ചിത്രീകരണം: സൂര്യജ എം.

വിരാമം

നിക്ക് ചുറ്റുമുള്ള ശബ്ദങ്ങള്‍ രേവതിക്ക് അത്യധികം ശല്യമായി തോന്നി. കഴിഞ്ഞ കുറെ നേരമായി ഏതെങ്കിലും തരത്തിലുള്ള ഏകാഗ്രത കിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നു. എന്നാലും കഴിയുന്നില്ല. വീട്ടില്‍ പോയിരുന്നാലും നേരാംവണ്ണം ചിന്തിക്കാന്‍ കഴിയില്ല. എപ്പോഴായാലും പോയേ പറ്റൂ. അതിന് മുമ്പ് കുറച്ചു ഭാരങ്ങള്‍ ഇറക്കിവയ്ക്കണം. ഈ പാര്‍ക്കിലെ ബെഞ്ച് തനിക്ക് അതിനുള്ള അവസരം ഒരുക്കിത്തരുമെന്ന് വിചാരിച്ചത് വെറുതെ ആയിപ്പോയി. കാഴ്ചകള്‍ നല്ലതാണെങ്കിലും ശബ്ദങ്ങളാണ് പ്രശ്നം. ഇങ്ങനെ ഒരു ബഹളത്തിനിടയ്ക്ക് ചിന്തയ്ക്ക് എങ്ങനെ സ്വൈര്യമായി സഞ്ചരിക്കാന്‍ കഴിയും?

താന്‍ കണക്കുകൂട്ടിയത് എവിടെയോ തെറ്റിപ്പോയി. അതോ ശരിയായോ? ഒരു ദീര്‍ഘശ്വാസത്തിന് രേവതിയെ തെല്ലും സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. രാവിലെ നടന്ന സംഭവം തന്‍റെ നെഞ്ചിടിപ്പ് കൂട്ടുകയാണ് ചെയ്തത്. ശരിതെറ്റുകള്‍ ഇരുവഴിക്കും മനസ്സിനെ പിടിച്ചുവലിച്ച് കൊണ്ടിരുന്നു. ശരിയാണോ തെറ്റാണോ എന്ന് ചോദിക്കുമ്പോഴൊക്കെ അറിയില്ല എന്ന പെട്ടെന്നുള്ള ഒരു ഉത്തരമാണ് തന്‍റെ ഉള്ളങ്ങളില്‍ എവിടെയോ നിന്ന് ഉയര്‍ന്ന് വരുന്നത്. അത് വകവയ്ക്കാതെ കണ്ണുകള്‍ മുന്നോട്ടേക്ക് തന്നെ പ്രതിഷ്ഠിച്ച് അവള്‍ ഇരുന്നു. ഏതോ യുദ്ധം കഴിഞ്ഞൊരു ആകാശമായിരുന്നു മുകളില്‍. പകലിന്‍റെ ഭടന്മാര്‍ ക്ഷീണിച്ച് ഇരുണ്ട മേഘങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്നു. ഇനി മണിക്കൂറുകളുടെ വിശ്രമം; ദിവസേനയുള്ള, അന്തമില്ലാത്ത, പുലരിയെന്ന യുദ്ധത്തിന്.

ആലോചനകള്‍ക്ക് ഒരു നല്ല വഴി കൊടുക്കാനാവാതെ ഉഴറിയ രേവതി ചുറ്റും നോക്കി. പതിവ് ശനിയാഴ്ച അന്തരീക്ഷം. കുട്ടികളുടെ ബഹളവും ആളുകള്‍ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ശബ്ദവും. വിഷമങ്ങള്‍ തനിക്ക് മാത്രമോ എന്ന് അവള്‍ സന്ദേഹിച്ചു. ഒരു മൂലയില്‍ പ്രായമായ ദമ്പതികള്‍. അവരെ കണ്ടതും രേവതി കണ്ണുകള്‍ മുറുക്കെ അടച്ചു. ഓര്‍മ്മകളും കൊണ്ട് വെറുതെ ഓരോ വഴി നടക്കാന്‍ പാടില്ല എന്ന് അവളുടെ മനസ്സ് ശാസിച്ചു.

അച്ഛന്‍റെ കിടപ്പ് പക്ഷെ അവളുടെ മനസ്സില്‍ നിന്ന് ഉടനെ എങ്ങും പോകില്ലെന്നും ആരോ തന്‍റെ നെഞ്ചില്‍ അത് പച്ചകുത്തുന്നു എന്നും രേവതിക്ക് തോന്നി.

**********

"ആരാ അത്?" വിറയ്ക്കുന്ന ശബ്ദത്തോടെ എഴുപത് വയസ്സ് തോന്നിക്കുന്ന ഒരാള്‍ ചോദിച്ചു.

"ഇത് കുഞ്ഞിരാമന്‍റെ വീടല്ലേ?" രേവതി തിരിച്ച് ചോദിച്ചു. അവളുടെ കണ്ണുകള്‍ ആ ഇടിഞ്ഞു പൊളിയാറായ വീടിന് ചുറ്റും പഴയതെന്തോ തേടി. ഒന്നും ഓര്‍മ്മയില്ല. പക്ഷെ അമ്മയുടെ ഗന്ധം അവിടമാകെ പരക്കുന്നത് പോലെ. കാച്ചിയ എണ്ണയും രാസ്നാദിപ്പൊടിയും. അമ്മയുടെ മുടിയുടെ മണം. ഇതിപ്പോള്‍ ഇവിടെ വച്ച് തോന്നിയത് എന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല.

"അതെ...ആരാണ്?"

എന്ത് പറയണം എന്ന് രേവതി ആലോചിച്ചു. ആരോടാണ് താന്‍ സംസാരിക്കുന്നത് എന്ന് തിരിയുന്നുമില്ല.

"എന്‍റെ പേര് രേവതി. ഞാന്‍ കുറച്ചു ദൂരെ നിന്നാണ് വരുന്നത്. കുഞ്ഞിരാമനെ ഒന്നു കാണാന്‍ വേണ്ടി വന്നതാണ്."

"കുഞ്ഞിരാമന്‍ കിടപ്പാണ്. ആരെയും കാണാറില്ല." തന്നോട് വന്ന വഴി മടങ്ങി പോകാന്‍ പറയുകയാണ് ആ വയസ്സന്‍ എന്ന് രേവതിക്ക് തോന്നി. അത് പറ്റില്ല. വന്ന കാര്യം നടക്കണം.

"ഞാന്‍ അധികം നേരം എടുക്കില്ല. എനിക്കും ധൃതിയുണ്ട്. നേരം ഇരുട്ടുന്നതിന് മുമ്പ് തിരികെ എന്‍റെ വീട്ടില്‍ മടങ്ങി എത്തണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്."

ആ പ്രായം ചെന്ന മനുഷ്യന്‍ ഒന്നും പറഞ്ഞില്ല. അയാള്‍ കണ്ണുകള്‍ കൊണ്ട് തന്നോട് മല്ലിടുകയാണെന്ന് രേവതിക്ക് തോന്നി. അധികനേരം അയാളുടെ കണ്ണുകളിലേക്ക് നോക്കാന്‍ അവള്‍ക്ക് കഴിയാത്തത് തന്‍റെ പരാജയമായി അവള്‍ വ്യാഖ്യാനിച്ചു.

"ഉച്ചയ്ക്കത്തെ മരുന്നിന് സമയം ആകാറായി. ഇപ്പോ കണ്ടാല്‍ അത് മുടങ്ങും. വേറെ ഒരിക്കല്‍ വരൂ."

"നോക്കൂ, എനിക്ക് പത്തു മിനിറ്റ് മതി. ചിലപ്പോ അത്ര പോലും വേണ്ട. ഉച്ചയാവാന്‍ ഇനിയും ഉണ്ട് നേരം."

ആ വയസ്സന്‍ ചുറ്റും കണ്ണോടിച്ചു. തന്നെ നോക്കാന്‍ കഴിയാത്ത പോലെ. അല്ല, അയാളുടെ കണ്ണുകളിലെ ദേഷ്യം കാണിക്കാതിരിക്കാനാണ്. അയാളുടെ മുഷ്ടി മടങ്ങുകയും അയയുകയും ചെയ്തു. അതിന് ശേഷം വിരലുകള്‍ ഇരട്ടത്താടിയില്‍ ഒരു അര്‍ദ്ധവൃത്തം വരയ്ക്കാന്‍ തുടങ്ങി. രേവതി കാത്തിരുന്നു അയാള്‍ വായ തുറന്ന് എന്തെങ്കിലും പറയാന്‍.

"ശരി. വരൂ." ഗത്യന്തരമില്ലാതെ അയാള്‍ രേവതിയെ അകത്തേക്ക് വിളിച്ചു.

**********

ചുണ്ടിലെ ചിരി മായ്ച്ചു കളയാന്‍ രേവതി പ്രയാസപ്പെട്ടു. ആ വയസ്സന്‍റെ പ്രതിരോധം പൊളിക്കാന്‍ പ്രയാസമായിരുന്നെങ്കിലും തന്‍റെ കരളുറപ്പ് കൊണ്ടാണ് അതിന് കഴിഞ്ഞത്. ധാര്‍ഷ്ട്യത്തിന് ഇങ്ങനെ ഒരു ആള്‍രൂപം അവള്‍ ആദ്യമായി കാണുകയായിരുന്നു.

പാര്‍ക്കിലെ ബഹളം കൂടിക്കൂടി വന്നു. എന്തെങ്കിലും ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ അതിനെ മുറിക്കാന്‍ കുറെയേറെ ശബ്ദങ്ങള്‍. അലക്ഷ്യമായി നടന്ന് സന്തോഷിച്ചിരുന്ന ഒരു രണ്ടു വയസ്സുകാരന്‍ രേവതിയുടെ കാലുകളില്‍ തട്ടി വീണു. അവള്‍ എഴുന്നേറ്റ് ആ കുഞ്ഞിനെ എടുത്തു. കരച്ചിലിന്‍റെ വക്കില്‍ എത്തിയിരുന്ന ആ കുരുന്നിനെ പൊടുന്നനെ അവന്‍റെ അമ്മ വന്ന് കോരിയെടുത്ത് കൊണ്ട് പോയി. പോകുന്ന വഴി രേവതിയെ രൂക്ഷമായി നോക്കുകയും ചെയ്തു. ആ കുഞ്ഞ് തന്‍റെ കാലില്‍ തട്ടി വീണതിന് താനെന്ത് പിഴച്ചു? ചില ആളുകള്‍ ഒന്നും ആലോചിക്കാതെ വെറുതെ ജീവിച്ച് പോകുകയാണ് – ശരികളൊക്കെ അവര്‍ക്കും തെറ്റുകള്‍ മറ്റുള്ളവര്‍ക്കും ചാര്‍ത്തിക്കൊടുക്കാനുള്ള ഒരു ഓട്ടം.

അമ്മ എന്താണ് തന്നോട് നേരത്തെ ഒന്നും പറയാതിരുന്നത് എന്ന് രേവതി ആലോചിച്ചു. ഒരുപക്ഷെ ആ രണ്ടു വയസ്സുകാരനെപ്പോലെ തന്നെ കണ്ടത് കൊണ്ടാകും. ശരികള്‍ അമ്മയുടെ ഭാഗത്തും തെറ്റെല്ലാം അച്ഛന്‍റെയും എന്ന മനോഭാവം. എങ്കിലും അമ്മയോട് ഒരു ചെറിയ അമര്‍ഷം രേവതിക്ക് തോന്നി. പിന്നെ സ്വയം അത് നിയന്ത്രിച്ചു. മരിച്ചു പോയവരോട് അമര്‍ഷം തോന്നിയിട്ടെന്തിന്? അതുകൊണ്ട് ഒരു പ്രയോജനവുമില്ല. അമ്മയെക്കുറിച്ച് അഭിമാനമേയുള്ളൂ. തന്നോട് നേരിട്ട് പറയാന്‍ കഴിയാത്തത് കൊണ്ടാണോ കത്തുകള്‍ എഴുതിവെച്ചത്? ഇങ്ങനെ കത്തുകള്‍ ഉള്ള കാര്യവും വളരെ യാദൃച്ഛികമായാണ് അറിയുന്നത്.

അമ്മയിടങ്ങള്‍ ഏറിയപങ്കും അമ്മയുടെ മുറിയിലായിരുന്നു. നല്ല കാറ്റും വെളിച്ചവും കടക്കുന്ന ഒരു മുറി. തന്‍റെയും ഭര്‍ത്താവിന്‍റെയും കുട്ടികളുടെയും ചിട്ടയില്ലാത്ത ജീവിതരീതി അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത് പറഞ്ഞിട്ട് കാര്യവുമില്ലെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അത് കൊണ്ടാണോ എന്തോ ആരെയും അമ്മയുടെ മുറിയിലേക്ക് അടുപ്പിക്കാറില്ലായിരുന്നു. എന്തെങ്കിലും സംസാരിക്കാനോ കുട്ടികള്‍ക്ക് അമ്മൂമ്മയെ കാണണം എന്ന് തോന്നിയാലോ ഒക്കെ ആ മുറിക്ക് പുറത്തു വച്ചേ പറ്റുള്ളൂ – അതായിരുന്നു അമ്മയുടെ നിര്‍ബന്ധം. മുറിയില്‍ കയറിയാല്‍ ശകാരമാണ്. ആരാണെന്നൊന്നും നോക്കില്ല; പോയവര്‍ക്ക് ചെവി നിറച്ച് കിട്ടിയിരിക്കും. ഒരിക്കല്‍ രതീഷിന്‍റെ അമ്മയ്ക്കും അതിന്‍റെ ഫലം ലഭിച്ചതാണ്. അത് അവര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാളുടെ അമ്മയ്ക്കാണെങ്കില്‍ തന്‍റെ അമ്മയെക്കാള്‍ പ്രായം കൂടുതല്‍ ഉണ്ട് താനും. അതിന്‍റെ മുറുമുറുപ്പ് രതീഷിന്‍റെ അമ്മ ഇപ്പോഴും കാണിക്കും; അമ്മ പോയെങ്കിലും താന്‍ ഉണ്ടല്ലോ.

സഞ്ചയനം ഒക്കെ കഴിഞ്ഞ് അമ്മയെ വല്ലാതെ പിരിഞ്ഞിരുന്ന ഒരു നാളിലാണ് ഈ കത്തുകള്‍ കിട്ടുന്നത്. അമ്മയുടെ മുറിയില്‍ നടന്നു കൊണ്ടിരുന്ന ഒരു ഉച്ചയ്ക്ക് മേശവലിപ്പ് ചുമ്മാതെ തുറന്നപ്പോള്‍ നിറയെ കടലാസ്സുകള്‍. അമ്മ എഴുതിയ എഴുത്തുകള്‍ ആയിരുന്നു. എല്ലാം തനിക്കാണ് അഭിസംബോധന ചെയ്തിരുന്നത്. ആദ്യത്തെ ഞെട്ടലിന് പുറകെ കൂടുതല്‍ ഞെട്ടലുകള്‍ ആ എഴുത്തുകള്‍ തന്നു. അമ്മ പറയാന്‍ വച്ചതൊക്കെ ആ കടലാസ്സുകളിലൂടെ തന്നെ തുറിച്ചു നോക്കുന്നത് പോലെയാണ് ഓരോ ദിവസവും രേവതിക്ക് തോന്നിയത്. മനസ്സില്‍ അത് സൃഷ്ടിച്ച ഒരു ഗര്‍ത്തം അടയ്ക്കാന്‍ എന്തെങ്കിലും ചെയ്യുക അനിവാര്യമായിരുന്നു. രതീഷിനോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അവിശ്വസനീയതയേക്കാള്‍ എന്തോ അസാധാരണത്വമാണ് അനുഭവപ്പെട്ടത്. ഇതിന് ഒരു വിരാമം നല്ലതാണെന്ന് രണ്ടു പേര്‍ക്കും തോന്നിയത് കൊണ്ടാണ് രാവിലെ തന്നെ ചെയ്യാനുള്ള കാര്യങ്ങള്‍ തീര്‍ക്കാനായി പുറപ്പെട്ടത്. എല്ലാം കഴിഞ്ഞപ്പോള്‍ മനസ്സിന് ഒരു തൃപ്തിക്കുറവുണ്ടോ? അതാണോ താന്‍ ഇപ്പോഴും ഇവിടെ ഇരിക്കുന്നത്?

രേവതി പകുതി ദേഷ്യത്തിലും പകുതി സങ്കടത്തിലും ഇരുവശത്തേക്കും തലകുലുക്കി.

**********

ആ ധാര്‍ഷ്ട്യക്കാരന്‍ മനുഷ്യന്‍ തന്നെ കൊണ്ട് പോയത് വീടിന്‍റെ ഏതോ മൂലയിലുള്ള ഒരു മുറിയിലേക്കാണ്. വാതില്‍ തുറന്നതിന് ശേഷം അയാള്‍ തന്നോട് അവിടെ നില്‍ക്കാന്‍ ആംഗ്യം കാണിച്ചു. എന്നിട്ട് അകത്ത് കയറി കുറച്ചു നിമിഷത്തിന് ശേഷം തിരികെ വന്നു.

"ചെന്ന് കണ്ടോളൂ. അധികം നേരം പറ്റില്ല. ഞാന്‍ പറഞ്ഞല്ലോ മരുന്നിന് സമയം ആയി എന്ന്." കാലങ്ങളായി മുറുക്കിച്ചുവന്ന പല്ലുകള്‍ കാട്ടി, ഒരു പരിഹാസച്ചിരിയോടെയാണ് അയാള്‍ അത് പറഞ്ഞത്.

ആ ചിരി തന്‍റെ മനസ്സില്‍ ഒരു വ്രണം ആകുന്നതിന് മുമ്പ് രേവതി അകത്ത് കയറി.

തന്‍റെ മുന്നില്‍ കിടക്കുന്ന ആളെ അവള്‍ നോക്കി. നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്. വേറെ ഏതെങ്കിലും രീതിയില്‍ കിടക്കാന്‍ പറ്റും എന്ന് തോന്നിച്ചില്ല. ഏറിയപങ്ക് മുടിയും നരച്ചു കഴിഞ്ഞിരുന്നു; നെറ്റിയില്‍ അവിടവിടെ വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ട്; നീണ്ട കൃതാവിന് കീഴെ രണ്ടു മൂന്നു ദിവസങ്ങള്‍ പഴക്കുമുള്ള താടിരോമം; കണ്ണുകള്‍ ആഴത്തില്‍ കുഴിഞ്ഞിരിക്കുന്നു; ചുണ്ടുകള്‍ വരണ്ടിരുന്നു; വലതു കൈ കൊണ്ട് കഴുത്തില്‍ ചൊറിയുന്നു. അസുഖകരമായ അസ്വസ്ഥതയുടെ ഒരു ആള്‍രൂപം. ആളുടെ കിടപ്പ് കണ്ടിട്ട് രേവതിക്ക് ആദ്യം കഷ്ടം തോന്നി. എങ്കിലും ആ ഒരു സംവേദനം പെട്ടെന്ന് തന്നെ അവള്‍ നിഷ്പ്രഭമാക്കി. വിതച്ചതല്ലേ കൊയ്യൂ, അവള്‍ ആലോചിച്ചു.

അയാളുടെ കണ്ണുകള്‍ തന്നിലേക്ക് തിരിഞ്ഞിരുന്നു.

"എന്നെ മനസ്സിലായോ?" രേവതി ചോദിച്ചു. ആ ചോദ്യത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഭവ്യത വന്നോ എന്ന് അവള്‍ സംശയിച്ചു. വേണ്ടായിരുന്നു. കടുപ്പത്തോടെ തന്നെ ചോദിക്കണമായിരുന്നു.

ഉമിനീര്‍ ഇറക്കിയതല്ലാതെ അയാള്‍ ഒന്നും പറഞ്ഞില്ല. അയാളുടെ നെറ്റിയിലെയും കഴുത്തിലെയും വിയര്‍പ്പുതുള്ളികളുടെ എണ്ണം കൂടി വന്നു.

"ഞാന്‍ രേവതിയാണ്." തന്‍റെ ശബ്ദത്തിലെ ശക്തി അവളെത്തന്നെ അത്ഭുതപ്പെടുത്തി.

കുഞ്ഞിരാമന്‍ ഒന്നു ഞരങ്ങി. വേണ്ടാത്തത് എന്തോ കണ്ടത് പോലെ. ഇനിയതൊട്ട് കാണാനും താല്‍പര്യമില്ലാത്തത് പോലെ.

രേവതി ഒരു കസേരയെടുത്ത് കുഞ്ഞിരാമന്‍റെ അടുത്ത് ഇരുന്നു. അച്ഛനെ നാളുകള്‍ കൂടി ഇങ്ങനെ കാണും എന്നു വിചാരിച്ചില്ല; അച്ഛനെ പണ്ട് കണ്ട ഓര്‍മ്മ പോലുമില്ല. അമ്മ പറഞ്ഞു കേട്ടത് തനിക്ക് മൂന്നു വയസുള്ളപ്പോള്‍ അച്ഛനെ ഉപേക്ഷിച്ച് പോയെന്നാണ്. അച്ഛനില്ലായ്മ തന്നെ ബാധിച്ചതായി തോന്നുന്നില്ല. ലോകം അമ്മയിലേക്ക് ചുരുങ്ങിയിരുന്നു. അച്ഛന്‍ എവിടെ എന്ന് പോലും അന്വേഷിച്ചില്ല. അമ്മയെ കാണുമ്പോഴൊക്കെ അങ്ങനെ ഒരു ചോദ്യം പുറത്തേക്ക് വരാന്‍ പോലും മനസ്സ് അനുവദിച്ചിരുന്നില്ല. പിന്നീട് അമ്മ തന്നെ വിവാഹമോചനത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അതിന് കാരണവും ചോദിച്ചില്ല. അമ്മയുടെ ശബ്ദത്തിന്‍റെ കനത്തില്‍ ഏതോ വലിയ കാര്യമുണ്ടെന്ന് അന്ന് തോന്നിയിരുന്നു. അതെന്താണെന്ന് അമ്മ തന്നെ പറയാന്‍ കാത്തിരുന്നു. എഴുത്തുകളില്‍ നിന്നാണ് കാര്യങ്ങളുടെ സ്വഭാവം പിടികിട്ടിയത്.

തന്‍റെ മുന്നില്‍ കിടക്കുന്ന ആളെ അച്ഛന്‍ എന്ന് വിളിക്കാന്‍ അറപ്പായത് കൊണ്ട് ഒന്നും വിളിക്കാതെ തന്നെ ഇരുന്നു.

"എത്ര നാള്‍ ആയി ഈ കിടപ്പ്?" രേവതി ചോദിച്ചു.

"മൂന്ന് വര്‍ഷമായി. ഇടത് വശം തളര്‍ന്നു. ആകെ വൃത്തികെട്ട അവസ്ഥയിലാണ്. എങ്ങനെയെങ്കിലും ചത്താല്‍ മതി."

"ഹാ, ചെയ്തതിന്‍റെ ഫലം മുഴുവന്‍ ആകുമ്പോ ചാകും."

കുഞ്ഞിരാമന്‍ ഞെട്ടി. അയാളുടെ ശ്വാസഗതി കൂടി. കൂടുതല്‍ വിയര്‍ക്കാന്‍ തുടങ്ങി.

"അമ്മ എനിക്ക് കുറെ കത്തുകള്‍ എഴുതിവച്ചിട്ടാണ് പോയത്. എനിക്ക് എല്ലാം അറിയാം."

കുഞ്ഞിരാമന്‍ ഭയത്തോടെ മുഖം തിരിച്ചു. അമ്മ പോയി എന്നറിഞ്ഞത് കൊണ്ടോ അതോ തനിക്ക് എല്ലാം അറിയാം എന്ന് പറഞ്ഞത് കൊണ്ടോ? രസകരമായ ഒരു ചോദ്യമായി രേവതി അതിനെക്കണ്ടു.

അവള്‍ മുറിയാകെ ഓടിച്ചു നോക്കി. മരുന്നിന്‍റെ മണം; അസുഖത്തിന്‍റെ മണം; എല്ലാത്തിനുമുപരി മരണത്തിന്‍റെ മണം. അത് നന്നായി എന്ന് രേവതിക്ക് തോന്നി. ചുവരില്‍ കുറെ ഫോട്ടോകള്‍. അച്ഛന്‍റെ പഴയകാലത്തെ ചിലതും അക്കൂട്ടത്തില്‍ ഉണ്ട്. അമ്മയുടെ ഒന്നും തന്നെ ഇല്ല; അത് പ്രതീക്ഷിച്ചതാണ്.

"ആരാ കൂടെ ഉള്ളത്?" പുറത്തേക്ക് കൈ ചൂണ്ടി രേവതി ചോദിച്ചു.

"അത് എന്‍റെ മൂത്ത ചേട്ടനാണ്. അദ്ദേഹവും ചേച്ചിയും മാത്രേ ഇനി ഇവിടെ ഉള്ളൂ."

"ഉം."

രേവതി എഴുന്നേറ്റ് മുറിയിലെ ജനാലക്കരികിലേക്ക് നടന്നു. ജീവന്‍ നഷ്ടപ്പെട്ട പറമ്പ്. അമ്മ സൂചിപ്പിച്ച മാവ് ഇപ്പോഴും അവിടെ തന്നെയുണ്ട്. ജനലിന്‍റെ അഴികള്‍ അവള്‍ മുറുകെപ്പിടിച്ചു. അവിടെ കൂടുതല്‍ നില്‍ക്കാതെ തിരികെ കസേരയില്‍ ഇരുന്നു.

"എന്തിനായിരുന്നു എല്ലാം?"

"എന്‍റെ സ്ഥിതി കൂടി മനസിലാക്കണം!" അതിശക്തമായ പ്രതികരണം ആയിരുന്നു അത്. രേവതി അത് തീരെ പ്രതീക്ഷിച്ചില്ല. അയാളുടെ കണ്ണുകളില്‍ അപ്പോഴും വല്ലാത്ത ഒരു ഭയം ഉണ്ടായിരുന്നു. അവള്‍ അത് ആസ്വദിച്ചു.

"എന്തിന്? നിങ്ങള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. മൂന്നു വയസുള്ള മകളെ അനാവശ്യമായി സ്പര്‍ശിച്ച നിങ്ങള്‍ അച്ഛന്‍ എന്ന സ്ഥാനത്തിന് ഒട്ടും യോഗ്യനല്ല. ആ മാവിന്‍റെ ചുവട്ടില്‍ വച്ച് നിങ്ങള്‍ എന്നെ ചെയ്തതൊക്കെ അമ്മ അന്ന് കണ്ടില്ലായിരുന്നെങ്കില്‍ എന്‍റെ പിന്നീടുള്ള അവസ്ഥ എന്താകുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?"

തന്‍റെ ശബ്ദം വിറയ്ക്കുന്നത് രേവതി അറിഞ്ഞു. തൊണ്ടയില്‍ എന്തൊക്കെയോ തടസ്സങ്ങള്‍. അമ്മയുടെ എഴുത്തുകളിലെ വാക്കുകളുടെ സാരാംശം ഇപ്പോഴാണ് പൂര്‍ണ്ണമായി ഗ്രഹിച്ചത്. ഇതുവരെ അതിന്‍റെ ആഴങ്ങള്‍ മനസ്സിനുള്ളില്‍ എവിടെയോ താഴ്ന്ന് കിടക്കുകയായിരുന്നു.

അവള്‍ വീണ്ടും എഴുന്നേറ്റ് കിടക്കയ്ക്കരികിലെ ചെറിയ മേശയുടെ അടുത്ത് നിന്നു. മരുന്നുകള്‍ സര്‍വത്ര. രേവതി തന്‍റെ ബാഗ് തുറന്ന് അതില്‍ നിന്നൊരു കുഞ്ഞ് പേഴ്സ് എടുത്തു.

"എനിക്കും ചെറുപ്പത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട് അനാവശ്യമായ സ്പര്‍ശനങ്ങള്‍. എന്‍റെ തന്നെ അച്ഛനില്‍ നിന്ന്. ആരോടും പറയാന്‍ പോലും കഴിഞ്ഞില്ല. ആരും വിശ്വസിക്കാന്‍ പോലും കൂട്ടാക്കില്ലായിരുന്നു!"

രേവതി ഞെട്ടി. കൈയിലിരുന്ന പേഴ്സ് താഴെ വീഴാതെ പിടിച്ചത് ഭാഗ്യം കൊണ്ടാണ്. ആള്‍ സത്യം ആണോ പറയുന്നത്? അയാളുടെ മുഖത്ത് നോക്കിയ രേവതി ദേഷ്യവും സങ്കടവും കലരുന്നതാണ് കണ്ടത്. കള്ളം പറയുകയാണെന്ന് തോന്നിച്ചില്ല. എങ്കിലും ഈ കിടക്കുന്ന ആള്‍ തന്നോട് ചെയ്തതിന് അതൊന്നും ന്യായീകരണം അല്ല.

"അതു കൊണ്ട്? നിങ്ങള്‍ ചെയ്തത് തെറ്റ് തന്നെയാണ്. അതിന് നിങ്ങളുടെ ബാല്യത്തെ പഴിക്കുന്നത് ബാലിശമാണ്." എന്തോ ഇത് പറഞ്ഞു കഴിഞ്ഞ് രേവതി അറിയാതെ നാക്ക് കടിച്ചു.

കുഞ്ഞിരാമന്‍ തിരിച്ച് ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ട് പ്രയോജനമില്ല എന്ന് ഒരു ഉറപ്പ് അയാള്‍ക്ക് രേവതിയെ കണ്ടപ്പോള്‍ തന്നെ വന്നതാണ്. ഒരു തെറ്റിന് ഒരിക്കലും വേറൊരു തെറ്റ് പരിഹാരം ആകില്ല. താന്‍ സ്വയം തിരുത്തണമായിരുന്നു. അന്ന് ആ കുഞ്ഞിന്‍റെ സ്ഥാനത്ത് തന്നെത്തന്നെ കണ്ടിരുന്നെങ്കില്‍ ഒരുപക്ഷെ തെറ്റ് ചെയ്യാതെ കഴിയാമായിരുന്നു. എങ്കിലും അച്ഛന്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ തന്നെ ആയിരുന്നു യോഗം.

രേവതി കിടക്കയില്‍ ബുദ്ധിമുട്ടുന്ന കുഞ്ഞിരാമനെ നോക്കി. അയാളുടെ കണ്ണുകള്‍ ഒഴുകുകയായിരുന്നു. അതിലൊന്നും ഒരു കാര്യവുമില്ല. പക്ഷെ അയാളോട് ഒരല്‍പം കരുണ തോന്നി. പാടില്ലാത്തതാണ്; എന്നാലും തോന്നി. പേഴ്സില്‍ നിന്നെടുത്ത് കൈയില്‍ പിടിച്ചിരുന്ന സയനൈഡ് ഗുളിക അവള്‍ വിറയ്ക്കുന്ന കൈകളോടെ തിരികെ അകത്ത് വച്ചു.

കൂടുതല്‍ ഒന്നും മിണ്ടാന്‍ നില്‍ക്കാതെ മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോള്‍ രേവതിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആരോടും പറയാതെ അവള്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങി. അയാളുടെ ചേട്ടന്‍ മുറിയുടെ വാതിലിനടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു എന്ന് അവള്‍ ശ്രദ്ധിച്ചില്ല.

**********

ചെയ്തത് ശരിയായോ എന്ന് ഒരു നൂറാമത്തെ തവണ രേവതി ആലോചിച്ചു. എന്തോ ഒരു നഷ്ടബോധം തോന്നുന്നോ? അതോ അഭിശപ്തമായ ബാല്യവും അനുഭവങ്ങളും പേറി നടന്നിരുന്ന ഒരു മനുഷ്യന് കുറച്ചു കാലം കൂടി നല്‍കിയതിന്‍റെ ആശ്വാസമോ? അയാള്‍ക്ക് എന്തായാലും ഇനി അധികം നാളില്ല; ഇന്ന് കൊന്നിരുന്നു എങ്കില്‍ അത് അയാളോട് ചെയ്ത സഹായമായി പരിണമിക്കുമായിരുന്നില്ലേ? അങ്ങനെ ഒരു സഹായം നല്‍കി എന്ന കാരണത്താല്‍ ശിഷ്ടജീവിതം മുഴുവന്‍ താന്‍ നീറിയേനെ. കുറച്ചു നാള്‍ കൂടി ബുദ്ധിമുട്ടി മരിക്കട്ടെ – അതാണ് അയാള്‍ അര്‍ഹിക്കുന്നത്.

വിരാമം ആയോ? ഒരു ജീവന്‍ തീര്‍ക്കാന്‍ ആണ് രാവിലെ പുറപ്പെട്ടത്. അത് അറിയാവുന്ന ആള്‍ താന്‍ മാത്രം ആയിരുന്നു. രതീഷ് പോലും അറിഞ്ഞിരുന്നില്ല; മറിച്ചായിരുന്നു എങ്കില്‍ അയാള്‍ ഉറപ്പായും വിലക്കിയേനെ. അങ്ങനെ ഒരു സാഹചര്യം വേണ്ട എന്ന് കരുതിത്തന്നെയാണ് പറയാതിരുന്നത്. ഒരുപക്ഷെ ഇതായിരിക്കും വിരാമം – അച്ഛന്‍ എന്ന ആളുമായുള്ള മുഖാമുഖം. അയാളുടെ ബാല്യത്തെ ദുരനുഭവങ്ങളെക്കുറിച്ച് അമ്മ അറിഞ്ഞിരുന്നു എങ്കില്‍ അച്ഛനെ ഇട്ടിട്ട് പോകുമായിരുന്നോ? എഴുത്തുകളില്‍ ഒക്കെ അമ്മയുടെ ഭാഗം മാത്രം ആയിരുന്നു. മറുഭാഗം, അതില്‍ എത്രയൊക്കെ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, കൂടി കേള്‍ക്കാന്‍ ബാധ്യതയുണ്ടോ? ഇല്ല, ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്തായാലും ഇല്ല. അപ്പോള്‍ പിന്നെ അയാളെ കൊല്ലേണ്ടതായിരുന്നു. എങ്കിലും മനസ്സ് വന്നില്ല. അത് തന്‍റെ തെറ്റാണോ? കൊന്നു കളഞ്ഞിരുന്നു എങ്കില്‍ അയാള്‍ കടന്നു പോയ വഴി പൂര്‍ണ്ണമായി തിരസ്കരിക്കുന്നതിന് തുല്യമാകുമായിരുന്നു. അങ്ങനെ ചെയ്യാന്‍ തന്നെക്കൊണ്ട് ആവില്ല. താന്‍ ചെയ്തതാണ് ശരി. ആ മനുഷ്യന്‍റെ കണ്ണുകളിലെ ഭയം – അതൊന്ന് മതി ഇനിയുള്ള കാലം സുഖമായി ഉറങ്ങാന്‍. അമ്മയും അത് തന്നെയാകും ആഗ്രഹിച്ചത്. അതെ, ഇനി അതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ട, രേവതി സ്വയം വിലക്കി.

അവള്‍ എഴുന്നേറ്റു. കാല്‍പാദങ്ങളില്‍ ഒരു മരവിപ്പ് - കുറെ നേരം ഇരുന്നതിന്‍റെ - അവള്‍ക്ക് അനുഭവപ്പെട്ടു. സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിച്ചിരുന്നു. പതുക്കെ വീട്ടിലേക്ക് നടന്ന് തുടങ്ങുമ്പോള്‍ അവളുടെ മനസ്സ് ദിവസങ്ങള്‍ക്ക് ശേഷം ശാന്തമായിരുന്നു. അതില്‍ അവളുടെ ചോദ്യത്തിന്‍റെ ഉത്തരവും അടങ്ങിയിരുന്നു.

Tags:    
News Summary - viramam story by sreedeep chennamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.