കാക്കയുടെ കണ്ണാടി

അക്കൻ കോവിലിലെ പൊങ്കലാഘോഷത്തിന്റെ തിമർപ്പിൽ നിന്ന് ഉണരാൻ മടിച്ചുനിൽക്കുന്ന നേസക്കൈര ഗ്രാമം. സാധാരണ ദിവസങ്ങളിൽ ഗ്രാമത്തിൽ നിന്ന് ഒട്ടേറെപ്പേർ തൊട്ടടുത്തുള്ള നെയ്ത്തുശാലയിലേക്ക് പോകാറുണ്ടെങ്കിലും, ഇന്ന് അഴകി മാത്രമാണ് ആ വഴിയിലുള്ളത്. കരിനീലപ്പൂക്കൾ നിറയെ വിരിഞ്ഞ വെള്ളസാരിയണിഞ്ഞ്, തന്റെ ചുരുണ്ട മുടി ഭംഗിയായി പിന്നിക്കെട്ടി കനകാംബരപ്പൂ ചൂടി അവൾ ബസ് സ്റ്റാൻഡിലേക്ക് നടക്കുകയാണ്. അവളുടെ ആ നീണ്ട ചുരുണ്ട മുടിയിൽ ആരും ഇതുവരെയും മുല്ലപ്പൂ മാല കണ്ടിരുന്നില്ല. കൈയിലെ പ്ലാസ്റ്റിക് ബാഗിനുള്ളിൽ പതിവുപോലെ ചോറ്റുപാത്രവും കുടയും ഒരു ചെറിയ പേഴ്സുമുണ്ട്. ആലാമരത്തു ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോൾ കൂട്ടുകാരികളായ വള്ളിയും കനിയുമില്ലാത്ത ശൂന്യത വല്ലാതെ ഉണ്ടായിരുന്നു.

‘ഇന്ന് യാരുമേ ഇല്ലെയാ...?’

വല്ലാത്തൊരു മടുപ്പും നീരസവും ഉള്ളിലൊതുക്കി അഴകി തന്നോടുതന്നെ തമിഴിൽ പിറുപിറുത്തു. വരാൻ വൈകുന്ന ബസിനോടും ശൂന്യമായ ആ വഴികളോടുമെല്ലാം തോന്നിയ അമർഷത്തോടെ, ബസ് സ്റ്റോപ്പിലെ തണുത്തുറഞ്ഞ തറയിലേക്ക് അവൾ തിടുക്കത്തിൽ ഇരുന്നു.

പൊങ്കൽ കഴിഞ്ഞ് ഇത്ര തിടുക്കത്തിൽ പണിക്ക് ഇറങ്ങിത്തിരിക്കാൻ നിനക്കെന്താ ഇത്ര ഭ്രാന്ത് എന്ന്, ബസ് സ്റ്റോപ്പിന്റെ മൂലയിൽ ചുരുണ്ടുകൂടി ക്കിടന്ന പട്ടിയൊന്ന് തലയുയർത്തി ചിറി ചൊറിഞ്ഞ് ഒന്ന് മുറുമുറുത്ത് തിരിഞ്ഞു കിടക്കുന്നതായി അവൾക്ക് തോന്നി. ആ പട്ടിയുടെ ചുറ്റും ഒന്നോ രണ്ടോ കാക്കകൾ വെറുതെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ആ കാക്കകളെ നോക്കിനിൽക്കെ അവളുടെ മനസ്സിലേക്ക് ചിന്തകളുടെ ഒരു കടൽ ഇരമ്പിയെത്തി.

‘കാക്കേ... നിന്റെ കറുപ്പിന് എന്തൊരു അഴകാണ്! എത്ര ആഴത്തിലാണ് അത് വെട്ടിത്തിളങ്ങുന്നത്. ഭയമോ ഞെട്ടലോ ഇല്ലാതെ, ഉറച്ച കണ്ണുകളോടെ നോക്കുന്ന നീ എപ്പോഴെങ്കിലും ചിറകുകൾ വിടർത്തി കണ്ണാടിയിൽ തുറിച്ചുനോക്കിയിട്ടുണ്ടോ? കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം ശരീരത്തിന്റെ ഏതെങ്കിലും കോണിൽ ഒരൽപം വെളുപ്പിന്റെ അംശം കാണാനുണ്ടോ എന്ന് തിരഞ്ഞു മടുത്ത എന്റെ വിഷമം നിനക്കറിയാമോ?

എണ്ണമയമില്ലാത്ത, കരിയിച്ച കറുത്ത മെലിഞ്ഞ ശരീരം. ചുവന്നു തടിച്ച ചുണ്ടുകളും തിളങ്ങുന്ന വെളുത്ത പല്ലുകളും ചാരനിറമുള്ള കണ്ണുകളുമുള്ള എന്നെ ചെറുപ്പത്തിൽ അമ്മ എന്നും മഞ്ഞൾ തേച്ച് കുളിപ്പിക്കുമായിരുന്നു. ഒരുനാൾ ഞാൻ വെളുത്തു വരുമെന്ന വല്ലാത്തൊരു പ്രതീക്ഷയോടെ.

‘കരുപ്പി...’ മറ്റുള്ളവർ അങ്ങനെയൊക്കെ വിളിച്ചു കളിയാക്കുമ്പോൾ, എനിക്ക് വെളുത്ത കുട്ടികളുടെ കൈകളിൽ ഒന്ന് തൊടാൻ കൊതിയായിരുന്നു. ആരും കാണാതെ, അവർ ഉപേക്ഷിച്ച പേനകൾ ഉപയോഗിച്ച് ഞാൻ എഴുതുമായിരുന്നു. ആ തൊട്ടൊപ്പ് മഷിയിലൂടെയെങ്കിലും എന്റെ കറുപ്പിലേക്ക് അവരുടെ വെളുപ്പ് പടർന്നു കയറുമോ എന്നറിയാനുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്. അക്കൻകോവിൽ പൊങ്കലിന് പോകുമ്പോൾ വിടർത്തിയിടാൻ തക്ക നീളമുള്ള മുടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ നിറച്ചും മുല്ലപ്പൂ വെച്ച്!

പറന്നുനടക്കുന്ന കാക്കകളെ നോക്കി അഴകി വീണ്ടും ആത്മഗതം ചെയ്തു: ‘ഉനക്കു ഇന്ത കവലൈകളെല്ലാം ഇല്ലല്ലയേ...?’

പ്ലാസ്റ്റിക് ബാഗിനുള്ളിലെ ചെറിയ പേഴ്സിൽ നിന്ന് അഴകി തന്റെ കുഞ്ഞു കണ്ണാടി പുറത്തെടുത്തു. സ്വന്തം പ്രതിബിംബത്തിന്റെ കണ്ണുകളിൽ എന്നും പുച്ഛം മാത്രമായിരുന്നു; അതിനു മുന്നിൽ അവൾ ഒരിക്കലും ജയിച്ചിരുന്നതുമില്ല. അവൾ പിറുപിറുത്തു:

‘എൻ കണ്ണുക്കുള്ള ഇരുക്കറ കറുപ്പു വിഴിയിലേന്ത് പരന്ന സാമ്പൽ കളറ പാത്താ ഭ്രാന്താ ഇരുക്കേ...’

അഴകിയുടെ പിറുപിറുപ്പ് കേട്ട് കണ്ണാടി ആർത്തുലച്ച് വെളുത്ത നിറത്തിൽ ചിരിക്കുകയാണ്. എന്നാൽ, പെട്ടെന്നാണ് കവിളിലെ ഒരു മാറ്റം അവളുടെ ശ്രദ്ധയിൽപ്പെട്ടത്. നരച്ച കറുത്ത കവിളിൽ വേറിട്ടുനിൽക്കുന്ന ഒരു ചെറിയ വെള്ളപ്പൊട്ട്!

രാവിലെ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം വല്ലതും പറ്റിയതാണോ? അതോ ഇന്നലെ പൊങ്കൽ ബഹളത്തിനിടയിൽ കവിളിൽ വീണ ഏതെങ്കിലും ചായക്കൂട്ടാണോ? വിളറിയ ചിന്തകളോടെ അവൾ കൈകൊണ്ട് പതുക്കെ തട്ടിനോക്കി. പോകുന്നില്ല. വീണ്ടും വിരൽത്തുമ്പുകൊണ്ട് അമർത്തി തടവിനോക്കി... എന്നിട്ടും ആ വെളുപ്പ് അവിടെത്തന്നെയുണ്ട്. ഒരു വിരലിന്റെ അളവോളം വരും ആ ചെറിയ വെളുത്ത വട്ടം!

അൽപം ഭയത്തോടെ കണ്ണാടി കുറച്ചുകൂടി അകലേക്ക് മാറ്റിപ്പിടിച്ച് അവൾ വീണ്ടും മുഖത്തേക്ക് നോക്കി. പ്രതിബിംബം അവളുടെ മുഖത്തെ രണ്ടായി പിളർത്തിനിർത്തി. ആ കറുപ്പിൽ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ഒരു വെളുത്ത അടയാളം!

കറുപ്പിൽ നിന്നുള്ള അവളുടെ കവിളിൽ ആദ്യത്തെ വെളുത്ത പൂവ് വിരിഞ്ഞത്, അവൾ ഏറ്റവും കൂടുതൽ പേടിച്ച രൂപത്തിലായിരുന്നു. കണ്ണാടിക്കുള്ളിലെ അവളുടെ തന്നെ പ്രതിബിംബം, കവിളത്തു വിരിഞ്ഞ ആ വെളുത്ത പൂവിന്റെ ആഹ്ലാദത്തിൽ അലിഞ്ഞ്, അളവറ്റ അഭിമാനത്തോടെ അവളെയൊന്ന് കുസൃതികാട്ടി പരിഹസിക്കുന്നുണ്ടായിരുന്നു.

ഒരു ചെറിയ വളവുതിരിഞ്ഞ് ബസ്, ഇടത്തോട്ടും വലത്തോട്ടും ചരിഞ്ഞ് പതുക്കെ ആലാമരത്തു ബസ് സ്റ്റോപ്പിൽ വന്നുനിന്നു. ആഴത്തിലുള്ള ചിന്തകളിൽ മുഴുകിയിരുന്ന അഴകിയെ ഉണർത്താനെന്നവണ്ണം ഡ്രൈവർ ഒന്നോ രണ്ടോ തവണ ഹോൺ മുഴക്കി. കവിളിൽ പടർന്ന ആ വിളറിയ വട്ടത്തിലേക്ക് കറുത്ത നിറം തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ കണ്ണാടിയിലേക്ക് നോക്കിയിരുന്ന അവൾ, ഭയത്തോടെ സാരിത്തലപ്പെടുത്ത് കവിൾ പതുക്കെ മറച്ചുപിടിച്ചു. തിടുക്കത്തിൽ ബസിലേക്ക് കയറി ആദ്യത്തെ സീറ്റിൽത്തന്നെ ഇരുന്നു.

അരമണിക്കൂറോളം നീണ്ട ആ യാത്രയിൽ കണ്ണാടിയും കവിളിലെ വെളുത്ത പൊട്ടും പറന്നുപോയ കാക്കകളും മാത്രമായിരുന്നു അവളുടെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ നിറഞ്ഞുനിന്നത്. തൊട്ടടുത്ത സീറ്റിലിരുന്ന പ്രായമായ ഒരു സ്ത്രീ ചോദിച്ചു:

‘യാരെയാ തേടുറ അഴകി? ആരെയാവതു പാക്കണുമാ?’

കവിളിലെ സാരിത്തലപ്പ് കുറച്ചുകൂടി മുറുക്കിപ്പിടിച്ച് അഴകി മെല്ലെ പിറുപിറുത്തു: ‘പൊങ്കൽ പായസം കൊഞ്ചം തരേനു ചൊന്നേൻ... സെന്തിലെ പാത്താ കൊടുക്കലാംനു പാത്തേൻ. അവനെങ്കെയുമേ കാണലെ...’

അഴകി ബസിറങ്ങി, നെയ്ത്തുശാലയിലേക്ക് നടക്കുകയായിരുന്നു. വഴിയിലുള്ള ഒരു ചായക്കടയുടെ മുന്നിൽ, വെള്ളമുണ്ടും ഇളം മഞ്ഞ ഷർട്ടും നെറ്റിയിൽ മഞ്ഞച്ചന്ദനക്കുറിയുമണിഞ്ഞ ഇരുനിറക്കാരനായ മുപ്പതു വയസ്സ് തോന്നിക്കുന്ന സെന്തിൽ, അഴകി തന്റെ അടുത്തേക്ക് വരുന്നതുകണ്ട് സന്തോഷത്തോടെ അവളെത്തന്നെ നോക്കിനിന്നു.

മുന്നോട്ടാഞ്ഞ മനസ്സിനെ പതുക്കെ പിന്നിലേക്ക് വലിച്ചുകൊണ്ട്, സാരിയുടെ തലപ്പുകൊണ്ട് കവിളിലെ വെളുത്ത പൂവിനെ മറച്ച അഴകി, തന്റെ തടിച്ചു ചുവന്ന ചുണ്ടുകൾ നാവുകൊണ്ട് നനച്ച ശേഷം അലസമായി ചുറ്റും കണ്ണോടിച്ച് സെന്തിലിന്റെ അടുത്തേക്ക് നടന്നു.

പായസപ്പാത്രം വാങ്ങി വെച്ചശേഷം, ആ കൈകൾ ചേർത്തുപിടിച്ച് അവളുടെ തടിച്ചു ചുവന്ന ചുണ്ടുകളിലേക്ക് നോക്കി സെന്തിൽ ചോദിച്ചു.

‘പൊങ്കൽ എപ്പടി ഇരുന്തത്?’

മറുപടി പറയാതെ നാണത്തോടെ ചിരിച്ചുനിന്ന അവളുടെ മുഖത്തേക്ക് സെന്തിൽ നോക്കി. എന്തെന്നില്ലാത്ത തിളക്കത്തോടെ വിടർന്ന അവളുടെ കണ്ണുകളും, നെറ്റിയിൽ വിടർന്നു നിൽക്കുന്ന ചുവന്ന തിലകവും അവൻ ഉറ്റുനോക്കുന്നത് അഴകി കണ്ടു.

പിന്നീട് ആ കണ്ണുകൾ കവിളിലെ ആ പുതിയ നിറത്തിലേക്ക് ഉറ്റുനോക്കുന്നത് അഴകി മനസ്സിലാക്കി. സെന്തിൽ തന്റെ വിരലുകൾ കൊണ്ട് അവളുടെ കവിളിൽ പറ്റിപ്പിടിച്ചിരുന്ന ആ വെളുത്ത പാടിനെ തുടച്ചുമാറ്റാൻ ശ്രമിച്ചു. നിമിഷനേരം എന്തോ ആലോചിച്ചു നിന്നശേഷം, ആ വിരലുകൾ അവൻ തന്റെ വെള്ളമുണ്ടിൽ തുടയ്ക്കുന്നതും അവൾ നോക്കിനിന്നു.

അഴകി പതുക്കെ സെന്തിലിന്റെ കൈകളിൽ നിന്ന് സ്വന്തം കൈകൾ വേർപെടുത്തി മെല്ലെ മുന്നോട്ട് നടന്നു. റോഡിന്റെ ഇരുവശവും ശൂന്യമായിരുന്നു. അവളുടെ നിഴലിനുപോലും കൂടെ നടക്കാൻ ആരുമില്ലായിരുന്നു. അവൾ പോകുന്ന വഴിയിൽ വെളുത്ത മുല്ലപ്പൂക്കൾ വിടർന്നുകിടപ്പുണ്ടായിരുന്നു. ആ മുല്ലപ്പൂക്കൾക്കിടയിലേക്ക് അവൾ പതുക്കെ ഇരുന്നു. തന്റെ കറുത്ത മേനിയിലെ വസ്ത്രങ്ങൾ ഒന്നൊന്നായി അവൾ അഴിച്ചുവെച്ചു. സ്വന്തം കറുപ്പിനെ മറച്ചുവെക്കാൻ ശ്രമിച്ച എല്ലാ ഭയങ്ങളെയും ഊരിമാറ്റുന്നതുപോലെ. പിന്നീട് പതുക്കെ ആ മുല്ലപ്പൂവിനുള്ളിലേക്ക് ശരീരം ഒളിപ്പിച്ചു.

കവിളിൽ വിരിഞ്ഞിരുന്ന ആ ചെറിയ വെളുത്ത പാട് പതുക്കെ വികസിക്കാൻ തുടങ്ങി. കഴുത്തിലേക്കും തോളുകളിലേക്കും കൈകളിലേക്കും അത് നിശ്ശബ്ദമായി പടർന്നു. തുടർന്ന് മാറിലേക്കും തുടയിലേക്കും വെള്ളിക്കൊലുസിട്ട കാലിലേക്കും പടരുന്നതായി അവൾ കണ്ടു. വർഷങ്ങളായി അവൾ മോഹിച്ചിരുന്ന വെളുപ്പ്, ഇപ്പോൾ അവളുടെ ശരീരം മുഴുവൻ സ്വന്തമാക്കുകയായിരുന്നു.

വെളുത്ത മുല്ലപ്പൂക്കൾക്കിടയിൽ അവൾ സ്വന്തം പ്രതിബിംബത്തിന് മുന്നിൽ നിന്നു. ഒരിക്കൽ അവളെ പരിഹസിച്ചിരുന്ന ആ കണ്ണാടി ഇപ്പോൾ മൗനമായിരുന്നു. വിഷമത്തോടെ തലതാഴ്ത്തിയിരിക്കുന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കി അഴകി ഉറക്കെ പറഞ്ഞു.

‘നാൻ ജയിച്ചിട്ടേൻ.’

Tags:    
News Summary - story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.