ഹാർവേ ആൾട്ടർ, മൈക്കൽ ഹൂട്ടൻ, ചാൾസ് റൈസ്

2020: ഒരു വൈറസിനെ പിടിച്ചടക്കിയ കഥ

ചരിത്രത്തിൽ 2020 കോവിഡ് ബാധയുടെ കാലമാണ്. ഏതാനും നാളുകൾക്ക് മുമ്പ് മെഡിസിൻ നൊ​േബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ അത് മറ്റൊരു വൈറസ് ഗവേഷണത്തിന് നേതൃത്വം നൽകിയവർക്കായിരുന്നു. ഹാർവേ ആൾട്ടർ, മൈക്കൽ ഹൂട്ടൻ, ചാൾസ് റൈസ് എന്നിവർ ഇക്കുറി മെഡിസിൻ ആൻഡ് ഫിസിയോളജി നൊ​േബൽ പങ്കിട്ടു. വളരെ പ്രധാനപ്പെട്ട സംഭാവനയാണ് അവർ സമൂഹത്തിനു നൽകിയത്. മറ്റൊരു വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, അവരുടെ ഗവേഷണവും കണ്ടെത്തലുകളും സമൂഹം ശ്രദ്ധിക്കേണ്ടത്ര പ്രാധാന്യമർഹിക്കുന്നു.

ഹെപ്പറ്റൈറ്റിസ് സി എന്ന കരൾവീക്കത്തിനു കാരണമാകുന്ന സി ടൈപ് വൈറസ് പഠനമാണ് മൂന്നുപേരുടെയും ഗവേഷണവിഷയം. ഒരു കുറ്റാന്വേഷണ ചാതുരിയോടെ ചിട്ടയായി നടന്ന പ്രവർത്തനമാണ് സി ടൈപ് വൈറസിനെ കണ്ടെത്താനും പഠിക്കാനും ഇടയാക്കിയത്. ഹെപ്പറ്റൈറ്റിസ് എന്ന രോഗം രണ്ടുതരമുണ്ടെന്നും രണ്ടാമത്തേത് രക്തത്തിലൂടെ പകരുന്നതാണെന്നും 1940 മുതൽ അറിയാമായിരുന്നു.

രണ്ടാമത്തെ തരം രോഗം വളരെ സാവധാനത്തിൽ കരളിനെ ബാധിക്കുകയും പിൽക്കാലത്ത് സിറോസിസ് ബാധിക്കുകയോ കരളിൽ കാൻസറിന് കാരണമാകുകയോ ചെയ്യും. വർഷങ്ങളോളം ആരോഗ്യപ്രശ്നങ്ങൾ പുറത്തുകാണാത്തതിനാൽ ഒരാൾക്ക് തനിക്ക് രോഗമുണ്ടെന്ന ചിന്തപോലും ഉണ്ടാകില്ല. ലോകമെമ്പാടും ഈ വൈറസ് ബാധ വ്യാപിച്ചതായും പ്രതിവർഷം പത്തുലക്ഷം പേർ ഇതിനാൽ മരണപ്പെടുന്നുവെന്നും മനസ്സിലാക്കി.

അതായത്, ക്ഷയരോഗം, പിൽക്കാലത്തെ എയ്‌ഡ്‌സ്‌ എന്നിവ പോലെ രൂക്ഷമായ അവസ്ഥയാണെന്നർഥം. ഈ ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗത്തിനു കാരണമായ വൈറസ് 1960 ൽ ബ്ലൂംബർഗ് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിക്കുകയും ഫലപ്രദമായ വാക്സിൻ ഉണ്ടാവുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിക്കപ്പെട്ടത്. ഹെപ്പറ്റൈറ്റിസ് ബി തടയാനായി എങ്കിലും സിറോസിസും കരൾ കാൻസറും പൂർണമായി അപ്രത്യക്ഷമാകുന്നില്ല. കുറച്ചുപേർക്ക് പിന്നെയും ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നതായി കണ്ടു. അപ്പോൾ അതിനുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.

അപ്പോഴാണ് ഡോ. ഹാർവേ ആൾട്ടർ കടന്നുവരുന്നത്. ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിക്കേണ്ടിവന്ന പലർക്കും ഹെപ്പറ്റൈറ്റിസ് വരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഇതിനകം ബി ടൈപ് കരൾ രോഗം നിയന്ത്രിക്കാനായതിനാൽ ഇതി​െൻറ കാരണം കണ്ടെത്താനുള്ള ശ്രമം അദ്ദേഹത്തി​െൻറ ടീം ആരംഭിച്ചു. രോഗബാധയുണ്ടായ വ്യക്തിയുടെ സിറം മൃഗങ്ങളിൽ കുത്തിവെച്ചാൽ അവക്ക്​ രോഗം ബാധിക്കണമല്ലോ.

എന്നാൽ, അതുണ്ടായില്ല. അപ്പോൾ മനുഷ്യനിൽ മാത്രം രോഗമുണ്ടാക്കുന്ന എന്തോ ഒന്നായി സങ്കൽപിക്കേണ്ടിവരും. അത് ആൾട്ടറി​െൻറ ശാസ്ത്രബോധത്തിനു നിരക്കാത്തതായതിനാൽ അദ്ദേഹം മറ്റു മൃഗങ്ങളിൽ പരീക്ഷണം തുടർന്നു, ആശ്ചര്യപ്പെടുത്തിയ കാര്യം കണ്ടെത്തി. സിറോസിസ് ഉണ്ടാക്കാൻ കഴിവുള്ള ഈ രോഗം മനുഷ്യൻ കഴിഞ്ഞാൽ ചിമ്പാൻസികളിൽ മാത്രമേ വരുന്നുള്ളൂ. ലാബുകളിലെ ചിമ്പാൻസികളിൽ കണ്ട രോഗം രക്തം സ്വീകരിച്ചവരിൽ കണ്ട അതേ രോഗമാണെന്നും, അതൊരു രോഗാണു പ്രവർത്തനമാണെന്നും വൈറസ് സമാനമാണെന്നും അദ്ദേഹം കണ്ടെത്തി. അന്നത്തെ നിലയിൽ വിപ്ലവകരമായ മുന്നേറ്റം. അതോടെ ഹെപ്പറ്റൈറ്റിസ് മൂന്നു വിധമു​െണ്ടന്നും എ, ബി, എന്നിവയല്ലാത്ത മറ്റൊന്നുകൂടിയുണ്ടെന്നും തീർപ്പായി.

അടുത്ത ദശാബ്​ദം ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന അനേകം ശാസ്ത്രജ്ഞർ പുതിയ വൈറസിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വൈറസിനെ കണ്ടെത്തിയാൽ മാത്രമേ അതിനെതിരായ വാക്സിൻ, മരുന്നുകൾ എന്നിവ കണ്ടെത്താനാകൂ. ഈ ദിശയിൽ നടന്ന പരീക്ഷണങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടിരുന്നപ്പോഴാണ് മൈക്കൽ ഹൂട്ടൻ പുതിയ മുന്നേറ്റവുമായി രംഗത്തെത്തിയത്.

രോഗം ബാധിച്ച ചിമ്പാൻസിയുടെ രക്തത്തിൽനിന്ന് കുറെ ഡി.എൻ.എ കഷണങ്ങൾ വേർതിരിച്ചെടുത്തു; ഇതിൽ കുറെയെങ്കിലും വൈറസിൽ നിന്നായിരിക്കും എന്നവർ കരുതി. രക്തം സ്വീകരിച്ചു രോഗിയായ വ്യക്തിയുടെ സിറത്തിലെ ആൻറിബോഡികളുമായി പ്രവർത്തിക്കുന്ന ഡി.എൻ.എ കഷണങ്ങൾ വേർതിരിക്കുകയും അതിൽനിന്ന് പ്രവർത്തനക്ഷമമായ ക്ലോൺ ക​െണ്ടത്തുകയും ചെയ്തു. തുടർന്നുള്ള ഗവേഷണത്തിലൂടെ അദൃശ്യ വൈറസ്, ഫ്ലാവിവൈറസ് കുടുംബത്തിൽ പെട്ട ആർ.എൻ.എ വൈറസാണെന്നും കണ്ടെത്തി. ഇതിന് ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്ന് പേരിടുകയും ചെയ്തു.

ശാസ്ത്രദൃഷ്​ടിയിൽ ഇപ്പോഴും പൂർണമായ ഉത്തരമായില്ല. നമ്മെ അലട്ടിയിരുന്ന രോഗവുമായി ഹെപ്പറ്റൈറ്റിസ് സി വൈറസിന് ബന്ധമുണ്ടെന്ന് വ്യക്തമായി. പക്ഷേ, അതു മാത്രമാണ് കാരണം എന്നുപറയാൻ എന്തു തെളിവ്? അതും കൂടി അറിഞ്ഞാലല്ലേ വാക്സിനും മരുന്നുകൾക്കും ഗവേഷണം ആരംഭിക്കുന്നതിന് കഴമ്പുണ്ടാകൂ? തുടർന്ന് അന്വേഷണം ആ ദിശയിലേക്കായി.

ഇനിയുള്ള കണ്ടെത്തലുകളുടെ നായകസ്ഥാനം ചാൾസ് റൈസ് എന്ന ശാസ്ത്രജ്ഞനാണ്. വൈറസ് പുനരാവർത്തനത്തിനു (replication) അത്യാവശ്യമായ ഭാഗം സി വൈറസ് ജീനോമി​െൻറ പിൻഭാഗത്തുണ്ടെന്ന് അദ്ദേഹത്തി​െൻറ ടീം കണ്ടെത്തി. ചില വൈറസ് സാമ്പിളുകളിൽ പുനരാവർത്തനത്തിനു തടസ്സം നിൽക്കുന്ന ഭാഗവും ഉണ്ടായിരുന്നതിനാൽ നേരിട്ടുള്ള പരീക്ഷണമല്ല രൂപകൽപന ചെയ്തത്.

ഇതു പ്രധാന ചിന്തയായിരുന്നു താനും. വൈറസ് പുനരാവർത്തനത്തിനുവേണ്ട ഭാഗം ഉൾപ്പെട്ട വൈറസ് ജനറ്റിക് എൻജിനീയറിങ്​ വഴി ഉൽപാദിപ്പിച്ചു. ഈ ആർ.എൻ.എ വൈറസ് ചിമ്പാൻസിയിൽ കുത്തിവെച്ചപ്പോൾ മനുഷ്യരിൽ കാണുന്ന രോഗം അതുപോലെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെ ഹെപ്പറ്റൈറ്റിസ് സി എന്ന വൈറസ്ബാധയുടെ ചുരുളഴിഞ്ഞു. ഇനി ഇതിനെതിരെ പ്രവർത്തിക്കുന്ന മരുന്നുകൾക്കും വാക്സിനും വേണ്ടിയുള്ള ശ്രമം ആരംഭിക്കാം എന്ന ഘട്ടത്തിൽ നാമെത്തി.

ഇതു സുപ്രധാന നേട്ടമെന്ന് എന്തുകൊണ്ട് പറയുന്നു? വൈറസ് അന്വേഷണത്തിന് ശക്തമായ മാതൃകയുണ്ടായി, ജനറ്റിക് എൻജിനീയറിങ് ടെക്‌നോളജി വ്യാപകമായി ഉപയോഗിക്കാനാകും എന്നൊക്കെയുണ്ട്. അതിനപ്പുറം പല സ്ഥലങ്ങളിൽ പല ശാസ്ത്രജ്ഞർ നടത്തിയ ധിഷണാപരമായ പഠനം ഇതിൽ കാണാം. ലോകാരോഗ്യ സംഘടന രോഗവ്യാപനത്തി​െൻറ രീതിയെക്കുറിച്ച്​ ഇപ്രകാരം പറയുന്നു. മരുന്നുകൾ കുത്തിവെക്കുമ്പോൾ സിറിഞ്ച്​, സൂചി എന്നിവ അണുവിമുക്തമാകാത്തതാണെങ്കിൽ രോഗസാധ്യതയേറും.

ഡിസ്പോസിബിൾ സൂചികൾ ആവശ്യമാകുന്നത് അതിനാലാണ്; അതിന് കെൽപില്ലാത്ത പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപനം നീങ്ങും. അതായത്, വൈറസ് ദാരിദ്ര്യവുമായി ബന്ധപ്പെടും എന്ന് കരുതാം. ഉത്തേജകാവശ്യത്തിനു മരുന്ന് കുത്തിവെക്കുന്നവരിലും ഹെപ്പറ്റൈറ്റിസ് സി കൂടുതലായി കണ്ടുവരുന്നു. അതിനാൽ, സർക്കാറുകൾ അനുയോജ്യമായ പൊതുജനാരോഗ്യസേവനങ്ങൾ കൊണ്ടുവരേണ്ടതായുണ്ട്. രക്തം, രക്ത ഘടകങ്ങൾ സ്വീകരിക്കുമ്പോഴും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അപൂർവമായി ചില ലൈംഗികബന്ധങ്ങളും വൈറസ് വ്യാപനത്തിന് കാരണമാകും. കണക്കുകൾ പറയുന്നത്, 2015ൽ 17 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും, 2016 ൽ നാലുലക്ഷം പേർ ഇതുമൂലം മരിക്കുകയും ചെയ്തു. മരണകാരണം സിറോസിസ്, കാൻസർ എന്നിവയാണ്. ലോകത്ത്​ ഇപ്പോൾ ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവർ ഏഴുകോടിയിലധികമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.

അറുപതുകളിൽ തുടങ്ങിയ ഗവേഷണങ്ങൾ അനവധി വർഷങ്ങൾ നീണ്ടു. ഓൾട്ടർ പ്രസിദ്ധീകരിച്ച ആദ്യ പ്രബന്ധം വന്നത് 1972 ൽ ആയിരുന്നു. തുടർന്ന് മറ്റുള്ളവരുടെ പ്രബന്ധങ്ങളും. റൈസ് പ്രസിദ്ധീകരിച്ച നിർണായകമായ പ്രബന്ധം 1997ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതായത്, 30 വർഷത്തോളം മൂന്നു വ്യത്യസ്ത ടീമുകൾ ഒരു വൈറസിനുപിന്നിൽ പ്രവർത്തിച്ചിരുന്നു. ഇന്ന് ഹെപ്പറ്റൈറ്റിസ് സി വൈറസിനെതിരെ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ട്; മൂന്നാം ലോകർക്ക് പലപ്പോഴും താങ്ങാനാകുന്നതിലും അധികമാണ് വില. അതിനാൽതന്നെ വാക്സിൻ ലഭ്യമായിരുന്നെങ്കിൽ എന്ന് നാം ആശിച്ചുപോകും.

ഒരു വൈറസിനെ മെരുക്കുക എത്ര ക്ലേശകരവും ഉദ്വേഗജനകവുമാണെന്ന്​ നാം തിരിച്ചറിയണം. ചെറുപ്പക്കാർക്ക് ശാസ്ത്രാവബോധം ഉണ്ടാകാനും ഗവേഷണ താൽപര്യം ശക്തിപ്പെടുത്താനും ഇക്കൊല്ലത്തെ മെഡിസിൻ നൊ​േബൽ സമ്മാനത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം. വൈറസ് ചെറുകഥകളോ അത്ഭുതങ്ങളോ രചിക്കുന്നില്ല.

Tags:    
News Summary - The story of nobel prize for medicine 2020 winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.