ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം, ഇല്ലെങ്കിൽ ഭാവി കേരളം സർക്കാറിന് മാപ്പ് നൽകില്ല -ടി. പത്മനാഭൻ

തിരുവനന്തപുരം: സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളും പ​ഠി​ക്കാൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ഹേ​മ കമ്മിറ്റിയുടെ റിപ്പോട്ട് പുറത്തുവിടണമെന്ന് സാഹിത്യകാരൻ ടി. പത്മനാഭൻ. അല്ലെങ്കിൽ ഭാവി കേരളം സർക്കാറിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരടക്കമുള്ള വേദിയെ സാക്ഷിനിർത്തിയാണ് ടി. പത്മനാഭൻ സർക്കാറിനെ വിമർശിച്ചത്.

'ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന വേദിയിലേക്ക് അപരാജിതയായ പെൺകുട്ടിയെ ആനയിച്ചത് അത്ഭുതത്തോടെയാണ് കണ്ടത്. നിലക്കാത്ത ​കരഘോഷമാണ് അതിന് ലഭിച്ചത്. ഇത്തവണത്തേത് സ്ത്രീകളുടെ വിജയം ഉത്ഘോഷിക്കുന്ന ചലച്ചി​ത്രോത്സവമാണ്. നടിയെ ആക്രമിച്ച കേസിൽ തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെട്ടേ പറ്റൂ. എത്ര വലിയവരായാലും ഒരുവിധത്തിലുള്ള ദാക്ഷിണ്യത്തിനും അവർ അർഹരാകുന്നില്ല.

തൊഴിലിടങ്ങളിൽ സ​ത്രീകളുടെ സുരക്ഷ സംബന്ധിച്ച് നാം കൂടുതൽ മുന്നോട്ടുപോകേണ്ടതുണ്ട്. സിനിമയുടെ വിവിധ മേഖലകളിൽ പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ട്. നടിയെ ആക്രമിച്ച കേസിന് ശേഷം സർക്കാർ കമ്മിറ്റിയെ നിയമിച്ചിരുന്നു. രണ്ട് കോടിയിലേറെ രൂപയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് വേണ്ടി ചെലവഴിച്ചത്. അവരുടെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, അത് ഇനിയും വെളിച്ചം കണ്ടിട്ടില്ല. ഇതിലും വലിയ ദുർഘടങ്ങളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത സർക്കാറാണ് ഇവിടെയുള്ളത്. സർക്കാർ വിചാരിച്ചാൽ തരണം ചെയ്യാൻ കഴിയാത്ത അത്ര വലിയ കടമ്പയാണിതെന്ന് കരുതുന്നില്ല.

നമ്മുടെ നാട്ടിൽ ഏതാനും ദിവസം മുമ്പുവരെ നിയമവേദികളിൽ വൃത്തികെട്ട ഏർപ്പാട് ഉണ്ടായിരുന്നു. ഒരു വ്യക്തിയെ ശിക്ഷിക്കണമെങ്കിൽ അവൻ രാജ്യദ്രോഹം ചെയ്തുവെന്ന് പറഞ്ഞാൽ മതി. അതിന് തെളിവ് നിങ്ങൾ ഹാജരാക്കേണ്ട. മുദ്രവെച്ച കവറിൽ നല്ലതുപോലെ സീൽ വെച്ച കവറിൽ ജഡ്ജിക്ക് കൊടുക്കുക. താൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് പ്രതി അറിയുന്നില്ല. പ്രതിയുടെ വക്കീൽ അറിയുന്നില്ല, ലോകം അറിയുന്നില്ല. ചേമ്പറിന്റെ ഏകാന്തതയിൽ ജഡ്ജി വായിച്ചുനോക്കുന്നു എന്നാണ് പറയുന്നത്. അതും ചെയ്യുന്നുണ്ടോ എന്ന് നമുക്ക് അറിയില്ല. ഒടുവിൽ കേന്ദ്ര സർക്കാറിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, ഈ വൃത്തികെട്ട ഏർപ്പാടിനെ സുപ്രീംകോടതി എതിർത്തിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.

അങ്ങനെയുള്ള ഈ കാലത്ത് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇനിയും വെളിച്ചം കാണാതെ വെക്കേണ്ട ആവശ്യമില്ല. ഇത് ചെയ്തില്ലെങ്കിൽ ഭാവി കേരളം നിങ്ങൾക്ക് മാപ്പ് തരില്ല. സമയം നഷ്ടപ്പെടുകയാണ്. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യണം. റിപ്പോർട്ടിൽ പറഞ്ഞത് നടപ്പാക്കണം. കുറ്റവാളികളെ വെളിച്ചത്തിൽ കൊണ്ടുവന്ന് നല്ല ശിക്ഷ നൽകണം' -ടി. പത്മനാഭൻ പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ സദസ്സ് സ്വീകരിച്ചത്. 

അതേസമയം, ഹേമ കമ്മിറ്റിയുടെയും അടൂർ ഗോപാലകൃഷ്ണൻ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ പ്രത്യേക നിയമം സംസ്ഥാന സർക്കാർ നടപ്പാക്കുമെന്നും അതിന്‍റെ കരട് പൂർത്തിയായതായും സാംസ്കാരിക മന്ത്രി സജി ചെറിയാൻ വേദിയിൽ അറിയിച്ചു. 

Tags:    
News Summary - Hema Committee report should be released, otherwise future Kerala government will not be pardoned -T. Padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.