തിരഞ്ഞെടുക്കാം, അനുയോജ്യമായ കരിയര്‍

പ്ലസ് ട​ുവിനു ശേഷം ചെയ്യാവുന്ന നല്ല കോഴ്സ് പറഞ്ഞുതരണം, പെട്ടെന്ന് ജോലി കിട്ടണം, നല്ല ശമ്പളം വേണം, പിന്നെ അധികം ആരും ചെയ്യാത്ത കോഴ്സ് ആയിരിക്കണം. പത്താംതരം ഫലം വന്ന ഉടനെ വന്ന ഒരു ഫോണ്‍കാള്‍ ആണ്. എല്ലാവരും ആഗ്രഹിക്കുന്നത് നല്ല പഠന-തൊഴില്‍ മേഖലകളില്‍ എത്തിപ്പെടുക എന്നതാണ്. പക്ഷേ, ഏറ്റവും സാധ്യതകളുള്ള, പെട്ടെന്ന് ജോലി ലഭിക്കുക എന്ന പരിഗണനവെച്ച് തിരഞ്ഞെടുക്കുന്ന കോഴ്സുകളില്‍ എല്ലാവരും വിജയിക്കുന്നുണ്ടോ?

ഇന്ത്യയില്‍ കോഴ്സ് തിരഞ്ഞെടുക്കുന്നവരുടെ ഏതാണ്ട് 65 ശതമാനവും അവര്‍ക്ക് സംതൃപ്തി നല്‍കുന്ന കരിയര്‍ മേഖലയിലല്ല എത്തിച്ചേരുന്നത്. മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ ചേരുന്നവരില്‍ ഏതാണ്ട് 30 ശതമാനവും അവ തങ്ങള്‍ക്ക് ചേരുന്ന കോഴ്സേ അല്ല എന്ന് മനസ്സിലാക്കുന്നു. എൻജിനീയറിങ് പൂർത്തിയാക്കുന്നവരില്‍ 35 ശതമാനത്തിലധികവും സാങ്കേതികമേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

കോഴിക്കോട്ടെ ഒരു നഴ്സിങ് സ്ഥാപനത്തിലെ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികളില്‍ ഏതാണ്ട് 20 ശതമാനവും നഴ്സിങ് ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വിദ്യാര്‍ഥിനി പറഞ്ഞത് അവള്‍ക്ക് ആ കോഴ്സിന്‍റെ പ്രാക്ടിക്കല്‍ മേഖലകള്‍ ഇഷ്ടമാവുന്നില്ല, രോഗികളെ പരിചരിക്കുക, ശുശ്രൂഷിക്കുക എന്നതിലൊന്നും താൽപര്യമില്ല എന്നൊക്കെയാണ്.

ഇന്ത്യയില്‍ ഏതാണ്ട് 15 ശതമാനം ആളുകള്‍ മാത്രമേ തങ്ങളുടെ തൊഴില്‍മേഖലകളില്‍ പൂര്‍ണസംതൃപ്തിയോടെ ജോലി ചെയ്യുന്നുള്ളൂ എന്നതാണ് യാഥാർഥ്യം.

എന്തുകൊണ്ടാണ് കരിയര്‍ തിരഞ്ഞെടുപ്പ് വഴിതെറ്റി പോകുന്നത്​? ടി.എന്‍.എസും ഔട്ട്‌ലുക്ക്‌ മാഗസിനും ചേര്‍ന്ന് നടത്തിയ സര്‍വേകളില്‍ ഇതിനൊക്കെ രസകരമായ ചില കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. ഇന്ത്യയിലെ 72 ശതമാനം വിദ്യാർഥികളും തങ്ങളുടെ രക്ഷിതാക്കളുടെ ഇഷ്ടങ്ങളെയാണ് കരിയര്‍ തിരഞ്ഞെടുപ്പിന് അവലംബിക്കുന്നതത്രേ.

യഥാർഥത്തില്‍ മാതാപിതാക്കള്‍ ഇതില്‍ കുറ്റക്കാരല്ല. സ്വന്തമായി കരിയര്‍ ധാരണകള്‍ ഇല്ലാത്തതിനാല്‍, അധിക വിദ്യാർഥികളും അവസാനം രക്ഷിതാക്കളുടെ തിരഞ്ഞെടുപ്പുകളെ അവലംബിക്കുന്നു. സഹപാഠികള്‍ തിരഞ്ഞെടുക്കുന്ന കോഴ്സ് തന്നെ മ​റ്റൊന്നും ചിന്തിക്കാതെ തിരഞ്ഞെടുക്കുന്നവരുമുണ്ട്.

കോഴ്സുകളെ കുറിച്ച് കൃത്യമായ ധാരണകള്‍ രൂപപ്പെടുത്താത്തതും, ഓരോ കോഴ്സിനു ശേഷവുമുള്ള തൊഴില്‍മേഖലകളും അവസരങ്ങളും, എന്തൊക്കെയാണ് അവയുടെയൊക്കെ സ്വഭാവം എന്ന വിവരങ്ങള്‍ ഇല്ലാത്തതും പലപ്പോഴും വിദ്യാര്‍ഥികളെ തെറ്റായ തിരഞ്ഞെടുപ്പില്‍ എത്തിക്കുന്നു. ഏറ്റവും അനുയോജ്യമായ കരിയര്‍ കണ്ടെത്തുന്നതിനു നാല് പ്രധാന കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

സ്വന്തം കഴിവുകളും അഭിരുചികളും കണ്ടെത്തുക. ഏറ്റവും നല്ല കോഴ്സ് ഏതാണ് എന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം, ഒരാളുടെ ആന്തരിക കഴിവുകള്‍, ഇഷ്ടങ്ങള്‍ - അഭിരുചി, ജന്മസിദ്ധമായ കഴിവുകള്‍, തൊഴില്‍ താൽപര്യങ്ങള്‍, വ്യക്തിത്വ വിശേഷങ്ങള്‍- എന്നിവയെ, ബാഹ്യഘടകങ്ങളായ തൊഴിലവസരങ്ങള്‍, സാധ്യതകള്‍ എന്നിവയുമായി ഏറ്റവും യുക്തിഭദ്രമായി സംയോജിപ്പിക്കലാണ്.

പ്രഥമ പരിഗണന ആന്തരിക കഴിവുകള്‍ക്കാണ് നല്‍കേണ്ടത്. പക്ഷേ, ശാസ്ത്രീയമായ സങ്കേതങ്ങളെ ഉപയോഗിച്ച് സ്വന്തം കഴിവുകള്‍ കണ്ടെത്തി കരിയര്‍ തിരഞ്ഞെടുപ്പില്‍ എത്തുന്നവര്‍ ഇന്ത്യയില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. ഇവിടെ രക്ഷിതാക്കള്‍ക്ക് ഏറ്റവും നല്ല ഗൈഡാവാന്‍ കഴിയും.

മക്കളെ കൃത്യമായും കാര്യക്ഷമമായും നിരീക്ഷിക്കുകയും വിലയിരുത്തുകയും കഴിവുകളെ സമയാസമയങ്ങളില്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും അവരെ അവരുടെ മികച്ച തൊഴില്‍ മേഖലയില്‍ എത്തിക്കാന്‍ കഴിയും.

അനുയോജ്യമായ കരിയര്‍ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍രീതികള്‍, ആ മേഖലയിലെ കര്‍മങ്ങളും ഉത്തരവാദിത്തങ്ങളും എന്തെല്ലാം തുടങ്ങിയവ തിരിച്ചറിയുക. നഴ്സിങ് മേഖലയാണെങ്കില്‍, ചെ​േയ്യണ്ട ജോലികള്‍ എന്തൊക്കെ, മറൈന്‍ എൻജിനീയറാണെങ്കിൽ എന്തൊക്കെയാണ് ഉത്തരവാദിത്തങ്ങള്‍ എന്നതൊക്കെ കൃത്യമായി അറിയണം.

ആവശ്യമെങ്കില്‍ ഒരു വർഷം ബ്രേക്ക്‌ എടുക്കാം, കരിയറുകള്‍ പരിചയപ്പെടാന്‍. പ്ലസ് ടു ഒക്കെ കഴിഞ്ഞു സാധ്യമെങ്കില്‍ ഒരു വർഷം യാത്ര തന്നെ ആവാമെന്ന് കുട്ടികളോട് പറയാറുണ്ട്. അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കരിയര്‍ മേഖലകളെ അനുഭവിച്ച് അറിയാന്‍ ഒരു യാത്ര.

സാധ്യമെങ്കില്‍ കണ്ടെത്തിയ കരിയര്‍ മേഖലകളിലെ ആളുകളുമായി ഇടപഴകുകയും, അവരുമായി സംവദിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് കൃത്യമായ ദിശാബോധം നല്‍കാനാകും. പക്ഷേ, ശ്രദ്ധിക്കേണ്ട കാര്യം സ്വന്തം കരിയര്‍ മേഖലകളെ കുറിച്ച് പോസിറ്റീവായി സംസാരിക്കുന്നവരെ മാത്രം കണ്ടെത്തുക എന്നതാണ്.

തിരഞ്ഞെടുക്കുന്ന കോഴ്സുകളുടെ ഉപരിപഠന, തൊഴില്‍ സാധ്യതകളുടെ വൈവിധ്യം അറിയുക. ഫാര്‍മസി കോഴ്സ് കഴിഞ്ഞാല്‍ ഫാര്‍മസിസ്റ്റ് ആവുക എന്നത് മാത്രമല്ല അവസരം. അവര്‍ക്ക് ബയോടെക്നോളജിയിലേക്ക് മാറാം. ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്മെന്റ് ഒരു പ്രധാന അവസരമായി കാണാം. ഗവേഷണ പഠനങ്ങളിലേക്ക് മാറാം. അങ്ങനെ ഓരോ കോഴ്സുകള്‍ക്കും ഒട്ടേറെ അവസരങ്ങളുണ്ട് എന്ന് മനസ്സിലാക്കുക.

ഈ നാല് കാര്യങ്ങളെ അടിസ്ഥാനമാക്കി കരിയര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് ചിന്തിക്കൂ, തീര്‍ച്ചയായും നിങ്ങള്‍ ഏറ്റവും അനുയോജ്യമായ മേഖലയില്‍ എത്തിച്ചേരും.

പത്താം തരത്തിന് ശേഷം എന്ത്​​? എങ്ങനെ?-  അടുത്ത ‘വിൻഡോ’യിൽ

Tags:    
News Summary - Lets Select suitable career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.