വീണ്ടുമൊരു സമ്പൂർണ ലോക്​ഡൗൺ വരു​േമ്പാൾ

പ്രസിദ്ധ ഇന്ത്യൻ കാർട്ടൂണിസ്​റ്റ്​ ഇ.പി. ഉണ്ണി ഇങ്ങനെ എഴുതി: ''...ജ്യോതികുമാരി പാസ്വാൻ എന്ന പെൺകുട്ടി കുടിയേറ്റത്തൊഴിലാളിയായ അച്ഛനെ പിറകിലിരുത്തി ഡൽഹിയുടെ അയൽനഗരമായ ഗുരുഗ്രാമിൽനിന്ന് സ്വദേശമായ ബിഹാറിലെ ദർബംഗയിലേക്ക് സൈക്കിൾ യാത്രയാരംഭിച്ചു. 1200 കിലോമീറ്റർ മുന്നോട്ടും ഒന്നൊന്നര നൂറ്റാണ്ട് പിറകോട്ടുമാണ് ആ 15കാരി ചവിട്ടിയത്.'' ഇനിയും ചർച്ചകളിൽ ഇടംനേടാത്ത നമ്മുടെ ലോക്​ഡൗൺ കാലം ഇങ്ങനെയൊക്കെ ആയിരുന്നു. ലോക്​ഡൗൺ വ്യക്തികളിൽ ഏൽപിക്കുന്ന ആഘാതം പലപ്പോഴും കണക്കുകളിലും ഗ്രാഫുകളിലും മുങ്ങിപ്പോകുന്നു. സാമ്പത്തിക ഭൂപടത്തിൽ അസ്ഥിരജീവിതം നയിക്കുന്ന പാർശ്വവത്കരിക്കപ്പെട്ടവർ കേരളത്തിലും ഉണ്ടെന്ന സത്യം കഴിഞ്ഞ ലോക് ഡൗൺ കാലത്ത് കേരളവും തിരിച്ചറിഞ്ഞതാണ്. സമൂഹത്തിലെ സാമ്പത്തികശ്രേണിയിൽ കീഴ്ത്തട്ടുകളിൽ കഴിയുന്നവരുടെ സംരക്ഷണം ഉറപ്പാക്കാത്ത ലോക്ഡൗൺ അഭികാമ്യമല്ല. കോവിഡ്​ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്​ഥാനം ഒരാഴ്​ച അടച്ചിടാൻ​ തീരുമാനിച്ചിരിക്കുകയാണ്​. നമ്മുടെ യാത്രാസ്വാതന്ത്ര്യം, ആചാര, വിനോദ മേഖലകളിലെ പങ്കാളിത്തം എന്നിവയിൽ നിയന്ത്രണം എല്ലാർക്കും സമാനമായി അനുഭവപ്പെടുമെങ്കിലും, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവകളിൽ വ്യക്തികളുടെ പ്രാപ്യത അസന്തുലിതമായിരിക്കും. ഇത് കണ്ടെത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. ഈഡൽമാൻ ട്രസ്​റ്റ്​ ബറോമീറ്റർ (Edelman Trust Barometer) കണ്ടെത്താൻ ശ്രമിക്കുന്നത് ഇതാണ്. സർക്കാർ എടുക്കുന്ന കടുത്ത തീരുമാനങ്ങൾക്കൊപ്പം എത്രപേർ നിലകൊള്ളുമെന്ന് ഈ സൂചിക പഠിക്കുന്നു. ഉദാഹരണത്തിന് 2020 മാർച്ച് മാസത്തിൽ പൊതുവികാരം പൂർണ അടച്ചുപൂട്ടലിന് അനുകൂലമായിരുന്നു. 'ജീവിതോപാധിയേക്കാൾ സർവപ്രധാനം ജീവൻ' എന്ന് ഭൂരിപക്ഷം പേരും കരുതി. രണ്ടുമാസം കഴിഞ്ഞപ്പോൾ ജീവനും ജീവിതോപാധിയും തുല്യം എന്ന നിലയിലേക്ക് സമൂഹമെത്തി. കോവിഡ് 19 ലോകമെമ്പാടും വ്യാപിക്കുകയും മറ്റിടങ്ങളെപ്പോലെ നമുക്കും രണ്ടാം തരംഗം ആഞ്ഞുവീശുകയും ചെയ്യുമ്പോൾ സമൂഹം അതി​​േൻറതായ തിരിച്ചറിവുകൾ സാധ്യമാക്കിയിട്ടുണ്ടെന്നല്ലേ കരുതേണ്ടത്?

ജനുവരി 2021ൽ ഇന്ത്യൻ സമൂഹം ഈഡൽമാൻ സൂചികയിലൂടെ പ്രതികരിക്കുന്നതെങ്ങനെ എന്നുനോക്കാം. സമൂഹത്തി​െൻറ ദൃഷ്​ടിയിൽ വിവിധ സ്ഥാപനങ്ങളുടെ വക്താക്കളുടെ വിശ്വസനീയത മുൻവർഷത്തേക്കാൾ വളരെ കുറഞ്ഞു. ഇതിൽ സർക്കാർ വക്താക്കൾ, ബിസിനസ് മേധാവികൾ, അക്കാദമിക്കുകൾ എന്നിവർ ഉൾപ്പെടും. നേരിയ തോതിലെങ്കിലും സമൂഹത്തി​െൻറ വിശ്വാസം മെച്ചപ്പെടുത്താൻ ജേണലിസ്​റ്റുകൾക്ക് കഴിഞ്ഞു. എന്നാൽ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഡിജിറ്റൽ അന്വേഷണോപകരണങ്ങൾ (search engines) എന്നിവയെയും സമൂഹം മുൻവർഷത്തേതുപോലെ വിശ്വസിക്കുന്നില്ല. തൊഴിലെടുക്കുന്നവർ തങ്ങളുടെ തൊഴിൽദാതാക്കളിൽ വിശ്വാസമർപ്പിക്കുന്നു. വിശ്വസ്തതയുടെ പ്രതിസന്ധിക്കാലമായി നമുക്കിതിനെ കാണാം -രണ്ടാം ലോകയുദ്ധത്തിനുശേഷം ഉയർന്നുവന്ന ഉത്തരാധുനിക സമൂഹത്തിൽ കണ്ട വിശ്വാസത്തകർച്ചയെ ഓർമിപ്പിക്കുന്ന അവസരം.

കോവിഡ് കാലം പ്രത്യേകതരം അസമത്വത്തിന് കാരണമാകുന്നു എന്ന് ഭൂരിപക്ഷം ഇന്ത്യക്കാരും വിചാരിക്കുന്നു. ദുർബല സാഹചര്യത്തിൽ ജീവിക്കുന്നവരും വിദ്യാഭ്യാസം, സമ്പത്ത് എന്നിവയിൽ പിന്നിലായവരും കോവിഡുകാലത്തെ സഹനവും ത്യാഗവും സഹിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ലോക്​ഡൗൺ അനിവാര്യമെന്ന് കരുതുന്നവർ സമൂഹത്തിലെ ഭൗതിക സാഹചര്യങ്ങൾകൂടി ഗൗരവതരമായി പരിഗണിക്കുമോ എന്നറിയില്ല.

എന്നാൽ, രോഗവ്യാപനം മൂർച്ഛിക്കുകയും ജനങ്ങൾ ആശങ്കാകുലരാകുകയും ചെയ്യുമ്പോൾ ലോക്​ഡൗൺ അത്യാവശ്യമല്ലേ എന്ന ചോദ്യമുണ്ട്. ഇതേക്കുറിച്ച്​ ലോകാരോഗ്യ സംഘടനയുടെ കാഴ്ചപ്പാട് എന്താണെന്നു പരിശോധിക്കാം. ഡിസംബർ വരെയുള്ള കോവിഡ് വ്യാപനരീതിയുടെ വെളിച്ചത്തിൽ വേണം സംഘടനയുടെ നിലപാട് വായിക്കേണ്ടത്. ശാരീരിക അകലം സ്ഥാപിക്കാനുള്ള ഏറ്റവും ശക്തമായ നടപടിയായി അടച്ചുപൂട്ടൽ പ്രവർത്തിക്കുന്നു. വ്യക്തികളുടെയും സമൂഹത്തി​​െൻറയും തലത്തിൽ വളരെ പ്രതികൂല അനുഭവങ്ങളുണ്ടാകാം. സാമൂഹികവും സാമ്പത്തികവുമായ ഇടപാടുകളും ക്രയവിക്രയങ്ങളും പൊടുന്നനെ നിന്നുപോകുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. സമൂഹത്തിൽ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവർ, ദിവസവേതനത്തിൽ തൊഴിൽ ചെയ്യുന്നവർ, ആൾത്തിരക്കും പാർപ്പിടക്ഷാമവും അനുഭവിക്കുന്നവർ എന്നിവരെ ഇത് കൂടുതലായും ബാധിക്കുന്നു. അതിനാൽ, അടച്ചുപൂട്ടൽപോലുള്ള തീവ്രനടപടികൾ എടുക്കുന്ന സർക്കാറുകൾ അതിലൂടെ ലഭിക്കുന്ന അധികസമയം രോഗനിയന്ത്രണത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്കായി ചെലവിടണം.

അടച്ചുപൂട്ടൽ കോവിഡ് വ്യാപനത്തെ ഇല്ലാതാക്കുന്നില്ല; താൽക്കാലികമായി മെല്ലെയാക്കാൻ സഹായിക്കുന്നു. അതാണ് 2020ൽ അടച്ചുപൂട്ടൽ നടത്തിയ എല്ലാ രാജ്യങ്ങളിലും നാം കണ്ടത്. ദക്ഷിണ കൊറിയ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കിയിരുന്നില്ല; പ്രാദേശിക നിയന്ത്രണങ്ങളായിരുന്നു ഏറെയും. കഴിഞ്ഞ മേയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 19ലേക്ക് താഴ്ന്നു; ഇപ്പോൾ 600-700 എന്ന തോതിലേക്ക്​ ഉയർന്നു. ജർമനി ജൂൺ 2020ൽ 165 കോവിഡ് രോഗങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2021 ഏപ്രിൽ 29ന് രോഗികൾ 24,212 ആയി. കോവിഡ് നിയന്ത്രണം വിവാദത്തിലായിരുന്ന സ്വീഡനിൽ 27 ജൂലൈയിൽ കണ്ടെത്തിയത് വെറും 77 രോഗികൾ; എന്നാൽ ഏപ്രിൽ 29ാം തീയതി 7158 ആയി ഉയർന്നു. മറ്റിടങ്ങളിലും സ്ഥിതി വിഭിന്നമല്ല.

ലോക്​​ഡൗണി​െൻറ പൊതുജനാരോഗ്യ വശങ്ങൾ ഇന്ത്യൻ സാഹചര്യങ്ങളിൽ പോലും ഇതിനകം പഠനവിധേയമായിട്ടുണ്ട്. മോഹക് ഗുപ്‌ത, സപ്തർഷി മഹന്ത മുതൽ പേർ (2021) പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം എന്തുകൊണ്ടും ശ്രദ്ധേയമാണ്. പകർച്ചപ്പനികളുടെ വ്യാപനശേഷി R0 (ആർ. സീറോ) എന്ന സംഖ്യയിൽ പ്രകടിപ്പിക്കുന്നു. ഈ പഠനത്തിൽ R0 സംഖ്യ 2.08 ആയി കണക്കാക്കപ്പെട്ടു. അടച്ചുപൂട്ടൽ ഒരു മാസം കഴിഞ്ഞപ്പോൾ അത് 1.16 ആയി ചുരുങ്ങി; വ്യാപനശേഷി ചുരുങ്ങി, പക്ഷേ ആശങ്ക നിലക്കുന്നില്ല എന്നർഥം. സാമൂഹിക നിയന്ത്രണങ്ങൾ ഉദാരമാക്കി കൂടുതൽ വർധിച്ച നിരക്കിൽ ടെസ്​റ്റിങ്, ഐസൊലേഷൻ എന്നിവ ശക്തിപ്പെടുത്തുന്നത് മെച്ചപ്പെട്ട ഫലം നൽകുമെന്നും ഒരുവേള അടച്ചുപൂട്ടൽ ദീർഘിപ്പിക്കുന്നതിനേക്കാൾ മെച്ചമാണെന്ന സൂചനയും പഠനം നൽകുന്നു. മറ്റു കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടത്​ ഇവയാണ്: ലോക്ഡൗൺ അവസാനിച്ചുകഴിഞ്ഞാൽ കോവിഡ് മെല്ലെ പ്രത്യക്ഷപ്പെട്ടുതുടങ്ങും. രണ്ടാം വരവി​െൻറ വേഗത ലോക്​ഡൗൺ ഉദാരവത്കരണത്തി​െൻറ വേഗതക്കൊപ്പം ആയിരിക്കും. അതിനാൽ, ലോക്​ഡൗൺ ആസൂത്രണത്തിൽ ഒരു എക്സിറ്റ് നയം അത്യാവശ്യമാകുന്നു. ലോക്​ഡൗണിനുശേഷം സമൂഹത്തിൽ ശാരീരിക അകലം പാലിക്കൽ ശക്തമായ പെരുമാറ്റരീതിയായി തുടർന്നാൽ മാത്രമേ വ്യാപനശേഷി നിയന്ത്രിക്കാനാകൂ. മറിച്ച്, അകലം പാലിക്കൽ പെരുമാറ്റം ദുർബലമായാൽ വർധിച്ച ടെസ്​റ്റിങ് കൊണ്ട് മാത്രമേ വൈറസ് കണ്ടെത്താനാകൂ. വൈറസ് വാഹകർക്കെല്ലാം രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ടെസ്​റ്റിങ് മാത്രമാണ് വൈറസിനെ കണ്ടെത്താനുള്ള വഴി. ലോക്​ഡൗൺ നടപ്പാക്കിയാൽ തുടക്കത്തിൽ വൈറസ് സാന്നിധ്യം മൂലം രോഗാതുരത വർധിക്കുകയും മൂർധന്യത്തിലെത്തുകയും ചെയ്യും. ലോക്​ഡൗൺ തുടർന്നാൽ മാത്രമേ സമൂഹത്തിൽ അടഞ്ഞുകിടക്കുന്ന വൈറസ് നിർവീര്യമാക്കപ്പെടുകയുള്ളൂ. നിയന്ത്രണങ്ങൾ ഉദാരമാക്കേണ്ടത് അതിനുശേഷമാണ് എന്ന് വ്യക്തം. വ്യാപനശേഷി ഒന്നിൽ താഴെയെത്തിക്കുക പ്രയാസമാണ്. അതിനാൽ, വ്യാപകമായ ടെസ്​റ്റിങ് മാത്രമാണ് ലോക്​ഡൗണിനുശേഷം പരിഹാരമായി ഗവേഷകർ കാണുന്നത്. എന്തായാലും എന്ത് നേട്ടമാണ് അടച്ചുപൂട്ടൽ കൊണ്ടുദ്ദേശിക്കുന്നതെന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടത് അത്യാവശ്യംതന്നെ.

ചുരുക്കിപ്പറഞ്ഞാൽ ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം, വ്യക്തികളിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചുമാത്രമേ ലോക്ഡൗൺ ആസൂത്രണം ചെയ്യാൻ കഴിയൂ. ആദ്യ അടച്ചുപൂട്ടൽ കാലത്ത് R0 വെറും 2.08 ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് മൂന്നോ അതിലധികമോ ആകാനാണ് സാധ്യത.അങ്ങനെയെങ്കിൽ നിയന്ത്രണങ്ങൾ ദീർഘകാലം ആവശ്യമായി വരും. അക്കാലത്ത് അധികമായി വേണ്ടിവരുന്ന ആരോഗ്യ പരിരക്ഷ, ആംബുലൻസ് സേവനം എന്നിവയും ടെസ്​റ്റിങ്, ചികിത്സ എന്നിവക്ക്​ വേണ്ടിവരുന്ന അധിക മാനവശേഷി എന്നിവയും മുൻകൂട്ടി കണ്ടില്ലെങ്കിൽ ലോക്ഡൗൺ പൂർണഫലം കാണാതെപോകും. ലോക്ഡൗൺ ക്രമമായി ഉദാരമാക്കുമ്പോഴും വർധിച്ച തോതിൽ സേവനങ്ങളും സമയബന്ധിത ടെസ്​റ്റിങ്​, ഐസൊലേഷൻ എന്നിവയും ഉറപ്പാക്കേണ്ടതുണ്ട്. അതൊരു വെല്ലുവിളി തന്നെയാണെന്ന് തോന്നുന്നു.

Tags:    
News Summary - When it comes to another complete lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.