അട്ടിമറിയും അദ്‌ഭുതങ്ങളുമില്ല; പട്ടാമ്പിയിൽ വിജയം ആവർത്തിച്ച് മുഹ്‌സിൻ

പട്ടാമ്പി: പുതുമയോടെയുള്ള ആദ്യവരവിൽ സിറ്റിങ് എം.എൽ.എ സി.പി. മുഹമ്മദിനെ അടിയറവ് പറയിച്ച് അദ്‌ഭുത വിജയം കൊയ്ത മുഹമ്മദ് മുഹ്‌സിന്‍റെ മുന്നിൽ അദ്‌ഭുതങ്ങൾ വഴി മാറിയിരുന്നു. ഇത്തവണ, എൽ.ഡി.എഫിന്​ പ്രതീക്ഷിത വിജയം സമ്മാനിച്ച് യുവ എം.എൽ.എ പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ചു. റിയാസ്​ മുക്കോളിയെ 17,974 വോട്ടുകൾക്ക്​ നിലംപരിശാക്കിയാണ്​ മുഹ്​സിന്‍റെ മിന്നുന്ന ജയം. യു.ഡി.എഫിന്‍റെ അട്ടിമറി പ്രതീക്ഷകളെ തകർത്ത് വോട്ടർമാർ എം.എൽ.എയ്ക്കുള്ള പിന്തുണ അരക്കിട്ടുറപ്പിച്ചു.

മണ്ഡലത്തിലാകെ മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016ന്‍റെ തനിയാവർത്തനമായി. ലീഗിന് ശക്തമായ അടിവേരുള്ള തിരുവേഗപ്പുറയിൽ മൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം കണക്ക് കൂട്ടിയാണ് യു.ഡി.എഫ് മണ്ഡലം പിടിച്ചടക്കാമെന്ന് സ്വപ്നം നെയ്തത്. ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ലീഡ് നൽകി കൂടെ നിൽക്കുമെന്നും കൊപ്പത്തും കുലുക്കല്ലൂരും സമനില പാലിക്കാമെന്നുമുള്ള യു.ഡി.എഫ് പ്രതീക്ഷയെ അസ്ഥാനത്താക്കിയാണ് മുഹമ്മദ് മുഹ്സിൻ മുന്നേറിയത്.

സർക്കാറിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും എം.എൽ.എയുടെ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളും വെല്ലുവിളികൾ അതിജീവിക്കാൻ മുഹമ്മദ് മുഹ്‌സിന് സഹായകമായി. സ്ഥാനാർഥി നിർണയവും മണ്ഡലത്തിന് വേണ്ടിയുള്ള ലീഗ് അവകാശവാദവും മന്ദീഭവിപ്പിച്ച യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനവും തുടക്കത്തിൽ പ്രചാരണത്തിൽ ഏറെ മുന്നിലെത്താൻ മുഹ്​സിന്​ തുണയായിരുന്നു. 

Tags:    
News Summary - pattambi assembly election result 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.