രാഷ്ട്രീയം വഴങ്ങാതിരുന്ന കവി

കോഴിക്കോട്: കവിതയും വരയും അഭിനയവും നാടകമെഴുത്തും രാഷ്​ട്രീയവും നിറഞ്ഞുനിന്നതായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജീവിതം. എഴുത്തിലെ രാഷ്​ട്രീയം ഏറെ വിവാദങ്ങളിലേക്കും കൊണ്ടുപോയി. ചിത്രം വരയിലൂടെയായിരുന്നു കലാജീവിതത്തിലേക്കുള്ള കാൽവെപ്പ്. എട്ടാം വയസ്സിൽ ഹരിമംഗലം ക്ഷേത്രഭിത്തിയിൽ പെണ്ണിെൻറ ചിത്രം വരച്ചു. ഇതു കണ്ട്, സ്വന്തം ചിത്രമാണെന്ന് ധരിച്ച് എമ്പ്രാന്തിരിയമ്മ േതങ്ങിക്കരഞ്ഞതു കണ്ട സങ്കടത്തിൽ ചിത്രം വരതന്നെ അപ്പാടെ നിർത്തി. പിന്നീട് കുട്ടികൾ അമ്പലഭിത്തിയിൽ കുത്തിവരച്ചതു കണ്ടപ്പോൾ അതിനെതിരെ ക്ഷേത്രച്ചുമരിൽതന്നെ വരച്ചതായിരുന്നു ആദ്യകവിത. 'അടുക്കളയിൽനിന്ന്​ അരങ്ങത്തേക്ക്', 'കൂട്ടുകൃഷി' എന്നീ നാടകങ്ങളിൽ വേഷമിട്ടു. 'ഇൗ ഏടത്തി നുണയേ പറയൂ' എന്നൊരു നാടകം കുട്ടികൾക്കുവേണ്ടി എഴുതി. സി. രാധാകൃഷ്ണ​െൻറ 'പുഴ മുതൽ പുഴ' വരെ എന്ന നോവലിൽ കവി അക്കിത്തമായിട്ട് അക്കിത്തം വരുന്നുണ്ട്.

തേഡ് ഫോറത്തിൽ പഠിക്കുേമ്പാൾ കുട്ടിക്കൃഷ്ണമാരാർക്ക് അയച്ചുകൊടുത്ത കവിത പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് അയച്ചതൊന്നും വരാതിരുന്നപ്പോൾ ചെയ്ത സൂത്രപ്പണിയെ പറ്റി അക്കിത്തം പറഞ്ഞിട്ടുണ്ട്. സംസ്കൃതത്തിൽനിന്ന് ഒരു കവിത തർജമ ചെയ്ത് കെ.എസ്. സരോജിനി എന്ന പേരിൽ അയക്കുകയായിരുന്നു. ഇതു ഫലിച്ചു. 1944ൽ ആദ്യ കവിതാ പുസ്തകത്തിന് 'വീരവാദം' എന്ന് പേരിട്ടത് ചങ്ങമ്പുഴയായിരുന്നു.

ഇൻറർമീഡിയറ്റിന് കോഴിക്കോട്ട്​ പഠിക്കുേമ്പാൾ വയറിന് സുഖക്കേട് വന്ന് പഠിപ്പ് നിർത്തി. പിന്നീട് മനയിൽനിന്നുതന്നെയായിരുന്നു പഠനം. ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്നിരുന്ന തൃക്കണ്ടിയൂർ ഉണ്ണിക്കൃഷ്ണമേനോൻ ആണ് കവിതാവാസന കണ്ടെത്തിയത്. ഒരുകെട്ടുകവിതകളുമായി ഇടശ്ശേരിയെ കാണാൻ പോയി. ഇടശ്ശേരി പറഞ്ഞു: തനിക്ക് ചിരിക്കാനറിയാം. അതുകൊണ്ടുതന്നെ കരയാനും. കരയാനറിയുന്നവനേ കവിയാകാനാവൂ. തനിക്കതിനാവും''.

കവിതയെഴുത്തിൽ വരികൾ മനസ്സിൽ വഴിമുട്ടുേമ്പാൾ ഒന്നു മുറുക്കും. 'മുറുക്കിക്കോട്ടെ, അക്കിത്തത്തിനു മാത്രമല്ല, ആ കവിതകൾക്കുമുണ്ട് മുറുക്കും തുടുപ്പും' എന്നാണ് ഇതിനെക്കുറിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻ പറഞ്ഞത്. ഒടുവിൽ ജ്ഞാനപീഠം വരെ കവിയെത്തേടിയെത്തി.

പൊന്നാനി താലൂക്ക് കോൺഗ്രസ് കമ്മിറ്റിയിൽ നാലണമെംബറായി പ്രവർത്തിച്ചു കൊണ്ടായിരുന്നു രാഷ്​ട്രീയ പ്രവേശനം. ഹൈസ്കൂൾ കാലത്തുതന്നെ യോഗക്ഷേമസഭയിലും പ്രവർത്തിച്ചു. പിന്നീട് കമ്യൂണിസ്​റ്റുകാരനായപ്പോൾ, യോഗക്ഷേമസഭയുടെ വർക്കിങ് പ്രസിഡൻറ് ഐ.സി.പി. നമ്പൂതിരി കമ്യണിസ്​റ്റുകാരൻ ആയതിനാൽ താനും അതായി എന്നാണ് അക്കിത്തം പറഞ്ഞത്. രണ്ടുതവണ കമ്യൂണിസ്​റ്റ്​ പാർട്ടി കാർഡ് തരാൻ ശ്രമിച്ചു. സ്വീകരിച്ചില്ല. കുറച്ചുകാലം ഇ.എം.എസിെൻറ സെക്രട്ടറിയായിരുന്നു. ഇ.എം.എസിെൻറ ആത്മകഥയെഴുതാൻ സഹായിച്ചു. ആദ്യത്തെ മൂന്നധ്യായം പകർത്തിയെഴുതിയത് അക്കിത്തമാണ്.

1950ൽ തൃത്താല ഫർക്കയിൽ കമ്യൂണിസ്​റ്റ്​ പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശിച്ചു. കെ.പി. മാധവമേനോനെയായിരുന്നു പാർട്ടി ആദ്യം തീരുമാനിച്ചിരുന്നത്. അദ്ദേഹം അനാരോഗ്യം കാരണം പിൻവാങ്ങിയപ്പോഴാണ് അക്കിത്തത്തെ ക്ഷണിച്ചത്. പക്ഷേ, അച്ഛൻ പറഞ്ഞു: ഒരിക്കലും നീ രാഷ്​ട്രീയത്തിലേക്ക് പോവരുത്. അവിടെ നീ പരാജയപ്പെടും. പക്ഷേ, കവിതയിൽ നീ വിജയിക്കും. അതോടെ രാഷ്​ട്രീയ ജീവിതം അവസാനിച്ചു.

'ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം' ആണ് കവിയെ വിവാദ നായകനാക്കിയത്. കൽക്കത്താ തിസീസിലെ അക്രമപരതയെപ്പറ്റി ഉത്കണ്ഠപ്പെട്ടായിരുന്നു ഇൗ രചന. എന്നാൽ, ഗുജറാത്തിലടക്കം ഉണ്ടായ വംശീയാതിക്രമങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചും മൗനം പൂണ്ടത് വിമർശിക്കപ്പെട്ടു. തപസ്യയുടെ പ്രസിഡൻറായതും സോമയാഗവും അതിരാത്രങ്ങളും നടത്തിയതും കവിയെ വിവാദത്തിലേക്ക് നയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.