വെള്ളരിക്കാ പട്ടണത്തെ ദേശഭക്ത ശിരോമണികൾ

സ്വാതന്ത്ര്യബോധത്തിന് പുതുനാമ്പുകൾ വിടരേണ്ട മാസമാണ് ആഗസ്​റ്റ്​. സാഹോദര്യത്തി​െൻറയും സൗഹാർദത്തി​െൻറയും ആത്മാഭിമാനത്തി​െൻറയും ജനാധിപത്യബോധത്തി​െൻറയും ഊഷ്മളതയുണ്ട് ആഗസ്​റ്റിന്. എന്നാൽ, കഴിഞ്ഞ വർഷത്തെ ആഗസ്​റ്റ്​ പുതിയൊരു അടിച്ചമർത്തലാണ് ജമ്മു-കശ്മീരിന് സംഭാവന ചെയ്തത്. ഭരണഘടനയുടെ 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുന്ന പ്രഖ്യാപനം അന്നാണ് ആഭ്യന്തര മന്ത്രി അമിത്​ ഷാ പാർലമ​െൻറിൽ പ്രഖ്യാപിച്ചത്. വീണ്ടുമൊരു ആഗസ്​റ്റ്​ അഞ്ചു വരുേമ്പാൾ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രത്തി​െൻറ ഭൂമിപൂജയും ശിലാസ്ഥാപനവും പ്രധാനമന്ത്രി ന​േരന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്നു. തീയതികളുടെ തെരഞ്ഞെടുപ്പ് ആകസ്മികമാണോ, ആസൂത്രിതമാണോ എന്ന് വ്യക്തമല്ല. അതേതായാലും, പതിവു സ്വാതന്ത്ര്യദിനത്തി​െൻറ 10 ദിവസം മുമ്പുമാത്രം നടത്തിയെടുക്കുന്ന രണ്ടിനും ഒരു സമാനതയുണ്ട്. സാഹോദര്യ, സൗഹാർദ, അഭിമാന, ജനാധിപത്യബോധങ്ങളൊന്നുമല്ല, വിഭജനത്തി​െൻറ ചാലിന് ആഴം കൂട്ടലാണ് അതിലൂടെ സംഭവിക്കുന്നത്.

മാസങ്ങൾക്കപ്പുറം നിൽക്കുന്ന ജനുവരി, നമുക്ക് പരമാധികാരം വിളംബരം ചെയ്യാനുള്ള മാസമാണ്. അടുത്ത റിപ്പബ്ലിക് ദിനത്തിന് കരുത്തുകാട്ടാൻ പാകത്തിൽ അഞ്ചു റഫാൽ വിമാനങ്ങൾ വ്യോമസേനയിലേക്ക് എത്തിയിരിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക്ദിന പരേഡ് നടക്കുേമ്പാൾ റഫാൽ വിമാനങ്ങൾ ആകാശത്തു പറത്തി, അതു സമ്പാദിച്ചതിന് സർക്കാർ മേനി പറയാതിരിക്കില്ല. റഫാൽ ഇടപാടിലെ ക്രമക്കേടും ഭാരിച്ച ചെലവും വിവാദ വിഷയമായിത്തന്നെ ആകാശത്ത് പറന്നു കളിക്കുന്നു. യുദ്ധങ്ങൾ ആർക്കും താങ്ങാനാവാത്ത കാലത്ത് പുതിയ പടക്കോപ്പ് എത്തുേമ്പാഴാകട്ടെ, പരമാധികാരത്തിന് വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ അതിർത്തി ഭദ്രത കൂടുതൽ ദുർബലമായി മാറിയിരിക്കുന്നു. പാകിസ്താനുമായി മാത്രമല്ല, ചൈനയുമായും അതിർത്തി സംഘർഷങ്ങൾ കനപ്പെട്ടുനിൽക്കുന്നു. ദുർബലരെന്നോ വിശ്വസ്തരെന്നോ നാം കരുതിപ്പോന്ന നേപ്പാൾ പോലുള്ള അയൽരാജ്യങ്ങളും കൊമ്പുകോർക്കുന്നു. അഞ്ചു റഫാൽ വിമാനങ്ങൾ വരുന്നതി​െൻറ ആരവങ്ങൾക്കിടയിൽ മറയ്ക്കാൻ കഴിയാത്തത് പരമാധികാര കരുത്തിനുണ്ടായ ചോർച്ച മാത്രമല്ല, അയൽരാജ്യങ്ങളുമായുള്ള സൗഹൃദവും സഹവർത്തിത്വവും നമുക്ക് കൈമോശം വന്നിരിക്കുന്നു.

ഒരു റിപ്പബ്ലിക് ദിനത്തിനും സ്വാതന്ത്ര്യ ദിനത്തിനുമിടയിൽ ലോകം തന്നെയും എത്ര മാറിപ്പോയിരിക്കുന്നു. കിണ്ണം കൊട്ടിയതിനും ടോർച്ച് തെളിച്ചതിനുമൊക്കെ ഇപ്പുറം, ജനജീവിതം കീഴ്മേൽ മറിഞ്ഞു പോയി. പഴയ ജീവിതം തിരിച്ചുപിടിക്കാൻ എന്നു കഴിയുമെന്ന ചോദ്യത്തി​െൻറ അകമ്പടിയോടെ പുതുപതിവുകളിലൂടെ നടക്കുകയാണ് ജനം. നാടുപിടിക്കാൻ പാഞ്ഞ അന്തർസംസ്ഥാന തൊഴിലാളികളുടെ കിതപ്പ് വിട്ടിട്ടില്ല. തൊഴിൽ മേഖല മുഴുവൻ ഭാവിയെന്ത് എന്ന വലിയ ചോദ്യത്തിനു മുന്നിൽ നിൽക്കുന്നു. സാമ്പത്തികമേഖല തകർന്നു തരിപ്പണമായി. വികസനത്തി​െൻറയും പുരോഗതിയുടെയും കുതിപ്പിലല്ല, ദാരിദ്ര്യത്തി​െൻറ കിതപ്പിലാണ് രാജ്യം. സർദാർ വല്ലഭഭായി പട്ടേലി​െൻറ പ്രതിമ നിർമാണം പോലും ചൈനയെ ഏൽപിക്കേണ്ടി വന്ന മോദിസർക്കാർ ചൈനീസ് ഉൽപന്ന ബഹിഷ്​കരണവും സ്വദേശി, സ്വാശ്രയ മുദ്രാവാക്യവും മുന്നോട്ടു വെക്കുേമ്പാൾ കേൾക്കാൻ രസമുണ്ട് എന്നതിനപ്പുറമെന്ത്? കേന്ദ്രവും സംസ്ഥാനങ്ങളും ജനവും ജനവും തമ്മിൽ പരസ്പരാശ്രയത്വം വിട്ട് സ്വന്തം കാര്യം സ്വന്തമായി നോക്കേണ്ട വിധം, മോദിവചനമായ ആത്മനിർഭറിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ജീവിതത്തെയും സാമ്പത്തികമേഖലയേയും കാർന്നുതിന്നുന്ന കോവിഡിനെ പ്രതിരോധിക്കാനോ ഫലപ്രദമായ ഭാവി മാർഗങ്ങൾ രൂപപ്പെടുത്താനോ സർക്കാറിന് സാധിക്കുന്നില്ല.

ഇതിനെല്ലാമിടയിലും വിഭജനത്തി​െൻറ അജണ്ടകൾ നിർബാധം മുന്നോട്ടു നീക്കാനുള്ള വ്യഗ്രത. ആരാധനാലയത്തിൽ പോകാൻ ജനങ്ങൾക്ക് അനുവാദമില്ലെന്നു മാത്രമല്ല, ജനം ആ വഴിക്ക് ചിന്തിച്ച് അച്ചടക്കം പാലിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോൾ മാറ്റിവെച്ച് അയോധ്യയിൽ ക്ഷേത്രനിർമാണ ശിലാസ്ഥാപനത്തിന് നേതൃത്വം നൽകാൻ പോകുന്നത്. അതി​െൻറ പൂജാരിക്കും കോവിഡ് ബാധിച്ചു. എന്നിട്ടും സാമൂഹിക അകലത്തി​െൻറ മര്യാദകൾ ലംഘിച്ചും ഉടൻ നടത്തേണ്ട ഒന്നായി ആ ചടങ്ങ് മാറുന്നത് എന്തുകൊണ്ടാണ്? കോവിഡ് കാലത്ത് അമ്പലത്തേക്കാൾ പ്രാധാന്യം ആശുപത്രികൾക്കാണെന്ന് ചിന്തിക്കാത്തത് എന്തുകൊണ്ടാണ്? പല തെരഞ്ഞെടുപ്പുകളിലേക്കും കരുതിവെച്ച വോട്ട്​ അജണ്ട എന്നുമാത്രമാണ് അതിനുത്തരം. അമ്പലം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന മൂന്നര വർഷത്തെ കാലദൈർഘ്യമാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കും ഉള്ളത്. അമ്പലം പണിയുടെ തട്ടുമുട്ട് ഒച്ചകൾക്കിടയിലൂടെ യു.പിയിലും ബിഹാറിലുമൊക്കെ തെരഞ്ഞെടുപ്പു നടക്കും. ഹിന്ദു ദുരഭിമാന വോട്ടുകൾ കൂട്ടത്തോടെ വാരാമെന്ന കണക്കുകൂട്ടൽ തെറ്റാണെന്ന് പറയാനാവില്ല. അതുകൊണ്ട്, കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതുവരെ ക്ഷേത്രനിർമാണത്തിന് കാത്തുനിൽക്കാനൊന്നും പറ്റില്ല. ബാബരി മസ്ജിദ് പൊളിച്ചവർക്കു മുമ്പിൽ നീതിയും നിയമവും ഓച്ഛാനിച്ച് ഇഴയുേമ്പാൾ തന്നെയാണിെതന്ന് ഓർക്കണം.

ജമ്മു-കശ്മീർ വിഭജനത്തിന് ഒരു വർഷമാകുേമ്പാഴും അവിടത്തെ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ കഴിയുന്നു. 82കാരനായ കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ സോസ് വീട്ടുതടങ്കലിൽ കഴിയുന്നതി​​െൻറ വ്യക്തമായ വിഡിയോ രംഗം പുറത്തുവന്നപ്പോൾ തന്നെയാണ്, അദ്ദേഹം വീട്ടുതടങ്കലിലില്ല എന്ന് കേന്ദ്രം സുപ്രീംകോടതിയെ ബോധിപ്പിച്ചത്. സ്വന്തം അജണ്ടകൾക്കു മുമ്പിൽ സുപ്രീംകോടതിയേയും തെറ്റിദ്ധരിപ്പിക്കാൻ കേന്ദ്രത്തിന് മടിയില്ലെന്നർഥം. കുതിരക്കച്ചവടത്തിന് കൂടുതൽ അവസരം നൽകാൻ പാകത്തിൽ നിയമസഭ സമ്മേളനം വൈകിമാത്രം നടക്കുന്നുവെന്നു ഗവർണർ വഴി ഉറപ്പിക്കുന്ന ഏർപ്പാടായിരുന്നു കുറെ ദിവസങ്ങളായി രാജസ്ഥാനിൽ. സമ്മേളനം വിളിക്കുന്ന കാര്യത്തിൽ നാലുവട്ടം മന്ത്രിസഭക്ക് ശിപാർശ തിരുത്തി നൽകേണ്ടി വന്ന സംഭവം ഒരു സംസ്ഥാനത്തും മുമ്പ് ഉണ്ടായിട്ടില്ല. രാജ്യതലസ്ഥാനമായ ഗുഡ്ഗാവിൽ മാട്ടിറച്ചിയുടെ പേരിൽ ഒരു ലോറിഡ്രൈവറെ തല്ലിച്ചതക്കുന്ന പശുഗുണ്ടകളുടെ അതിക്രമ വാർത്തയോടെയാണ് ശനിയാഴ്ച വെളുത്തത്.

സ്വാതന്ത്ര്യവും പരമാധികാരവും ഭരണഘടനാ സ്ഥാപനങ്ങളും സാമ്പത്തിക സ്ഥിതിയും സാമൂഹിക ജീവിതവും ധാർമിക മൂല്യങ്ങളുമെല്ലാം വെല്ലുവിളി നേരിടുേമ്പാൾ തന്നെയാണ് 'ഹര ഹര മോദി, ജയ ജയ മോദി' ഭക്തിഗീതങ്ങൾ അലമുറപോലെ അലയടിക്കുന്നത്​. ഏതു കോവിഡിനുമിടയിൽ ഈ വിഗ്രഹാരാധനയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ് ഇന്ത്യ. റഫാലി​െൻറ വരവ്, രാമക്ഷേത്ര ശിലാസ്ഥാപനം എന്നിവയെല്ലാം മോദിയുടെ കരുത്തി​െൻറ പ്രതീകങ്ങളെന്ന നിലയിലാണ് മുഖ്യധാരാ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്. അതിനു പിന്നിലുള്ള ചരിത്രമോ വിവാദങ്ങളോ, വർഗീയ അജണ്ടകളോ സൗകര്യപൂർവം മറക്കുന്നു. രാമനും റഫാലും ദേശഭക്തിയുടെ പ്രതീകങ്ങളാകുന്നു. രാമക്ഷേത്രത്തിനു കല്ലു കൊത്തുന്നവർക്കും റഫാൽ പറത്തിക്കൊണ്ടു വന്നവർക്കും ധീരദേശാഭിമാനികളുടെ വീരപരിവേഷം. പള്ളി പൊളിച്ചതും റഫാൽ അഴിമതിയുമൊക്കെ ചോദ്യം ചെയ്യുന്നവർ മാറ്റിനിർത്തപ്പെടേണ്ട ദേശദ്രോഹികൾ. ചോദിക്കാനും പറയാനും ആളില്ലാത്ത വെള്ളരിക്കാപ്പട്ടണത്തിലെ ഭക്തശിരോമണികളുടെ പിടിയിലാണ് രാജ്യം. കോവിഡിൽനിന്ന് എന്നു മുക്തി എന്ന സമസ്യപോലെ തന്നെയാണ്, വർഗീയതയുടെ വിളവെടുപ്പുകാരിൽനിന്ന് സാമൂഹിക അകലം പാലിക്കേണ്ടതി​െൻറ പ്രാധാന്യം ജനം എന്ന് തിരിച്ചറിയുമെന്ന ചോദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.