പ്രപഞ്ചത്തില്‍ പുതിയ ‘സൗരയൂഥ’ത്തെ കണ്ടത്തെിയിരിക്കുന്നുവെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള ഏറ്റവും പുതിയ വര്‍ത്തമാനം. സൂര്യന്‍ എന്ന നക്ഷത്രവും അതിനുചുറ്റും ഏതാനും ഗ്രഹങ്ങളും അതിനുചുറ്റും ഉപഗ്രഹങ്ങളുമൊക്കെ അടങ്ങുന്ന ഒരു വ്യവസ്ഥയെ ആണല്ളോ നാം സൗരയൂഥം എന്നുവിളിക്കുന്നത്. അതുപോലെ മറ്റൊരു നക്ഷത്രത്തെയും അതിനെ ചുറ്റുന്ന ഏഴ് ഗ്രഹങ്ങളെയുമാണ് ഇപ്പോള്‍ നാസയിലെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ഏഴ് ഗ്രഹങ്ങള്‍ക്കും ഭൂമിയുമായി സാദൃശ്യമുണ്ടെന്നും അതുകൊണ്ടുതന്നെ അവിടെ ജീവന്‍ നിലനില്‍ക്കാനാവശ്യമായ സാഹചര്യം ഉണ്ടായിരിക്കാമെന്നുമാണ് നിഗമനം. ഭൂമിക്കുപുറത്ത് എവിടെയെങ്കിലും ജീവന്‍ പതിയിരിപ്പുണ്ടോയെന്ന് കാലങ്ങളായി ശാസ്ത്രജ്ഞര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആ ഗവേഷണങ്ങള്‍ക്ക് വേഗത പകരുന്നതാണ് പുതിയ കണ്ടുപിടിത്തം. 

ട്രാപിസ്റ്റ് 1 എന്ന കുള്ളന്‍ നക്ഷത്രത്തെയും അതിനെ പരിക്രമണം ചെയ്യുന്ന ഏഴ് ഗ്രഹങ്ങളെയുമാണ് കണ്ടത്തെിയിരിക്കുന്നത്. ഭൂമിയില്‍നിന്ന് ഏകദേശം 39 പ്രകാശവര്‍ഷം അകലെ (ഒരു പ്രകാശ വര്‍ഷം എന്നത് 9.5 ലക്ഷം കോടി കി.മീറ്റര്‍ ആണ്) കുംഭം നക്ഷത്ര രാശിയില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രമാണിത്. സൂര്യന്‍െറ പത്തിലൊന്ന് മാത്രം വലുപ്പവും ഭാരവുമാണ് ഇതിന്. 1990കളില്‍തന്നെ ഈ നക്ഷത്രത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് അതിനുചുറ്റും മൂന്ന് ഗ്രഹങ്ങളെയും കണ്ടത്തെി. ബെല്‍ജിയം ശാസ്ത്രജ്ഞനായ മിഖായേല്‍ ഗിലനാണ് ഈ കണ്ടത്തെലിന് പിന്നില്‍. ചിലിയിലെ ലാസില്ല എന്ന വാനനിരീക്ഷണ കേന്ദ്രത്തില്‍നിന്ന് നടത്തിയ നിരീക്ഷണത്തിലാണ് അദ്ദേഹത്തിന് ഭൂമിക്ക് സമാനമായ ഈ ഗ്രഹങ്ങളെ കണ്ടത്തൊനായത്. അതോടെ, ശാസ്ത്രലോകം ഒന്നടങ്കം ഈ നക്ഷത്രത്തിനു ചുറ്റുമായി കറക്കം. അവിടെ മറ്റേതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്നായിരുന്നു നോക്കിയിരുന്നത്. നാസയുടെ സ്പിറ്റ്സര്‍ എന്ന ബഹിരാകാശ ദൂരദര്‍ശിനിവഴി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ ഈ സപ്ത സഹോദരിമാരെ (നാസ ഇപ്പോള്‍ ഈ ഗ്രഹങ്ങളെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്) കണ്ടത്തെിയത്.

ഈ കണ്ടത്തെല്‍ ജ്യോതിശാസ്ത്രത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുക? കഴിഞ്ഞ അരനൂറ്റാണ്ടായി ഭൂമിക്കുപുറത്ത് എവിടെയെങ്കിലും ജീവനുണ്ടോയെന്ന് ശാസ്ത്രലോകം അന്വേഷിക്കുന്നുണ്ട്. ‘ജീവനുണ്ടോ’ എന്നു പറയുമ്പോള്‍ എവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കാനുള്ള അനുകൂല സാഹചര്യമുണ്ടോ എന്നു മാത്രമാണ് അര്‍ഥമാക്കുന്നത്. അഥവാ, ജീവന്‍െറ അടിസ്ഥാനഘടകങ്ങളായ ജൈവതന്മാത്രകളുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടത്തെുക എന്നതാണ് ഇതില്‍ ആദ്യ കടമ്പ. 

കാല്‍നൂറ്റാണ്ടിനിടെ, സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാസയുടെ കെപ്ളര്‍ ദൂരദര്‍ശിനിയാണ് ഇതില്‍ ഏറ്റവുംകൂടുതല്‍ കണ്ടത്തെലുകള്‍ നടത്തിയത്. അവയില്‍ പലതും വ്യാഴത്തിന് സമാനമായ വാതക ഭീമന്മാരായിരുന്നു. മറ്റുചിലതാകട്ടെ, ഭൂസമാനമായ ഗ്രഹങ്ങളും. ഈ ഭൂസമാന ഗ്രഹങ്ങളിലാണ് കാര്യമായ അന്വേഷണം നടത്തേണ്ടത്. എന്നാല്‍, അവയൊക്കെയും നേരിട്ട് നിരീക്ഷണം സാധ്യമാകാത്തവിധം വളരെ അകലെയായിരുന്നു. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെയും മറ്റും സഹായത്തോടെയുള്ള പഠനങ്ങളാണ് പ്രധാനമായും നടന്നിരുന്നത്.

അതിനാണെങ്കില്‍ പലപരിമിതികളുമുണ്ട്. ഇപ്പോള്‍ കണ്ടത്തെിയിരിക്കുന്ന ട്രാപിസ്റ്റ് നക്ഷത്രം താരതമ്യേന അടുത്താണ് (39 പ്രകാശവര്‍ഷം എന്നത് മനുഷ്യായുസ്സില്‍ സഞ്ചരിച്ച് തീര്‍ക്കാന്‍ കഴിയാത്ത ദൂരമാണെങ്കിലും ജ്യോതിശാസ്ത്ര പഠനത്തില്‍ അത് വളരെ അടുത്താണ്). മറ്റൊരര്‍ഥത്തില്‍, സ്പിറ്റ്സര്‍ പോലുള്ള ബഹിരാകാശ ദൂരദര്‍ശിനികളുപയോഗിച്ച് അവയെ നേരിട്ട് നിരീക്ഷിക്കാനാവും. ഇത്തരം നിരീക്ഷണങ്ങള്‍ കാര്യക്ഷമമാക്കാനുള്ള പരിപാടിയിലാണ് നാസ. ജെയിംസ് വെബ് സ്പേസ് ടെലസ്കോപ് എന്നപേരില്‍ അടുത്തവര്‍ഷം ഭീമന്‍ ബഹിരാകാശ ദൂരദര്‍ശിനി നാസ അയക്കുന്നുണ്ട്. ഇതു പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ ട്രാപിസ്റ്റിന്‍െറ കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമാകും. 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ, മനുഷ്യന്‍ അന്യഗ്രഹജീവികളെക്കുറിച്ച് സംസാരിക്കുകയും എഴുതുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഏറ്റവും ജനപ്രിയമായ ശാസ്ത്രകഥകളില്‍ ഭൂരിഭാഗവും അതിനാഗരികരായ അന്യഗ്രഹ മനുഷ്യനെക്കുറിച്ചാണെന്ന് പറയാം. അന്യഗ്രഹജീവികള്‍ കേവല കഥാപാത്രങ്ങള്‍ മാത്രമാകില്ളെന്നതിന്‍െറ സൂചനകളാണ് പുതിയ കണ്ടത്തെല്‍ നമ്മെ പഠിപ്പിക്കുന്നത്.  ഭൂമിക്കുപുറത്തെ ജീവനെതേടിയുള്ള യാത്രയുടെ ഏറ്റവും നിര്‍ണായകഘട്ടത്തിലാണ് നാം ഇപ്പോള്‍. 
 

Tags:    
News Summary - cheppu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT