തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണവുമായി കോൺഗ്രസ്. ബംഗളൂരു കോറമംഗലയിലുള്ള കോടികൾ വിലമതിക്കുന്ന വസതിയുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
കോറമംഗല മൂന്നാം ബ്ലോക്കിലെ 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബംഗ്ലാവിന്‍റെ നികുതി അടച്ച രസീതുകളുടെ പകർപ്പും കോൺഗ്രസ് പുറത്തുവിട്ടു. മാർച്ച് 17ന് നികുതി അടച്ചതിന്റെ രേഖകളാണ് പരിശോധനയ്ക്കായി പങ്കുവെച്ചിരിക്കുന്നത്. 1.07 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്വത്തിന് ഏകദേശം 200 കോടി രൂപ വിലമതിക്കുമെന്നും 2024ലെ സത്യവാങ്മൂലത്തിൽ ഇതേ വിലാസം തന്നെയാണ് അദ്ദേഹം വസതിയായി നൽകിയിട്ടുള്ളതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ശതകോടീശ്വരനായ ബിസിനസുകാരനായിട്ടും സ്വന്തമായി വീടോ വാഹനമോ ഇല്ലെന്ന് സത്യവാങ്മൂലത്തിൽ കാണിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിക്കലാണെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം സ്ഥാനാർഥിയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.