അറിയിപ്പ് ലഭിക്കാത്തതുമൂലം ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്തില്ല

അറിയിപ്പ് ലഭിക്കാത്തതുമൂലം ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുത്തില്ല
കാറ്റഗറി നമ്പര്‍ 16/2014 അനുസരിച്ച് ഡ്രൈവര്‍ (LDV) തസ്തികയിലേക്ക് അപേക്ഷിക്കുകയും എഴുത്തുപരീക്ഷയില്‍ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്തു. റാങ്ക് ലിസ്റ്റ് എന്ന് വരുമെന്നറിയാന്‍ ഇടക്കിടക്ക് പി.എസ്.സി ഓഫിസില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. 12.6.2016ന് എല്ലാ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യാന്‍ പി.എസ്.സിയില്‍നിന്ന് മെസേജ് വന്നു. അതനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍, ഡ്രൈവിങ് ടെസ്റ്റിന്‍െറ ഒരു വിവരവും മെസേജായി ലഭിച്ചില്ല. അതിനാല്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 28.12.16ന് പി.എസ്.സിയില്‍ പോയപ്പോള്‍ ഡ്രൈവിങ് ടെസ്റ്റിന്‍െറ അവസാനദിവസം 27.12.16 ആയിരുന്നെന്ന് പി.എസ്.സിയില്‍ നിന്നറിഞ്ഞു. ഇനി ഒന്നും ചെയ്യാന്‍ പറ്റില്ളെന്നും പറഞ്ഞു. മെസേജ് വരാത്തത് കാരണമാണ് ടെസ്റ്റിന് പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും ഒരു അവസരം നല്‍കണമെന്നും പി.എസ്.സി ഓഫിസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എനിക്ക് ഒരവസരം ലഭിക്കാന്‍ ഇനി ഞാന്‍ എന്തുചെയ്യണം. 44 വയസ്സായ എനിക്ക് മറ്റൊരു മാര്‍ഗവുമില്ല. 
മുഹമ്മദ്, തൃശൂര്‍
നേരിട്ടോ പത്രത്തിലൂടെയോ മൊബൈലില്‍ മെസേജ് വഴിയോ അറിയിപ്പ് കിട്ടിയില്ളെങ്കില്‍ നിങ്ങള്‍ക്ക് അവസരം നഷ്ടപ്പെട്ടത് ഗുരുതര വീഴ്ചയാണ്. പി.എസ്.സിക്ക് അപ്പീല്‍ നല്‍കിയത് ഉചിതമായി. അപ്പീല്‍ സ്വീകരിച്ച് അവസരം നല്‍കേണ്ടത് സാമാന്യരീതിയാണ്. അനുകൂലമായ തീരുമാനം ഉണ്ടായേക്കും. ഇല്ളെങ്കില്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുക. അനുകൂലമായ വിധിയുണ്ടാകും. 
എല്‍.പി/യു.പി അറബിക് അധ്യാപക യോഗ്യത
പി.എസ്.സി വിളിക്കാറുള്ള എല്‍.പി.എസ് അറബിക് ടീച്ചര്‍ തസ്തികയുടെ യോഗ്യതകള്‍ ഇവയാണ്. അറബിക് മുന്‍ഷി എക്സാമിനേഷന്‍/അറബിക് പ്രിലിമിനറി എക്സാമിനേഷന്‍/അറബിക് എന്‍ട്രന്‍സ് എക്സാമിനേഷന്‍. ഈ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഈ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവരുടെ ഫോണ്‍ നമ്പര്‍ അറിയിക്കാമോ? 
ഈ പോസ്റ്റിലേക്ക് പത്താം ക്ളാസില്‍ അറബിക് രണ്ടാം ഭാഷയായി പഠിച്ചതും യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ എനിക്കതിന് അപേക്ഷിക്കാന്‍ കഴിയുമോ. ഞാന്‍ എസ്.എസ്.എല്‍.സിക്ക് അറബിക് രണ്ടാം ഭാഷയായി പഠിച്ചിട്ടുണ്ട്. കൂടാതെ ഏഴ് വര്‍ഷം അറബിക് പഠിക്കുകയും ചെയ്തിട്ടുണ്ട്. 
ഒരു ഉദ്യോഗാര്‍ഥി
ഈ ചോദ്യം പലപ്രാവശ്യം വന്നിട്ടുള്ളതാണ്. അതിലൊന്നും ചോദ്യകര്‍ത്താവിന്‍െറ പേരോ സ്ഥലമോ എഴുതിയിരുന്നില്ല. പേരുവിവരം എഴുതുന്നതില്‍ എന്താണ് വിമുഖത. 
അറബിക് മുന്‍ഷി എക്സാമിനേഷന്‍, അറബിക് പ്രിലിമിനറി എക്സാമിനേഷന്‍, അറബിക് എന്‍ട്രന്‍സ് എക്സാമിനേഷന്‍ എന്നിവയൊന്നും നിലവിലുള്ള കോഴ്സ് അല്ല. അറബിക് മുന്‍ഷി എക്സാമിനേഷന്‍െറ പരിഷ്കരിച്ച പേരാണ് അറബിക് ടീച്ചേഴ്സ് എക്സാമിനേഷന്‍. അതിന്‍െറ പരീക്ഷ നടത്തുന്നത് പരീക്ഷാ കമീഷണറാണ്. സര്‍ക്കാര്‍തലത്തില്‍ ആ കോഴ്സ് നടത്തുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളാണ് ഇതിനുള്ള പരിശീലനം നല്‍കിവരുന്നത്. കേരളത്തിലുള്ള പല സ്ഥാപനങ്ങളിലും ഈ കോഴ്സിനുള്ള പരിശീലനം നല്‍കിവരുന്നുണ്ട്. ഫെബ്രുവരിയില്‍ അപേക്ഷ ക്ഷണിക്കും. സെപ്റ്റംബറില്‍ പരീക്ഷയും നടത്തുകയാണ് പതിവ്. സ്വന്തമായി പഠിച്ചെഴുതാനും കഴിയും. സിലബസ് പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ (keralapareekshabhavan.in) ഉണ്ട്. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എസ്.എസ്.എല്‍.സിക്കോ പ്ളസ് ടുവിനോ രണ്ടാം ഭാഷയായി അറബിക് പഠിച്ചിരിക്കണം. ഒറ്റ സിറ്റിങ്ങില്‍ ഈ പരീക്ഷ എഴുതാം. അഫ്ദലുല്‍ ഉലമ പ്രിലിമിനറിയാണ് മറ്റൊരു കോഴ്സ്. ഈ ദ്വിവത്സരകോഴ്സ് കാലിക്കറ്റ്, കണ്ണൂര്‍ യൂനിവേഴ്സിറ്റിയുടേതാണ്. രണ്ട് സിറ്റിങ്ങിലാണ് പരീക്ഷ എഴുതേണ്ടത്. ഈ കോഴ്സ് പ്ളസ് ടുവിന് (ഹ്യുമാനിറ്റീസ്) തുല്യമായി പരിഗണിച്ചിട്ടുണ്ട്. ഈ കോഴ്സിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സിലബസ് അയച്ചുതരും. സ്വയം പഠിക്കുകയോ ഏതെങ്കിലും പരിശീലനക്ളാസില്‍ ചേര്‍ന്നോ പഠിക്കാം.
ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നടത്തിവരുന്ന മറ്റൊരു കോഴ്സാണ് ഓറിയന്‍റല്‍ എസ്.എസ്.എല്‍.സി. അത് കേരളത്തില്‍ എട്ട് ഓറിയന്‍റല്‍ ഹൈസ്കൂളുകളില്‍ നടത്തിവരുന്നു. (കൊച്ചി, പട്ടാമ്പി, തിരൂരങ്ങാടി, പുളിക്കല്‍ (മലപ്പുറം), കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍). 
പാര്‍ട്ട് III അറബിക് ആയിട്ടുള്ള പ്രീഡിഗ്രി, അതിന്‍െറ രണ്ടാംഭാഷയും അറബിക്കാണ്. പ്ളസ് ടുവിനും ഈ സിസ്റ്റം ഉണ്ട്. ഒരു ഡിഗ്രിയുള്ളവര്‍ക്ക് അറബിക്കില്‍ ബി.എ പാസാകാനും കഴിയും. 
എന്‍ജിനീയറിങ്ങിന് ചേര്‍ന്നപ്പോള്‍ വാങ്ങിവെച്ച സര്‍ട്ടിഫിക്കറ്റ് തിരിച്ച് ലഭിക്കാന്‍ 
കോയമ്പത്തൂരിലെ ഒരു എന്‍ജിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷം സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. അഡ്മിഷന്‍ സമയത്ത് എസ്.എസ്.എല്‍.സിയുടെയും പ്ളസ് ടുവിന്‍െറയും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവെച്ചിരുന്നു. ഡിസംബര്‍ 16ന് ഒരു മിലിറ്ററി സെലക്ഷന് ഈ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കേണ്ടതുകൊണ്ട് കോളജിനെ സമീപിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചുതരാന്‍ പറ്റില്ളെന്നും പഠനം പൂര്‍ത്തിയാക്കിയാലേ തിരിച്ചുതരാന്‍ പറ്റുകയുള്ളൂ എന്നുമാണ് അവര്‍ പറഞ്ഞത്. വേണമെങ്കില്‍ ഇവിടെ പഠിക്കുകയാണ്, ഞങ്ങളുടെ കസ്റ്റഡിയിലാണെന്ന് കാണിച്ച് ഒരു എഴുത്ത് പ്രൂഫായി തരാമെന്നും പറഞ്ഞു. ഒരു കോഴ്സിന് ചേരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഠനകാലം വരെ അവരെ ഏല്‍പിക്കണമെന്ന് നിയമമുണ്ടോ? അത് തിരിച്ചുകിട്ടാന്‍ നിയമപരമായി ഞാന്‍ എന്തുചെയ്യണം.
അബ്ദുല്‍ കരീം, പറളി
അഡ്മിഷന്‍ സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചുനല്‍കണമെന്നാണ് നിയമം. സര്‍ട്ടിഫിക്കറ്റിന്‍െറ ഫോട്ടോ കോപ്പി സൂക്ഷിച്ചാല്‍ മതി. എന്നാല്‍, കേരളത്തിന് പുറത്തുള്ള പല സെല്‍ഫ് ഫൈനാന്‍സ് കോളജുകളും കോഴ്സ് തീരുന്നതുവരെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കുകയാണ് ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ കോളജിന്‍െറ കസ്റ്റഡിയിലുണ്ടെന്ന കത്ത് അവരില്‍നിന്ന് വാങ്ങുക. പിന്നീട് ബന്ധപ്പെട്ട യൂനിവേഴ്സിറ്റിയോട് സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു അപേക്ഷ നല്‍കുക. അവര്‍ അനുകൂലമായി പ്രതികരിച്ചില്ളെങ്കില്‍ ഹൈകോടതിയെ സമീപിക്കുക. ഇങ്ങനെ നീങ്ങുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം കൂടി ഓര്‍ക്കണം. 
കെ ടെക് പാസാകുന്നതിലുള്ള ഇളവ്
31.03.2012 വരെ സ്ഥിരം ഒഴിവില്‍ നിയമനം ലഭിച്ചവര്‍, കെ.ഇ.ആര്‍ 51A, 51B (ചാപ്റ്റര്‍ VIII) എന്നിവയനുസരിച്ച് 25.07.2012 വരെ നിയമനത്തിന് ക്ളെയിം നേടിയവര്‍, ഒരു വര്‍ഷം (2011-2012 അക്കാദമിക് വര്‍ഷം) അഡീഷനല്‍ ഡിവിഷന്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം ലഭിച്ച് ജോലി ചെയ്തവര്‍ (അവര്‍ മറ്റുതരത്തില്‍ യോഗ്യരല്ളെങ്കില്‍) എന്നിവരെ കെ ടെറ്റ് പാസാകുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടെന്നും 31.05.2016 ലെ മാധ്യമത്തില്‍ കണ്ടിരുന്നു. ഇതിന് ഉപോല്‍ബലകമായ സര്‍ക്കാര്‍ ഉത്തരവ് ഏതാണ്. അതൊന്ന് വിശദീകരിക്കാമോ. 
ഫസീല ബാനു, വാളക്കുളം
01.03.2012ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് എയ്ഡഡ് സ്കൂളിലെ അധ്യാപകനിയമനത്തിന് കെ ടെറ്റ് നിര്‍ബന്ധമാക്കിയത്. 2012-13 അധ്യയനവര്‍ഷം മുതലാണ് ഇതിന് പ്രാബല്യം. മുകളില്‍ പറഞ്ഞ ഇളവ് അനുവദിച്ചത് 25.07.2012ാം തീയതിയിലുള്ള സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ GO (P) 244/12/G. Edu. അനുസരിച്ചാണ്. നിലവിലുള്ളവര്‍ക്ക് ടെസ്റ്റ് പാസാകാന്‍ 2017-18 വര്‍ഷം വരെ അവസരമുണ്ട്. അതായത് 01.03.12 മുതല്‍ അഞ്ചുവര്‍ഷം വരെയാണ് ഇളവ്. 
നേരത്തേ സര്‍വിസില്‍ കയറിയവര്‍ക്കും 1.3.12നുശേഷം സ്ഥിരം സര്‍വിസില്‍ പ്രവേശിച്ചവര്‍ക്കും (ഇളവ് ലഭിച്ചവര്‍) നിയമനത്തിന് കെ ടെറ്റ് ആവശ്യമില്ല. എന്നാല്‍, അവരും പിന്നീട് ടെസ്റ്റ് പാസാകേണ്ടിവരും. ഇളവ് ലഭിച്ചവര്‍ക്ക് ഇന്‍ക്രിമെന്‍റ് ലഭിക്കുന്നതിനോ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനോ ടെസ്റ്റ് പാസാകണമെന്നില്ല. 
എന്നാല്‍, പ്രൊമോഷന്‍ ലഭിക്കുന്നതിന് ടെസ്റ്റ് പാസാകേണ്ടിവരും. അതായത് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ളവര്‍ക്ക് 1.3.12നുശേഷം സ്ഥിരനിയമനം ലഭിക്കാന്‍ ടെസ്റ്റ് പാസാകുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മാത്രം.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.