ക​ഴി​ഞ്ഞ ക​ട​ലേ​റ്റ​ത്തി​ല്‍ ത​ക​ര്‍ന്ന വീ​ട്​ (ഫയൽ ചിത്രം)

കാലവർഷം അരികിലെത്തിയാൽ പുറക്കാട് തീരത്ത് ആശങ്ക

അമ്പലപ്പുഴ: കാലവർഷം അടുക്കുംതോറും പുറക്കാട് തീരദേശവാസികൾ ആശങ്കയിൽ. ഓരോ കാലവർഷത്തിലും നൂറുകണക്കിന് വീടുകൾ കടൽ വിഴുങ്ങുമ്പോഴും ആശ്വാസത്തിന്‍റെ കൈത്തലോടലുമായി അധികൃതർ എത്തുമെങ്കിലും ആരവം കെട്ടടങ്ങുന്നതോടെ വാഗ്ദാനങ്ങൾ പാഴ്വാക്കിലൊതുങ്ങുകയാണ് പതിവ്. കിടപ്പാടം നഷ്ടപ്പെട്ട് ഇന്നും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവരും വാടകക്ക് വീടെടുത്ത് മാറിയവരും നിരവധിപേരാണ്. ഇതിനുപുറമെയാണ് പുറക്കാട് തീരത്തെ 250ലധികം കുടുംബങ്ങൾ ആശങ്കയിൽ കഴിയുന്നത്. ഓരോ കാലവർഷത്തിലും വീടുകൾ പലതും കടൽ തട്ടിയെടുക്കുമ്പോഴും ഇനിയൊരു ദുരന്തം ഉണ്ടാകരുതെന്ന പ്രാർഥനയിലാണിവർ. അധികൃതരുടെ മൗനവും ഇതിന് കാരണമാണ്.

പുറക്കാട് പഞ്ചായത്ത് 11ാം വാർഡിൽ പുനർഗേഹം പദ്ധതി പ്രകാരം തീരദേശവാസികൾക്കായി ഫ്ലാറ്റ് സമുച്ചയം ഉയർന്നുവരുകയാണ്. ഇരുനിലകളിലായി നിർമാണം പൂർത്തിയായിവരുന്ന കെട്ടിടത്തിൽ 200 കുടുംബങ്ങൾക്കായാണ് കിടപ്പാടം ഒരുങ്ങുന്നത്. നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തിവരുന്ന കെട്ടിടം പൂർത്തിയായാലും ബാക്കിവരുന്ന കുടുംബങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലാണ്. ഇവർക്ക് സ്ഥലം കണ്ടെത്തി വീട് നിർമിക്കാൻ 10 ലക്ഷം രൂപ നൽകാമെന്നാണ് അധികൃതർ പറയുന്നത്. മൂന്നുസെന്റ് സ്ഥലം വാങ്ങി വീടുവെക്കാനാണ് ഈ തുക നൽകുന്നത്. എന്നാൽ, തുക അപര്യാപ്തമാണെന്ന കാരണത്താൽ വീട് ഒഴിയാൻ ആരും തയാറായിട്ടില്ല.

തോട്ടപ്പള്ളി ഹാർബറിന്റെ അശാസ്ത്രീയ നിർമാണമാണ് കടലാക്രമണ ഭീഷണി നേരിടേണ്ടി വന്നതെന്നാണ് തീരദേശവാസികൾ പറയുന്നത്. ശക്തമായ തിരമാലയിൽ തോട്ടപ്പള്ളി മുതൽ പുറക്കാട് പുത്തൻനടവരെയുള്ള തീരത്തുനിന്ന് മണലെടുത്ത് പോകുന്നതാണ് തീരദേശവാസികൾ നേരിടുന്ന വെല്ലുവിളി. ഇടവിട്ടുള്ള പുലിമുട്ട് നിർമാണമാണ് ശാശ്വത പരിഹാരം. എന്നാൽ, തോട്ടപ്പള്ളി നിവാസികൾക്ക് ഇതിനുള്ള വഴിതെളിഞ്ഞിട്ടില്ലെന്നതാണ് ഏറെ ആശങ്ക ഉയർത്തുന്നത്. നിലവിലുള്ള ഹാർബറിന്റെ വടക്കുഭാഗത്തായി 300 മീ. മാറി 750 മീ. നീളത്തിൽ പുലിമുട്ട് നിർമിച്ചാൽ പുറക്കാട് തീരവാസികൾ നേരിടുന്ന കടലേറ്റ ഭീഷണിക്ക് പരിഹാരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഇതിനുള്ള നടപടികളായിട്ടില്ല. അടുത്ത കാലവർഷത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴും തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ നടപടികളില്ല.

Tags:    
News Summary - Concern on Purakkad coast when monsoon approaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.