രാത്രി മുഴുവൻ ഇരുമ്പ് വടികൊണ്ട് എ.ടി.എം അടിച്ചുപൊളിച്ചിട്ടും പണം കിട്ടിയില്ല; ഒടുവിൽ വെറും കൈയ്യോടെ മടങ്ങി കള്ളന്‍

പട്ന: രാത്രി മുഴുവൻ ഇരുമ്പുവടികൊണ്ട് എ.ടി.എം തകർക്കാൻ നോക്കിയിട്ടും ഒരു രൂപ പോലും കൈക്കലാക്കാനാകാതെ മോഷ്ടാവ്. ബിഹാറിലെ സുപോൾ ജില്ലയിലാണ് വിചിത്രസംഭവം. പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പി.എൻ.ബി) എ.ടി.എം തകർത്ത് പണം മോഷ്ടിക്കാനായിരുന്നു ശ്രമം. എന്നാൽ, പണം സൂക്ഷിച്ചിരുന്ന പെട്ടി തുറക്കാൻ കഴിയാതിരുന്നതോടെ മോഷ്ടാവിന് വെറുംകൈയോടെ മടങ്ങേണ്ടിവന്ന സി.സി.ടി.വി ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. രാഘോപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിംരാഹി ബസാറിലാണ് സംഭവം. രാത്രിയിൽ എ.ടി.എമ്മിൽ സുരക്ഷാ ജീവനക്കാരില്ലാത്ത സാഹചര്യം മുതലെടുത്താണ് മുഖംമൂടി ധരിച്ചെത്തിയ യുവാവ് മോഷണത്തിന് ശ്രമിച്ചത്. കൈയിൽ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് എ.ടി.എമ്മിന്റെ ഷട്ടറും കീപാഡും മറ്റും അടിച്ചുതകർത്തു.

മെഷീനിന്റെ വിവിധ ഭാഗങ്ങൾ തകർത്തിട്ടും പണം സൂക്ഷിച്ചിരുന്ന പെട്ടി തുറക്കാൻ മോഷ്ടാവിന് കഴിഞ്ഞില്ല. ഇതോടെ ഒരു രൂപപോലും മോഷ്ടിക്കാനാകാതെ പ്രതി സ്ഥലംവിടുകയായിരുന്നു. എ.ടി.എമ്മിലുണ്ടായിരുന്ന പണം മുഴുവൻ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയായ കുന്ദൻ സാഹ് എ.ടി.എമ്മിന്റെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് അദ്ദേഹം രാഘോപുർ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി പൊലീസ് നടത്തിയ പരിശോധനയിൽ എ.ടി.എമ്മിന്റെ തകർന്ന ഭാഗങ്ങൾ മുറിക്കുള്ളിൽ ചിതറിക്കിടക്കുന്നതായി കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags:    
News Summary - Thief Fails to Rob PNB ATM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.