ഗോവയിൽ 'തൂക്കുസഭ'; വലയെറിഞ്ഞ് ബി.ജെ.പിയും കോൺഗ്രസും

മുംബൈ: പ്രവചനങ്ങളെല്ലാം തൂക്കുസഭയിലേക്ക് വിരൽചൂണ്ടുമ്പോൾ ചെറുകക്ഷികളെയും സ്വതന്ത്രരെയും വലയെറിഞ്ഞ് ഗോവയിൽ ബി.ജെ.പിയും കോൺഗ്രസും. 40 മണ്ഡലങ്ങളുള്ള ഗോവയിൽ ഭരണം പിടിക്കാനുള്ള ഭൂരിപക്ഷമായ 21 അംഗബലം ആർക്കുമുണ്ടാകില്ലെന്നും കോൺഗ്രസിനും ബി.ജെ.പിക്കും 17ഓളം സീറ്റുകളാകും ലഭിക്കുകയെന്നുമാണ് പ്രവചനം. സുദിൻ ധാവലീക്കറുടെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി)യും വിജയസാധ്യതയുള്ള സ്വതന്ത്രരുമാണ് ഇരുപക്ഷത്തിന്റെയും നോട്ടപ്പുള്ളികൾ.

കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്ടപ്പെട്ട 2017 ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ജാഗ്രതയിലാണ്. ചൊവ്വാഴ്ച വൈകീട്ടോടെ മുഴുവൻ സ്ഥാനാർഥികളെയും ബാംബൊലിമിലെ റിസോർട്ടിലേക്ക് മാറ്റി. ഭരണം കിട്ടിയാൽ ദിഗമ്പർ കാമത്ത് മുഖ്യനാകുമെന്നാണ് സൂചന. കോൺഗ്രസിന്റെ സഖ്യകക്ഷിയായ വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി)യും കോൺഗ്രസിനായി ചരടുവലിക്കുന്നു. എം.ജി.പിയുടെ പിന്തുണ വിജയ് സർദേശായി ഏതാണ്ട് ഉറപ്പിച്ചെന്നാണ് സംസാരം. എന്നാൽ, മുഖ്യമന്ത്രി പ്രമോദ് സാവന്തിന് പിന്തുണയില്ലെന്ന് വ്യക്തമാക്കിയ എം.ജി.പി, ബി.ജെ.പിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. മനോഹർ പരീകറുടെ മരണശേഷം അധികാരമേറ്റ പ്രമോദ് സാവന്ത് തങ്ങളുടെ പാർട്ടി പിളർത്തി ഭരണത്തിൽനിന്ന് പുറത്താക്കിയ അപമാനം വിജയ് സർദേശായിയും സുദിൻ ധാവ്ലിക്കറും മറന്നിട്ടില്ല. വിജയസാധ്യതയുള്ള തൃണമൂൽ സ്ഥാനാർഥികളായ ചർച്ചിൽ അലിമാവൊയുടെയും മകളുടെയും പിന്തുണയും കോൺഗ്രസ് തേടിയതായാണ് സൂചന.

പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വോട്ടുകൾ ചിതറുമെന്നതാണ് ബി.ജെ.പിയുടെ ഏക ആശ്വാസം. എന്നാൽ, പരീകറുടെ മകൻ ഉത്പലും (പനാജി) മുൻ മുഖ്യമന്ത്രി ലക്ഷികാന്ത് പരസേക്കറും (മാൻഡ്രേം) ബി.ജെ.പിക്കെതിരെ സ്വതന്ത്രരായി രംഗത്തുണ്ട്. 2017ൽ 17 സീറ്റുകളുമായി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പിന്തുണക്കാൻ മൂന്ന് അംഗങ്ങളുള്ള ജി.എഫ്.പിയും മൂന്ന് സ്വതന്ത്രരും തയാറായിരുന്നിട്ടും മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തർക്കംമൂലം ഭരണം നഷ്ടപ്പെടുകയായിരുന്നു. 13 അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി പരീകറെ രംഗത്തിറക്കി ജി.എഫ്.പി, എം.ജി.പികളുടെയും സ്വതന്ത്രരുടെയും പിന്തുണയിൽ ഭരണം പിടിക്കുകയായിരുന്നു. കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം രണ്ടായി ചുരുങ്ങുന്നതാണ് പിന്നീട് കണ്ടത്.

Tags:    
News Summary - BJP and Congress Hopefully in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.