ഉത്തരാഖണ്ഡിലെ താരപ്രചാരകരിൽ ചരൺജിത്ത് ചന്നി; സിദ്ദുവിന്റെ പേര് വെട്ടി കോൺഗ്രസ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ കാമ്പയിനർമാരുടെ പട്ടികയിൽ ഇടംപിടിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി. എന്നാൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ പേര് പട്ടികയിലില്ല. സോണിയ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി 30ഓളം പേരാണ് പട്ടികയിലുള്ളത്.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പത്മഭൂഷൻ ലഭിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടിവന്ന നേതാവാണ് ഗുലാം നബി ആസാദ്. സചിൻ പൈലറ്റ്, ഭൂപേഷ് ബാഗൽ, രൺദീപ് സുർജേവാല തുടങ്ങിയവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവർ.

മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചതുമുതൽ പഞ്ചാബ് നിരവധി നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു. അമരീന്ദർ സിങ്ങിന്റെ പിൻഗാമിയായി ചരൺജിത്ത് സിങ് ചന്നിയെ കോൺഗ്രസ് തെരഞ്ഞെടുത്തു. ഇതോടെ സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയായി ചന്നി. ഇതിനുപിന്നാലെ കോൺഗ്രസ് നേതൃത്വവുമായി സിദ്ദു ഇടയുകയും മുഖ്യമന്ത്രിയുമായി അസ്വാരസ്യങ്ങൾ ഉടലെടുക്കുകയുമായിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി തർക്കവും ഉടലെടുത്തു. അതിനുപിന്നാലെയാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് സിദ്ദുവിനെ വെട്ടിമാറ്റിയത്. പഞ്ചാബിൽ മുഖ്യമന്ത്രിയെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പരോക്ഷമായി ചന്നിക്ക് മുതിർന്ന നേതാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്.

പഞ്ചാബിന് പുറമെ കോൺഗ്രസിന് പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബി.ജെ.പിക്കുള്ളിലെ അസ്വാരസ്യങ്ങൾ പാർട്ടിക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

Tags:    
News Summary - Channi On Congress Uttarakhand Star Campaigner List No Navjot Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.