പൂരത്തിനെത്തിയത് റെക്കോഡ് ജനം; പൂജ്യം കുറ്റകൃത്യം

തൃശൂർ: റെക്കോഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു.

ജനക്കൂട്ടത്തിനിടയിൽനിന്ന് മൂന്ന് പോക്കറ്റടിക്കാരെ തൃശൂർ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണിൽ വീട്ടിൽ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47), ഒല്ലൂർ മടപ്പട്ടുപറമ്പിൽ വേണുഗോപാൽ (52) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 20 മൊബൈൽ ഫോണും പവർബാങ്കും പിടിച്ചെടുത്തു. ബസുകളിലും മറ്റും യാത്രചെയ്യുന്നവരിൽനിന്നും തിരക്കുകൾക്കിടയിലും മോഷണം നടത്തിയതാണ് ഈ മൊബൈൽ ഫോണുകളെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. തൃശൂർ പൂരത്തിന് എത്തിയപ്പോഴേക്കും ഇവർ ഷാഡോ പൊലീസിന്റെ പിടിയിലകപ്പെട്ടു.

തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ ക്രമീകരണങ്ങൾ വിജയിച്ചു. തിക്കിലും തിരക്കിലുംപെട്ട് ആർക്കും അപായം ഉണ്ടായില്ല. തലകറക്കം അനുഭവപ്പെട്ടവർക്കും ശാരീരിക അവശതകൾ പ്രകടിപ്പിച്ചവർക്കും ഉടൻ വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞതുവഴി, പൂരത്തിനിടക്ക് ഒരപകടവും ഉണ്ടായില്ല.

തെരഞ്ഞെടുപ്പ് കൂടാതെ ഒരേ സമയം ഏറ്റവും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ജോലിചെയ്യുന്ന ഡ്യൂട്ടികളിലൊന്നായ തൃശൂർ പൂരം ഇത്തവണ പൊലീസിന് ഹൈടെക് പൂരംകൂടിയായിരുന്നു. നിർദേശങ്ങളും മറ്റും നൽകാൻ ഇക്കുറി ഡിജിറ്റൽ രീതിയാണ് കൂടുതലായി സ്വീകരിച്ചത്. പൊലീസുകാരിൽ ഭൂരിഭാഗവും ആദ്യതവണ ഡ്യൂട്ടി നിർവഹിക്കുന്നവരായിരുന്നു. പൂരത്തിന് തലേന്ന് തൃശൂർ ടൗൺഹാളിലായിരുന്നു ഇവർക്കുള്ള ബ്രീഫിങ്. ഡ്യൂട്ടി വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്ന മണിക്കൂറുകൾ നീളുന്ന വിശദീകരണ പരിപാടിക്ക് പകരം വിഡിയോയാണ് പ്രദർശിപ്പിച്ചത്. പൂരം ചടങ്ങുകളും ഡ്യൂട്ടി ഘടനയും സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം പ്രദർശനം, ഘടകപൂരങ്ങൾ, തിരുവമ്പാടി വിഭാഗവും മഠത്തിൽ വരവും പാറമേക്കാവ് വിഭാഗം, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയൽ എന്നിങ്ങനെ 10 വിഡിയോയായിരുന്നു പ്രദർശിപ്പിച്ചത്. ഡ്യൂട്ടിക്കെത്തിയവരുടെ മൊബൈൽ ഫോണുകളിലേക്ക് വിഡിയോകളുടെ ലിങ്ക് അയച്ചുനൽകി.

വെടിക്കെട്ട് നടക്കുമ്പോഴും നഗരത്തിൽ തിരക്ക് കൂടുമ്പോഴും നിർവഹിക്കേണ്ട ഡ്യൂട്ടികൾ സംബന്ധിച്ച് ഇടവിട്ട സമയങ്ങളിൽ ഇന്‍റർനെറ്റ് അധിഷ്ഠിത ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൊലീസിന് നിർദേശം കൈമാറിയത്. രണ്ട് ദിവസത്തിലായി 5000 എസ്.എം.എസ് സന്ദേശങ്ങളും പതിനായിരത്തിലധികം വാട്സ്ആപ് സന്ദേശങ്ങളുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളിലേക്ക് പ്രവഹിച്ചത്. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാര്യങ്ങളും ക്ഷേമ കാര്യങ്ങളും ഏകോപിപ്പിച്ചത് സിറ്റി പൊലീസ് വെൽഫെയർ വിഭാഗമായ സി.ഇ.ഇ.ഡി (സെന്‍റർ ഫോർ എംപ്ലോയി എൻഹാൻസ്മെന്‍റ് ആൻഡ് ഡെവലപ്മെന്‍റ്) ആയിരുന്നു. ആയിരത്തിലധികം ടെലിഫോൺ കാളുകളാണ് രണ്ടുദിവസത്തിലായി സെല്ലിൽ സ്വീകരിച്ചത്.

തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിൽ മുഴുവനായും കേൾക്കാവുന്ന മൈക്ക് അനൗൺസ്മെന്റ് സിസ്റ്റം പൊലീസിന്റെ ആശയമായിരുന്നു. സാമ്പിൾ വെടിക്കെട്ട് മുതൽ പ്രധാന വെടിക്കെട്ട് മാറ്റിവെച്ചത് ഉൾപ്പെടെയുള്ള തത്സമയ അറിയിപ്പുകളും വിവരങ്ങളും ജനങ്ങളിൽ എത്തിച്ചത് പൊലീസ് കൺട്രോൾ റൂമിനകത്ത് സജ്ജീകരിച്ച പബ്ലിക് അഡ്രസ് സിസ്റ്റം വഴിയായിരുന്നു. ഇതുമൂലം അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കാനും കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാനും സാധിച്ചതിനൊപ്പം ജനക്കൂട്ടത്തിനിടയിൽപെട്ട് കൂട്ടംതെറ്റിയവരെ കണ്ടെത്താനും കഴിഞ്ഞു.

റെ​യി​ൽ​വേ​ക്ക്​ വ​രു​മാ​നം 26.34 ല​ക്ഷം

തൃ​ശൂ​ർ: ര​ണ്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ആ​ഘോ​ഷി​ച്ച തൃ​ശൂ​ർ പൂ​ര​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കി റെ​യി​ൽ​വേ. പൂ​ര​ത്തി​ന്‍റെ മൂ​ന്ന് നാ​ളി​ൽ റെ​യി​ൽ​വേ​ക്ക് ല​ഭി​ച്ച​ത് 26.34 ല​ക്ഷം രൂ​പ​യാ​ണ്. സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് ദി​വ​സ​മാ​യ എ​ട്ടി​ന് 5675 യാ​ത്ര​ക്കാ​രാ​ണ് റെ​യി​ൽ​വേ​യെ ആ​ശ്ര​യി​ച്ച​ത്. ഇ​വ​രി​ൽ​നി​ന്ന്​ 5.12 ല​ക്ഷം രൂ​പ ടി​ക്ക​റ്റ്​ ഇ​ന​ത്തി​ൽ ല​ഭി​ച്ച​പ്പോ​ൾ പൂ​രം നാ​ളി​ൽ 10,719 യാ​ത്ര​ക്കാ​രി​ൽ​നി​ന്ന്​ 7.95 ല​ക്ഷം രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി. പ​ക​ൽ​പൂ​ര​വും ഉ​പ​ചാ​രം ചൊ​ല്ല​ലും ന​ട​ന്ന ബു​ധ​നാ​ഴ്ച 16,277 പേ​രാ​ണ് ട്രെ​യി​നി​ൽ എ​ത്തി​യ​ത്. 13.27 ല​ക്ഷ​മാ​ണ് അ​ന്ന​ത്തെ മാ​ത്രം വ​രു​മാ​നം. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി അ​യ്യാ​യി​ര​ത്തോ​ളം യാ​ത്രി​ക​രും നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​മാ​ന​വു​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്.

ത​ത്സ​മ​യ ടി​ക്ക​റ്റ് വി​ത​ര​ണ​കേ​ന്ദ്രം, കൂ​ടു​ത​ൽ കൗ​ണ്ട​റു​ക​ൾ, കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക്​ പൂ​ങ്കു​ന്ന​ത്തു​ൾ​പ്പെ​ടെ താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്, യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ റെ​യി​ൽ​വേ ഒ​രു​ക്കി​യി​രു​ന്നു. മ​ഴ മൂ​ലം രാ​ത്രി പൂ​ര​വും വെ​ടി​ക്കെ​ട്ടും ത​ട​സ്സ​പ്പെ​ടു​ക​യും വെ​ടി​ക്കെ​ട്ട് മാ​റ്റി​യ​താ​യി ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് വ​രു​ക​യും ചെ​യ്ത​തോ​ടെ രാ​ത്രി എ​ട്ടോ​ടെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ​ക്ക് മു​ന്നി​ൽ രൂ​പ​പ്പെ​ട്ട യാ​ത്രി​ക​രു​ടെ നീ​ണ്ട നി​ര പി​റ്റേ​ന്ന് രാ​വി​ലെ അ​ഞ്ചു​വ​രെ തു​ട​ർ​ന്ന​താ​യി ചീ​ഫ് ബു​ക്കി​ങ്​ സൂ​പ്പ​ർ​വൈ​സ​ർ മീ​നാം​ബാ​ൾ അ​റി​യി​ച്ചു. ബു​ക്കി​ങ്​ ഓ​ഫി​സി​ൽ അ​ഞ്ചും റി​സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ മൂ​ന്നും ര​ണ്ടാം ക​വാ​ട​ത്തി​ൽ ഒ​രു കൗ​ണ്ട​റും വ​ഴി ടി​ക്ക​റ്റ്​ ന​ൽ​കി​യ​തി​ന് പു​റ​മെ ര​ണ്ട് ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡി​ങ് മെ​ഷീ​നും മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കോ​വി​ഡി​ന് മു​മ്പു​ള്ള വ​ർ​ഷ​ങ്ങ​ളി​ലേ​തി​നെ​ക്കാ​ൾ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​ർ പൂ​ര​ത്തി​ന്​ എ​ത്തി​യ​തോ​ടെ അ​തി​ന്‍റെ വ​രു​മാ​നം റെ​യി​ൽ​വേ​ക്കും ല​ഭി​ച്ചു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ക​ല​ക്ഷ​ൻ അ​ര​ക്കോ​ടി

തൃ​ശൂ​ർ: റെ​ക്കോ​ഡ് ജ​ന​ക്കൂ​ട്ട​മെ​ത്തി​യ തൃ​ശൂ​ർ പൂ​ര​ത്തി​ൽ വ​രു​മാ​ന റെ​ക്കോ​ഡു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യും. ര​ണ്ട് നാ​ൾ കൊ​ണ്ട് അ​ര​ക്കോ​ടി​യോ​ളം വ​രു​മാ​ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ക​ണ​ക്ക്. പൂ​രം നാ​ളാ​യ 10ന് 40 ​ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം. തൃ​ശൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ മാ​ത്രം 13 ല​ക്ഷ​ത്തോ​ളം വ​രു​മാ​ന​മു​ണ്ടാ​ക്കി. 11ന് 10 ​ല​ക്ഷ​ത്തി​ല​ധി​കം വ​രു​മാ​ന​മു​ണ്ടാ​ക്കി. ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, കൊ​ടു​ങ്ങ​ല്ലൂ​ർ, മാ​ള, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പൂ​രം വ​ൻ നേ​ട്ട​മു​ണ്ടാ​ക്കി. അ​ഞ്ച് മു​ത​ൽ എ​ട്ട് ല​ക്ഷ​ത്തോ​ള​മാ​ണ് ജി​ല്ല​യി​ലെ ശ​രാ​ശ​രി വ​രു​മാ​നം. ശ​മ്പ​ള​മി​ല്ലാ​തെ​യും ജോ​ലി​യി​ൽ ക​ർ​മ​നി​ര​ത​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​ട്ട​മാ​ണ് വ​രു​മാ​ന​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - Record number of people came to attend Thrissur Pooram; Zero crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.