റാങ്കുകാർ പറയട്ടെ, എങ്ങനെ പഠിക്കണം

മത്സര പരീക്ഷകളിലെല്ലാം മലയാളി വിദ്യാർഥികളുടെ ജൈത്രയാത്രയാണ് ഈ വർഷം നാം കണ്ടത്. നീറ്റ്, കേരള എൻജിനീയറിങ്/മെഡിക്കൽ പ്രവേശന പരീക്ഷ, ജോയൻറ് എൻട്രൻസ് എക്സാം, ജിപ്മർ പ്രവേശന പരീക്ഷ തുടങ്ങിയ പരീക്ഷകളിലെല്ലാം മലയാളി വിദ്യാർഥികൾക്ക് തിളക്കമാർന്ന  വിജയമായിരുന്നു. മികച്ച റാങ്കുകൾ നേടി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർ  വിജയത്തിലേക്ക് നയിച്ച പഠന വഴികളും തുടരേണ്ട ശീലങ്ങളും പങ്കുവെക്കുന്നു: 

മനഃപാഠമാക്കരുത്
ഇത്തവണത്തെ മത്സര പരീക്ഷാഫലങ്ങളിൽ നാം ഏറ്റവും കൂടുതൽ കേട്ടത് ഷാഫിൽ മാഹീൻ എന്ന പേരായിരുന്നു. കോഴിക്കോട്​ പുതിയറ അരയിടത്ത് പാലത്ത് താമസിക്കുന്ന തിരൂർക്കാരനായ ഈ കൊച്ചു മിടുക്കൻ പേരിനോട് ചേർത്ത വെച്ച റാങ്കുകൾ ഏറെയുണ്ട്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ദേശീയ തലത്തിൽ എട്ടാം റാങ്കും ഒ.ബി.സി വിഭാഗത്തിൽ ഒന്നാം റാങ്കും നേടി. 360-ൽ 345 മാർക്കും നേടി കേരളത്തിലെ ഒന്നാമനായി. ജെ.ഇ.ഇ അഡ്വാൻസ്ഡ്​ പരീക്ഷയിൽ ഒരു പടി കൂടി കൂടിയ നേട്ടമായിരുന്നു. ദേശീയതലത്തിൽ നാലാം റാങ്ക്. 90.43 ശതമാനം മാർക്ക് നേടി ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനം നേടി. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിലും ഷാഫിലിനായിരുന്നു ഒന്നാം റാങ്ക്. എന്നാൽ ഈ പരീക്ഷ വിജയങ്ങളൊന്നുമല്ല ഷാഫിലി​​​​െൻറ മുന്നോട്ടുള്ള പഠനത്തിന് മാനദണ്ഡമായത്​. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജനയിൽ 41ാം റാങ്ക് നേടിയിരുന്നു.അതി​​​​െൻറ അടിസ്ഥാനത്തിലാണ് ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം നേടിയിരിക്കുന്നത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഉയർന്ന റാങ്കുണ്ടായിട്ടും ഐ.ഐ.ടി/ എൻ.ഐ.ടി പഠനം വേണ്ടെന്ന് വെച്ച ഷാഫിലിന് കണക്കിലെ കളികളിലാണ് താൽപര്യം. അതുകൊണ്ട് തന്നെയാണ് ഐ.ഐ.എസ് സിയിൽ ബി.എസ് മാത്തമാറ്റിക്സ് തെരഞ്ഞെടുത്തതും. നാല് വർഷത്തെ കോഴ്സിൽ ആദ്യ മൂന്ന് സെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എൻവയോൺമ​​​​െൻറൽ സയൻസ്, മെറ്റീരീയൽ സയൻസ് എന്നിവ പഠിക്കണം. അതിന് ശേഷം ഇഷ്​ട്മുള്ള വിഷയം തെരഞ്ഞെടുക്കാം. 

ഷാഫിൽ മാഹീൻ മാതാപിതാക്കളോടൊപ്പം
 

തിരൂർ ബി.പി അങ്ങാടി സ്വദേശിയായ പിതാവ് കെ.എ.നിയാസ്​ തിരൂർ എസ്.എസ്.എം പോളിടെക്നിക് അധ്യാപകനും മാതാവ് ഷംജിദ കാവനൂർ പി.എച്ച്.സിയിൽ ഡോക്ടറുമാണ്. മക​​​​​െൻറ പഠനത്തിനുള്ള സൗകര്യത്തിന് വേണ്ടിയാണ് കുടുംബം പുതിയറക്ക് താമസം മാറ്റിയത്. കോഴിക്കോട് റേയ്സ് പബ്ലിക് സ്കൂളിലാണ് ഷാഫിൽ എൻട്രൻസ് പരിശീലനം നേടിയിരുന്നത്. പ്ലസ് വൺ,  പ്ലസ് ടു പഠനത്തിനൊപ്പം തന്നെയാണ് എൻട്രൻസ് പരിശീലനവും നടത്തിയത്. രാവിലെ ആറ് മുതൽ പഠിക്കാനിരുന്നാൽ പ്രവൃത്തി ദിവസങ്ങളിൽ ആറ് മണിക്കൂർ വരെയും അവധി ദിവസങ്ങളിൽ 11-12 മണിക്കൂർ വരെയും പഠിച്ചിരുന്നുവെന്ന് ഷാഫിൽ പറയുന്നു. ഓരേ രീതിയിലുള്ള രണ്ടോ മൂന്നോ കണക്കുകൾ ചെയ്ത് തന്നെ പഠിക്കും. 
സമവാക്യങ്ങൾ പോലും മന:പാഠം പഠിക്കരുതെന്നാണ് ഷാഫിലിന് പിന്നിൽ വരുന്നവരോട് പറയാനുള്ളത്. ഓരോ സമവാക്യങ്ങളും രൂപപ്പെട്ട് വരുന്നത് എങ്ങനെയാണ് എന്ന് പഠിക്കണം. അപ്പോൾ അതിൽ നിന്ന് തന്നെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയും. സമവാക്യം മറന്ന് പോയത് കൊണ്ട് കണക്ക് ചെയ്യാൻ കഴിയാതെ പരീക്ഷ ഹാളിലിരുന്ന് വിയർക്കുകയും വേണ്ടെന്ന് ഷാഫിൽ പറയുന്നു. 

എഴുതണം പറ്റാവുന്നിടത്തോളം പരീക്ഷകൾ
കൊടിഞ്ഞി സ്വദേശിയായ അലിഫ് അൻഷിലാണ് കേരള ഫാർമസി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരനായത്. അവസാന നിമിഷം എഴുതാൻ തീരുമാനിച്ച ഫാർമസി പരീക്ഷയിൽ റാങ്ക് നേടിയപ്പോൾ ഞെട്ടലായിരുന്നുവെന്ന് അലിഫ് പറയുന്നു. 408.5879 ആണ് സ്കോർ. നീറ്റ് പരീക്ഷയിൽ 468ാം റാങ്ക് നേടിയ അലിഫ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയിരിക്കുകയാണ്. 

അലിഫ് അൻഷിൽ
 


പത്താം ക്ലാസ് വരെ താനൂർ എം.ഇ.എസിൽ പഠിച്ച അലിഫി​​​​െൻറ ഹയർസെക്കൻഡറി വിദ്യാഭ്യാസം ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂളിലായിരുന്നു. ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഒരു വർഷം പ്രവേശന പരിശീലനം നേടിയാണ് നീറ്റ് കൈപ്പിടിയിലൊതുക്കിയത്.  
കോച്ചിങ് സ​​​​െൻററിലെ അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഫാർമസി പ്രവേശന പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയപ്പോൾ റാങ്ക് ലഭിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. പരീക്ഷ എഴുതി പരീശീലിക്കുകയെന്ന ലക്ഷ്യം മാത്രമേ ഫാർമസി പരീക്ഷ എഴുതുമ്പോളുണ്ടായിരുന്നുള്ളുവെന്ന് അലിഫ് പറയുന്നു. 
‘‘ഓരോരുത്തർക്കും ഓരോ പഠന രീതിയുണ്ട്. അതിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം. ഞാൻ പഠിച്ചത് പോലെയായിരുന്നില്ല കോച്ചിങ് െസൻററിലെ എ ​​​​െൻറ കൂട്ടുകാർ പഠിച്ചിരുന്നത്. അവരും മികച്ച റാങ്കുകൾ നേടിയിട്ടുണ്ട്. പരീക്ഷ അടുക്കുമ്പോൾ ഏതെങ്കിലും പരീക്ഷ സഹായി പുസ്തകങ്ങൾ വായിച്ച് പഠന രീതി മാറ്റാൻ ശ്രമിച്ചാൽ ആ രീതിയിൽ തുടരാൻ കഴിഞ്ഞെന്ന് വരില്ല’’- അലിഫ് പറയുന്നു. 

ദിവസവും കൃത്യമായ സമയത്ത്  പഠിക്കാതെ സൗകര്യപ്രദമായ രീതിയിൽ പഠിക്കുകയെന്നതായിരുന്നു അലിഫി​​​​െൻറ രീതി. ആറ് മണിക്കൂർ ഉറങ്ങും. അത് എല്ലാ ദിവസവും ഒരേ സമയത്തായിരിക്കില്ല. പഠിച്ച് ക്ഷീണിക്കുമ്പോൾ ഉറങ്ങും. 12 മണിക്കൂർ വരെ ദിവസവും പഠിക്കാൻ ശ്രമിച്ചിരുന്നുവെന്നും അലിഫ് പറയുന്നു. 
പരീക്ഷകൾ പരമാവധി എഴുതുകയാണ് അലിഫി​​​​െൻറ വിജയിക്കാനുള്ള തന്ത്രങ്ങളിലൊന്ന്. മെഡിസിന്  പോവാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും എൻജിനീയറിങ് പ്രവേശ പരീക്ഷയും എഴുതിയിരുന്നു. അതിലും ഫിസിക്സും കെമിസ്ട്രിയും വരുന്നുണ്ട്. അത്രയും ചോദ്യങ്ങളെ കൂടി പരിചയപ്പെടാനും പരീക്ഷ എഴുതുമ്പോഴുള്ള  

അലിഫ് അൻഷിൽ കുടുംബത്തോടൊപ്പം
 

സമ്മർദ്ദം കുറക്കാനും വേണ്ടിയാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയും എഴുതിയതെന്ന് അലിഫ് പറയുന്നു. 
ഫാർമസി പരീക്ഷ എഴുതുമ്പോൾ ഒട്ടും സമ്മർദ്ദമുണ്ടായിരുന്നില്ല. പ്രവേശനം നേടാൻ വേണ്ടിയുള്ള എഴുത്ത് അല്ലാത്തത് കൊണ്ട് വളരെ ശാന്തമായാണ് എഴുതിയത്. അതി​​​​െൻറ ഫലം ഫാർമസി പരീക്ഷക്കുണ്ടായിട്ടുണ്ടെന്നാണ് അലിഫി​​​​െൻറ അനുഭവം. നീറ്റ് പരീക്ഷ എഴുതുമ്പോൾ കിട്ടിയേ തീരൂ എന്ന സമ്മർദ്ദമുണ്ടായിരുന്നു. ആ സമ്മർദ്ദം ഇല്ലായിരുന്നെങ്കിൽ കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു. പരീക്ഷ സമയത്ത് സമ്മർദ്ദം ഒഴിവാക്കുകയെന്നതും വിജയത്തി​​​​െൻറ പ്രധാന ഘടകമാണെന്ന് അലിഫ് ഓർമ്മിപ്പിക്കുന്നു. 

ആത്മവിശ്വാസം വേണം; സമ്മർദ്ദം പാടില്ല
മേലാറ്റൂർ എടത്തനാട്ടുകര സ്വദേശി നദ ഫാത്തിമ നേടിയത് നീറ്റിൽ 18ാം റാങ്കാണ്. പ്ലസ്ടു പരീക്ഷക്ക് ശേഷം യാതൊരു തയ്യാറെടുപ്പുമില്ലാതെ എഴുതിയ കേരള മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 10000ത്തിന് അടുത്തായിരുന്നു നദയുടെ റാങ്ക്. ആ പരീക്ഷയാണ് ഒരിക്കൽ കൂടി പയറ്റാനുള്ള ആത്മവിശ്വാസം നൽകിയതെന്ന് നദ പറയുന്നു. യാതൊരു തയ്യാറെടുപ്പും നടത്താതെ ഈ റാങ്ക് നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒന്നുകൂടി തയ്യാറെടുത്താൽ ഉയർന്ന റാങ്ക് നേടാമെന്ന ആത്മവിശ്വാസം വന്നു. കർഷകനായ ഉപ്പ ചെട്ടിയാംതൊടി മുഹമ്മദ് ഷാഫിയും ഉമ്മ റസിയയും ഒപ്പം നിന്നതോടെ പാല ബ്രില്ലൻസിൽ പരിശീലനത്തിന് ചേർന്നു. ഒരു വർഷത്തെ കഠിന പരിശീലനം കൊണ്ട് 10000ത്തിൽ നിന്ന് റാങ്ക് സംസ്ഥാന തലത്തിൽ രണ്ടാം റാങ്കുകാരി എന്ന നിലയിലേക്ക് ഉയർന്നു. 

നദ ഫാത്തിമ
 


രണ്ട് മണിക്കൂറോളം തുടർച്ചയായി പഠിച്ച ശേഷം അല്പ സമയം പഠനത്തിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്ത് മനസിനെ സ്വസ്ഥമാക്കുന്നതാണ് നദയുടെ പഠന രീതി. പിന്നിൽ വരുന്നവരോട് നദക്ക് ഒന്നേ പറയാനുള്ളു. വിജയം നേടാൻ ആത്മവിശ്വാസം വേണം, മറ്റാരുടെയും സമ്മർദ്ദം കൊണ്ടാവരുത് പഠനം. 

പരിശീലനത്തിന് വേണ്ടി പോയപ്പോൾ ആദ്യത്തെ ഒരു മാസം ആശങ്കകൾ നിറഞ്ഞതായിരുന്നു.  കൂടെയുള്ളവർക്കൊപ്പമെത്താനാവില്ലെന്നും മടങ്ങി പോവണമെന്നും തോന്നിയിരുന്നു. പിന്നീട് അങ്ങനെ മത്സരിക്കേണ്ടതില്ലെന്ന് മനസിലാക്കി സ്വസ്ഥമായി പഠിച്ചതോടെ കാര്യങ്ങൾ നദയുടെ കൈപ്പിടിയിലൊതുങ്ങി. 
കൂടെയുണ്ടായിരുന്ന മിടുക്കരായിരുന്ന പലർക്കും പരീക്ഷ സമയത്തെ അമിത സമ്മർദ്ദം മൂലം ഉയർന്ന റാങ്ക് നഷ്​ടമായിട്ടുണ്ട്. ചോദ്യ പേപ്പർ കിട്ടുമ്പോൾ പഠിച്ചതെല്ലാം മറന്ന് പോവുന്ന അവസ്ഥ എത്തിയവർ വരെയുണ്ട്. അതുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോകം അവസാനിക്കുമെന്ന തരത്തിലുള്ള സമ്മർദ്ദത്തോടെ പരീക്ഷയെ അഭിമുഖീകരിക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു നദ ഫാത്തിമ. 

നദ ഫാത്തിമ കുടുംബത്തോടൊപ്പം
 


നീറ്റിൽ 18ാം റാങ്ക് നേടിെയങ്കിലും നദ പോണ്ടിച്ചേരി ജിപ്മറിലാണ് എം.ബി.ബി.എസിന് പ്രവേശനം നേടിയിരിക്കുന്നത്. ജിപ്മർ പ്രവേശന പരീക്ഷയിൽ 295ാം റാങ്കായിരുന്നു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനം എന്ന നിലയിൽ ജിപ്മർ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് നദ പറയുന്നു. 

Tags:    
News Summary - Rank holders sharing experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.