പുഷ്‌കര്‍ സിങ് ധാമി, ഹരീഷ് റാവത്ത്

ഉത്തരാഖണ്ഡ് ഭരിക്കും, വേറെ മുഖ്യമന്ത്രി

ന്യൂഡൽഹി: ഭരണവിരുദ്ധ വികാരവും ആഭ്യന്തര കലഹവും മറികടന്ന് ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ച നിലനിർത്താനായെങ്കിലും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ തോൽവി ബി.ജെ.പിയുടെ ആഘോഷത്തിന് മങ്ങലേൽപിച്ചു. മുതിർന്ന നേതാക്കൾക്കിടയിൽ വിഭാഗീയത രൂക്ഷമായിരിക്കെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചർച്ച സജീവമായി.

ഇരുപാർട്ടികൾക്കും തുല്യസാധ്യത കൽപിക്കപ്പെട്ടിരുന്ന സംസ്ഥാനം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പ്രചാരണം നയിച്ച മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനും വിജയിക്കാനായില്ല. 22 വര്‍ഷം മുമ്പ് ഉത്തരാഞ്ചലില്‍നിന്നു വേര്‍പെടുത്തി രൂപവത്കരിച്ച ഉത്തരാഖണ്ഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണത്തുടർച്ച. ഹരിദ്വാർ, ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, നൈനിറ്റാൾ, മസൂറി തുടങ്ങി പ്രധാന മണ്ഡലങ്ങളിലെല്ലാം ബി.ജെ.പിക്ക് ജയിക്കാനായി.

എണ്ണിപ്പറയാൻ വലിയ ഭരണ നേട്ടങ്ങളൊന്നുമില്ലാതിരുന്ന ബി.ജെ.പി ആത്മീയ തീർഥാടനം, ലവ് ജിഹാദ്, ജനസംഖ്യ രീതിയിൽ മാറ്റം വരാതിരിക്കാനുള്ള നടപടി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനായി അടിക്കടി മുഖ്യമന്ത്രിമാറ്റം ബി.ജെ.പി പരീക്ഷിച്ചിരുന്നു. ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു ധാമിയെ മുഖ്യമന്ത്രിയാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന മുഖവും ധാമിയുടെതായിരുന്നു. ഘടിമ മണ്ഡലത്തിൽനിന്നു ജനവിധി തേടിയ ധാമിയെ 6,932 വോട്ടുകൾക്കാണ് കോൺഗ്രസിന്‍റെ ഭുവൻ ചന്ദ്ര പരാജയപ്പെടുത്തിയത്.

പൊലീസിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, സ്ത്രീകൾക്ക് സൗജന്യ യാത്ര, അംഗൻവാടി ജീവനക്കാരുടെ വേതനം ഉയർത്തൽ, എൽ.പി.ജി സിലിണ്ടറുകളുടെ വില തുടങ്ങിയ വാഗ്ദാനങ്ങളുമായി വനിത വോട്ട് ഉന്നമിട്ട് കോൺഗ്രസ് നടത്തിയ തന്ത്രം വിജയിച്ചില്ലെന്ന് ഫലം വ്യക്തമാക്കുന്നു. സീറ്റുകളുടെ എണ്ണം 11ൽ നിന്നും 18ലേക്ക് ഉയർത്താനായി എന്നതാണ് കോൺഗ്രസിനുണ്ടായ ഏക നേട്ടം.

പാർട്ടിയിലെ ആഭ്യന്തര കലഹവും കോൺഗ്രസിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെയുണ്ടായിരുന ചേരിപ്പോര് ഹൈകമാൻഡ് ഇടപ്പെട്ടാണ് പുറമേക്കെങ്കിലും ശാന്തമാക്കിയത്. പഞ്ചാബിൽ സൃഷ്ടിച്ച തരംഗവും ഗോവയിൽ ഉണ്ടാക്കിയ നേട്ടവും ആം ആദ്മി പാർട്ടിക്ക് ഉത്തരാഖണ്ഡിലുണ്ടായില്ല. ഉത്തരാഖണ്ഡുകാർ പ്രധാനമായും ജോലി തേടിയും ചികിത്സക്കായും ഡൽഹിയിലേക്കാണ് എത്തുന്നത്. ഡൽഹിയുടെ ഭരണമാതൃക കണ്ട് ഉത്തരാഖണ്ഡുകാരുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി.  

Tags:    
News Summary - Uttarakhand will be ruled by another Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.