അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും

പഞ്ചാബിൽ കോൺഗ്രസിനെ 'ആപ്പിലാക്കിയ' അഞ്ച് കാരണങ്ങൾ

അമൃത്സർ: കോൺഗ്രസിന്റെ കോട്ടയായ പഞ്ചാബിൽ ആപിന്റെ 'ഡൽഹി മോഡൽ' ​കൊടി പാറിക്കുമ്പോൾ അതിന്റെ കാരണങ്ങളെന്താകാം. പ്രധാനമായും അഞ്ചുകാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

1. ജനം ആഗ്രഹിച്ച മാറ്റം

കാലങ്ങളായി ശിരോമണി അകാലിദളും കോൺഗ്രസുമാണ് പഞ്ചാബിൽ മാറി മാറി ഭരണത്തിലെത്തിയിരുന്നത്. അടുത്തിടെ വരെ ബി.ജെ.പിയുടെ സഖ്യക​ക്ഷിയായിരുന്നു ശിരോമണി അകാലിദൾ. 2017 ൽ അധികാരത്തിലേറിയ ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അകാലികളുമായി കൂട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണം ഉയർന്നിരുന്നു. അകാലിദൾ നേതാക്കളായ ബാദലുമാർക്കെതിരായ കേസുകളിൽ സർക്കാറിന്റെ തണുപ്പൻ മട്ടായിരുന്നു ഇതിന് കാരണം.

കോൺഗ്രസും അകാലികളും ഒരു നാണയത്തിന്റെ ഇ​രുവശങ്ങളാണെന്ന പ്രതീതി അങ്ങനെ വോട്ടർമാർക്കിടയിൽ പ്രബലമായി. അതിനാൽ തന്നെ ഇത്തവണ പഞ്ചാബിൽ ആകെയും മാൾവ​ മേഖലയിൽ പ്രത്യേകിച്ചും ജനം മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. ഏഴുപതി​റ്റാണ്ടായി തുടരുന്ന ഈ കക്ഷികളുടെ വാഴ്ചയിൽ നിന്ന് ഒരു മാറ്റം ജനം ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് കൃത്യമായ ബദലുമായി അവതരിച്ച ആപിനെ അവർ പരിഗണിക്കുന്നത്.

2. ഡൽഹി മോഡൽ

ഡൽഹിയിൽ പരീക്ഷിച്ച് വിജയിച്ച ഭരണ മാതൃകയാണ് അരവിന്ദ് കെജ്‍രിവാൾ പഞ്ചാബികൾക്ക് മുന്നിൽവെച്ചത്. നാലു സ്തംഭങ്ങളിൽ അധിഷ്ഠിതമായിരുന്നു ആ മാതൃക. ​ഗുണമേന്മയുള്ള സർക്കാർ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ സംവിധാനവും ആരോഗ്യ മേഖലയും പിന്നെ കുറഞ്ഞ ചെലവിലുള്ള വെള്ളവും വൈദ്യുതിയും. ​കാർഷിക പ്രധാനമായ പഞ്ചാബിൽ കാലങ്ങളായി വൈദ്യുതിക്ക് ഉയർന്ന നിരക്കാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലാകട്ടെ സ്വകാര്യമേഖലയുടെ വാഴ്ചയും. അതിനാൽ തന്നെ ജനങ്ങൾക്ക് പെട്ടന്ന് തന്നെ ആപ് മാതൃകയോട് ആഭിമുഖ്യം തോന്നിയത് സ്വാഭാവികം.

3. യുവാക്കളും വനിതകളും

യുവ, വനിത വോട്ടർമാരിൽ നിന്ന് അകമഴിഞ്ഞ പിന്തുണ​യാണ് ആപിന് ലഭിച്ചത്. സംസ്ഥാന​ത്തെ കാർന്നുതിന്നുന്ന അഴിമതി തുടച്ചുനീക്കുമെന്നും സർക്കാർ സംവിധാനങ്ങളെ നവീകരിക്കുമന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നുമുള്ള കെജ്രിവാളിന്റെ പ്രഖ്യാപനം തരംഗം സൃഷ്ടിച്ചു. വനിതകളുടെ അക്കൗണ്ടിൽ പ്രതിമാസം ആയിരം രൂപ നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനം വോട്ടിലുണ്ടായി. ഭർത്താക്കന്മാരു​ടെയും പിതാക്കന്മാരുടെയും നിഴലിൽ നിന്ന് മാറ്റി, വനിതകളെ പ്രത്യേക വോട്ടുബാങ്കായി കണ്ട് കെജ്രിവാൾ നടത്തിയ പ്രസ്താവനകൾ ശ്രദ്ധേയമായിരുന്നു.

4. ഭഗവന്ത് മാൻ

പുറത്തുനിന്നുള്ള പാർട്ടിയെന്ന ലേബൽ മാറ്റിയെടുക്കാൻ ആപിനെ സഹായിച്ച പ്രധാനഘടകമാണ് ഭഗവന്ത് മാൻ. ഹാസ്യതാരമായിരുന്ന മാൻ സാധാരണക്കാരായ പഞ്ചാബികൾക്ക് പെട്ടന്ന് ഉൾക്കൊള്ളാവുന്ന ഒരു മുഖവുമായിരുന്നു. അദ്ദേഹത്തിന്റെ ക്ലീൻ ഇമേജും മണ്ണിന്റെ മകനെന്ന 'പദവി'യും ഗുണം ചെയ്തുവെന്ന് പറയേണ്ടതില്ലല്ലോ. മാനിന്റെ അതിസാധാരണ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കുകയും ചെയ്തിരുന്നു.

5. കർഷക പ്രക്ഷോഭവും മാൾവയും

പഞ്ചാബിന്റെ രാഷ്ട്രീയ ഭൂമികയെ മാറ്റിമറിച്ചതിൽ പ്രധാനഘടകം കർഷകപ്രക്ഷോഭം തന്നെയായിരുന്നു. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത മണ്ണിൽ മറ്റുള്ളവരാണ് അതിന്റെ ​കെടുതി അനുഭവിച്ചതും നേട്ടം കൊയ്തതും. കർഷക രോഷത്തിന്റെ ആനുകൂല്യം കോൺഗ്രസിന് കിട്ടിയില്ലെങ്കിലും മറ്റുപരിഗണനകളാൽ ആപ് അതിന്റെ ഗുണഭോക്താവായി. കർഷക സംഘടനായ ബി.കെ.യുവിന് വലിയ സ്വാധീനമുള്ള മാൾവ മേഖലയിൽ ആപിന്റെ തേരോട്ടം ഇത് തെളിയിക്കുന്നു. മാൾവയിൽ മാത്രം 69 സീറ്റുകളാണുള്ളത്. 

Tags:    
News Summary - Five reasons for AAP victory in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.