ബോക്സ് ഓഫീസിൽ 'പേട്രിയറ്റ്' തരംഗം: അഡ്വാൻസ് ബുക്കിങ്ങിൽ പത്ത് കോടി കടന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം റെക്കോർഡ് ഓപ്പണിങ്ങിലേക്ക്

 മലയാള സിനിമയിലെ ഇതിഹാസങ്ങൾ ഒന്നിക്കുന്ന 'പേട്രിയറ്റ്' റിലീസിന് മുന്നേ തന്നെ ചരിത്രം കുറിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ ആഗോളതലത്തിൽ പത്ത് കോടി രൂപയുടെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം സ്വന്തമാക്കി. കേരളത്തിൽ മാത്രം 3.50 കോടി രൂപയുടെ പ്രീ-സെയിൽസ് നടന്നതായാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച രാത്രി 10 മണി വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. റിലീസിന് ഇനിയും ഒരു ദിവസം കൂടി ബാക്കിനിൽക്കെ അഡ്വാൻസ് ബുക്കിങ് ഇരട്ടിയായി വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ ട്രെൻഡ് അനുസരിച്ച് ആഗോളതലത്തിൽ ആദ്യദിനം 25 കോടി രൂപ വരെ ചിത്രം സ്വന്തമാക്കിയേക്കാം. അങ്ങനെ സംഭവിച്ചാൽ 'എമ്പുരാന്' ശേഷം മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ്ങാകും ഇത്. കേരളത്തിൽ എട്ടു കോടി രൂപയുടെ ഗ്രോസ് കളക്ഷനും ആദ്യദിനം പ്രതീക്ഷിക്കുന്നുണ്ട്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ഈ വർഷത്തെ ഏറ്റവും വലിയ മലയാള ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 'ലോക ചാപ്റ്റർ വൺ', 'തുടരും', 'വാഴ 2' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ റെക്കോർഡുകൾക്ക് പേട്രിയറ്റ് വലിയ വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.

ആരാധകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം മികച്ച അഭിപ്രായം നേടിയാൽ മലയാള സിനിമയിലെ സർവ്വകാല റെക്കോർഡുകളും വഴിമാറുമെന്നാണ് ബോക്സ് ഓഫീസ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. റിലീസ് ദിനത്തിലെ ആദ്യ ഷോകൾക്ക് ശേഷമുള്ള പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. 

Tags:    
News Summary - Patriot Worldwide Advance Booking: Mammootty & Mohanlal starrer grosses Rs 10 crore mark in pre-sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.