375 വോട്ടുകൾ എണ്ണിയില്ലെന്ന്​; പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥി കോടതിയിലേക്ക്​

മലപ്പുറം: 38 വോട്ടിന്​ യൂത്ത്​ ലീഗ്​ നേതാവ്​ നജീബ്​ കാന്തപുരത്തിനോട്​ അടിയറവ്​ പറഞ്ഞ പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥി കെ.പി. മുഹമ്മദ്​ മുസ്​തഫ നിയമപോരാട്ടത്തിന്​.

പ്രായമായവരുടെ വിഭാഗത്തിൽപെട്ടുന്ന 375 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്ന പരാതിയുമായാണ്​ അദ്ദേഹം കോടതിയെ സമീപിക്കുന്നത്​. കവറിന്​ പുറത്ത്​ സീൽ ഇല്ലെന്നായിരുന്നു എണ്ണാതിരിക്കാനുള്ള ഉദ്യോഗസ്​ഥരുടെ വിശദീകരണം. സീൽ ചെയ്യേണ്ടത്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ ഉദ്യോഗസ്​ഥരാണ്​. ഇവർ മനഃപൂർവം സീൽ ചെയ്യാതിരുന്നതാണോയെന്ന്​ സംശയമുണ്ടെന്നും മുസ്​തഫ ആരോപിക്കുന്നു.

അങ്ങേയറ്റം വാശിയേറിയ മത്സരത്തിൽ അവസാനനിമിഷമാണ്​ മുസ്​തഫ പരാജയപ്പെടുന്നത്​. ഒരുഘട്ടത്തിൽ എൽ.ഡി.എഫ്​ സ്​ഥാനാർഥി വിജയിച്ചുവെന്ന പ്രചാരണം വരെ വന്നിരുന്നു.

2016ൽ മഞ്ഞളാംകുഴി അലിയും വി. ശശികുമാറും തമ്മിൽ നടന്ന വീറും വാശിയും ഇത്തവണയും പെരിന്തൽമണ്ണയിൽ ഉണ്ടായി. 2016ൽ 579 വോട്ടിനാണ് അലി വിജയിച്ചത്. ഇത്തവണ 2,17,959 വോട്ടാണ്​ മണ്ഡലത്തിൽ. 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11,393 വോട്ട് ഇത്തവണ അധികം പെട്ടിയിൽ വീണിട്ടുണ്ട്. ഇത് അധികവും പുതിയ വോട്ടാണ്.

മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാറോ മുൻ നഗരസഭാ അധ്യക്ഷൻ എം. മുഹമ്മദ് സലീമോ ആണ് സ്ഥാനാർഥികളാവുകയെന്നാണ് സി.പി.എം അണികളിൽ തുടക്കം മുതലുണ്ടായിരുന്ന ധാരണ. ഇത് തകിടം മറിച്ചാണ് വ്യവസായി കൂടിയായ മുൻ ലീഗ്കാരൻ കെ.പി.എം. മുസ്തഫയെ സ്ഥാനാർഥിയാക്കിയത്.

സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ഇടത് ക്യാമ്പ് ഏറെ നിരാശയിലുമായിരുന്നു. ഇതിനിടയിലും സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷ നിലനിന്നതിനാൽ ആ ഒാളത്തിൽ പെരിന്തൽമണ്ണയിൽ അട്ടിമറി വിജയം വേടുമെന്നാണ് സി.പി.എം പ്രതീക്ഷിച്ചിരുന്നത്.

അതേസമയം, കെ.പി. മുഹമ്മദ്​ മുസ്​തഫയുടെ മൂന്ന്​ അപരാൻമാർ ചേർന്ന്​ പിടിച്ചത്​ 1972​ വോട്ടാണ്​. അപരൻമാരുടെ ഈ 'ചതി'യും എൽ.ഡി.എഫിന്​​ പാരയായി. നജീബ്​ കാന്തപുരത്തിന്‍റെ അപരന് 828 വോട്ടാണ്​ ലഭിച്ചത്​.

Tags:    
News Summary - 375 votes not counted; LDF candidate in Perinthalmanna goes to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.