അതിജീവനത്തിന്റെ പച്ചപ്പിലേക്ക് ഒരു തിരിച്ചുനടപ്പ്; വയനാട് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

 ഒരു ദുരന്തത്തിന്റെ കറുത്ത നിഴലിൽ നിന്ന് വയനാട് എന്ന പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഒളിപ്പിച്ച സ്വന്തം നാട് പതുക്കെ ഉയിർത്തെഴുന്നേൽക്കുകയാണ്. ഉരുൾപൊട്ടൽ പ്രകൃതി ഒരുക്കിയ ചെറിയൊരു ഭാഗത്തെ മാത്രം തകർത്തെറിഞ്ഞെങ്കിലും, "വയനാട് മുഴുവൻ തകർന്നു" എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ഈ മണ്ണിലെ ടൂറിസം മേഖലയുടെയും സാധാരണക്കാരുടെ ജീവിതത്തിന്റെയും നടുവൊടിച്ചിരുന്നു. ചുരത്തിന് മുകളിലെ വഴിയോരക്കച്ചവടക്കാർ മുതൽ വലിയ റിസോർട്ട് ഉടമകൾ വരെ കടുത്ത പ്രതിസന്ധിയെയാണ് നേരിട്ടത്.

എന്നാൽ, ആ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വയനാട് പഴയ പ്രൗഢിയിലേക്ക് തിരികെ നടക്കുകയാണ്. ജില്ല ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ കാമ്പയിനുകൾ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തോതിലുള്ള ഊർജമാണ് നൽകിയത്. ഇതിന്റെ ഫലമായി അവധി ദിവസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വലിയൊരു ജനക്കൂട്ടം വയനാട്ടിലേക്ക് ഒഴുകിയെത്തി.

കോടതി അനുമതി ലഭിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ കീഴിലുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. വന്യജീവികളെക്കണ്ട് കാനനത്തിലൂടെയുള്ള സവാരിയും, ചെറുദ്വീപുകളിലൂടെയുള്ള ചങ്ങാട യാത്രയും, വെള്ളച്ചാട്ടങ്ങളുടെ കുളിർമയും തേടി വീണ്ടും സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വയനാടിന്റെ വ്യാപാര വിപണിയും സജീവമായിട്ടുണ്ട്.

മുത്തങ്ങ വന്യജീവി സങ്കേതം: വന്യജീവികളെ നേരിൽകണ്ടുള്ള കാനന സവാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

തോൽപെട്ടി വന്യജീവി സങ്കേതം: വയനാട് വന്യജീവി സങ്കേതത്തിലെ കൊടുംവനത്തിലൂടെയുള്ള കാനന സഞ്ചാരം സഞ്ചാരികൾക്ക് പുതിയ അനുഭവമാണ്.

കുറുവ ദ്വീപ്: ചെറുദ്വീപുകളിലൂടെയുള്ള മനോഹരമായ ചങ്ങാട യാത്രയും കാനനഭംഗി നുകർന്നുള്ള നടത്തവും ഇവിടെ ആസ്വദിക്കാം.

സൂചിപ്പാറ വെള്ളച്ചാട്ടം: മേപ്പാടി ചൂരൽമല ഭാഗത്തുള്ള ആഴമേറിയ വെള്ളച്ചാട്ടം സന്ദർശകർക്കായി തുറക്കുന്നു.

ചെമ്പ്ര പീക്ക്: മേപ്പാടി മേഖലയിൽ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് ഹൃദയ തടാകം വരെ മലകയറാനുള്ള അവസരമുണ്ട്.

ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം: പടിഞ്ഞാറത്തറ സെക്ഷന് കീഴിലുള്ള ഈ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന കേന്ദ്രമാണ്.

കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്: ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനഭാഗത്തുനിന്ന് ആരംഭിക്കുന്ന ട്രക്കിങ് അനുഭവം.

ബാണാസുര സാഗർ: ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടും ഏഷ്യയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ അണക്കെട്ടുമായ ഇവിടെ ബോട്ടിങിനുള്ള സൗകര്യമുണ്ട്.

പൂക്കോട് തടാകം: വയനാട് ചുരം കഴിഞ്ഞയുടൻ വൈത്തിരിക്ക് മുമ്പുള്ള പരന്നുകിടക്കുന്ന തടാകത്തിലെ ബോട്ട് യാത്ര പ്രധാന ആകർഷണമാണ്.

Tags:    
News Summary - അതിജീവനത്തിന്റെ പച്ചപ്പിലേക്ക് ഒരു തിരിച്ചുനടപ്പ്; വയനാട് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.