള സിനിമയാണ് കാട്ടാളൻ. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസികമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആനയെ തളച്ച്, അതിന്റെ മസ്തകം വെട്ടിപ്പിളർന്ന് പോരാടുന്ന ആന്റണി പെപ്പെയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പ്രീ-പ്രൊഡക്ഷൻ മുതൽ പോസ്റ്റ്-പ്രൊഡക്ഷൻ വരെ ഒരു വർഷത്തിലധികം നീണ്ട കഠിനമായ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നുണ്ട്. കെ.ജി.എഫ്, സലാർ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യൻ സംഗീത ലോകത്ത് മാസ്മരിക തരംഗം തീർത്ത രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെമ്പാഡ്കെ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമ ഇടുക്കി, തേനി, മുംബൈ, പൂനെ, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയാക്കിയത്. തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ പോന്ന നിരവധി വഴിത്തിരിവുകളും ദൃശ്യവിസ്മയങ്ങളും ചിത്രത്തിലുണ്ടാവുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.
ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകാൻ പോകുന്ന ചിത്രത്തിൽ മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. കബീർ ദുഹാൻ സിങ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ധിഖ്, രാജ്കിരൺ ദാസ്, ഷോൺ ജോ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രമുഖ താരങ്ങളായ ഹനാൻ ഷാ, റാപ്പർ ജിനി, തമിഴ് താരം പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ വലിയൊരു നിര തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഭാഷണം- ഉണ്ണി ആർ, ഗാനങ്ങൾ- വിനായക് ശശികുമാർ, സുഹൈൽ കോയ, ഛായാഗ്രഹണം- രണദിവ്, എഡിറ്റിങ്- ഷമീർ മുഹമ്മദ്, കലാസംവിധാനം- സുനിൽ ദാസ്, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ- ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ്- അമൽ സി. സദർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ, പി.ആർ.ഒ- വാഴൂർ ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.