ഹോളിവുഡ് നടൻ പാട്രിക് മുൾഡൂൺ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കാലിഫോർണിയ: ഹോളിവുഡ് നടനും നിർമാതാവുമായ പാട്രിക് മുൾഡൂൺ അന്തരിച്ചു. 57വയസ്സായിരുന്നു. കാലിഫോർണിയയിലെ ബേവർലി ഹിൽസിലായിരുന്നു അന്ത്യം. കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് കുടുംബം അറിയിച്ചു.

ടെലിവിഷൻ പരമ്പരയായ ‘ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സി’ലൂടെയും സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ് സിനിമയിലൂടെയും ശ്രദ്ധേയനായ നടനാണ് പാട്രിക്. രാവിലെ പെൺസുഹൃത്തിനൊപ്പം കാപ്പി കഴിച്ച ശേഷം കുളിക്കാൻ പോയതായിരുന്നു പാട്രിക്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ പെൺസുഹൃത്ത് മിറിയം റോത്ത്ബാർട് നോക്കിയപ്പോൾ കുളിമുറിയിലെ തറയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നുവെന്ന് പാട്രികിന്റെ സഹോദരി ഷാന മുൾഡൂൺ പറഞ്ഞു. ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആരോഗ്യപ്രവർത്തകർ സ്ഥിരീകരിച്ചു.

1992 മുതൽ 95വരെയും 2011- 12 കാലങ്ങളിലും ഡെയ്‌സ് ഓഫ് അവർ ലൈഫ്‌സിലെ ഓസ്റ്റിൻ റീഡ് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. 1990കളിൽ ടെലിവിഷൻ മേഖലയിൽ ഏറ്റവും അറിയപ്പെടുന്ന നടനായി പാട്രിക് മാറി. വിവിധ ഷോകളിലൂടെ നിരവധി ആരാധകരെയും അദ്ദേഹം നേടിയെടുത്തു.

1968 സെപ്റ്റംബർ 27 ന് കാലിഫോർണിയയിലെ സാൻ പെഡ്രോയിലാണ് പാട്രികിന്റെ ജനനം. കോളജിൽ പഠിക്കുമ്പോൾ തന്നെ ‘ഹൂസ് ദി ബോസ്’ പരമ്പരയിലൂടെ അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചു. തുടർന്ന് കോളജ് പഠനം പൂർത്തിയാക്കി മുഴുവൻ സമയം അഭിനയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.

1997ലാണ് പോൾ വെർഹോവൻ സംവിധാനം ചെയ്ത സ്റ്റാർഷിപ്പ് ട്രൂപ്പേഴ്‌സ് സിനിമയിൽ സാൻഡർ ബാർകാലോ എന്ന കഥാപാത്രത്തെ പാട്രിക് അവതരിപ്പിക്കുന്നത്. ഈ സയൻസ് ഫിക്ഷൻ ചിത്രം പിന്നീട് ആരാധകരെ നേടിയെടുത്തിരുന്നു. ​ പരമ്പരകളിലും ചലച്ചിത്രങ്ങളിലുമായി നൂറിലേറെ കഥാപാത്രങ്ങളെയാണ് അദ്ദേഹം സ്ക്രീനിൽ അവതരിപ്പിച്ചത്.

Tags:    
News Summary - Actor Patrick Muldoon Dies at 57

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.