എയ്ബ് എന്ത്, എന്തിന്?

വര്‍ഷംതോറും നിരവധി വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിയമബിരുദം നേടുന്നുണ്ടെങ്കിലും കാര്യക്ഷമതയും ഗുണനിലവാരവും വിലയിരുത്തുമ്പോള്‍ ഭൂരിപക്ഷത്തിനും ഉയരാന്‍ കഴിയുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് ‘എയ്ബ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ ഏര്‍പ്പെടുത്തിയത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് ‘എയ്ബ്’  നടത്തുന്നത്.
 2009-10 അധ്യയനവര്‍ഷം മുതലാണ് ‘ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍’ (എയ്ബ്) കര്‍ശനമായി നടപ്പില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം 2009-10 അധ്യയനവര്‍ഷം മുതല്‍ നിയമബിരുദം നേടുന്ന എല്ലാവര്‍ക്കും എയ്ബ് പരീക്ഷ പാസായാല്‍ മാത്രമേ അഭിഭാഷകരായി കോടതിയില്‍ പ്രാക്ടിസ് ആരംഭിക്കാന്‍ കഴിയൂ.
ഈ നിയമം നിയമബിരുദധാരികള്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും സീനിയറായ അഭിഭാഷകന്‍െറ കീഴില്‍ പരിശീലനം ആരംഭിക്കാന്‍ ഓള്‍ ഇന്ത്യ ബാര്‍ കൗണ്‍സില്‍ പരീക്ഷ പാസാകേണ്ടതുണ്ടോ എന്നതാണ് അതില്‍ പ്രധാനം. എന്നാല്‍, ബിരുദം നേടിയശേഷം ഏതെങ്കിലും ഒരു സീനിയര്‍ അഭിഭാഷകന്‍െറ കീഴില്‍ പരിശീലനം തുടങ്ങാന്‍ ‘എയ്ബ്’ പരീക്ഷ പാസാകേണ്ടതില്ല.
എയ്ബ് വന്ന വഴി
2009-10 അധ്യയനവര്‍ഷമാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഭിഭാഷക കരിയര്‍ തുടങ്ങാന്‍ ഒരു സ്ക്രീനിങ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ച് നിയമപ്രാബല്യം നല്‍കിയത്. ഈ പുതിയ പരിഷ്കാരത്തിനും എല്ലാവിധ നിയമപരിരക്ഷയും ഉണ്ടായിരിക്കണം എന്നും ഭാവികാലത്ത് ഇതിന്‍െറ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും ഗുണനിലവാരം ഇല്ലാതാകാന്‍ പാടില്ല എന്നുമുള്ള കാരണം കൊണ്ടുതന്നെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റൂള്‍സ് പാര്‍ട്ട് VI, ചാപ്റ്റര്‍ III (condition of right to practice) under section A9 (1) (ah) of Advocate Act 1961 പരിഷ്കരിക്കുകയും അവശ്യം വേണ്ട ഭേദഗതി പ്രയോഗത്തില്‍ കൊണ്ടുവരുകയും ചെയ്തു. ഭേദഗതി വരുത്തിയ അഡ്വക്കറ്റ് ആക്ട് 1961 നിയമം പഠിച്ച് പാസായിട്ടുള്ള ഒരാള്‍ക്ക് അഭിഭാഷകനായി പ്രാക്ടിസ് ചെയ്യാന്‍ അവകാശം ഉറപ്പാക്കുന്നതായിരുന്നു. ഇതുപ്രകാരം ആദ്യ പരീക്ഷ 2011 മാര്‍ച്ച് മാസം നടന്നു. ഈ നിയമഭേദഗതി പ്രകാരം ‘എയ്ബ്’ പരീക്ഷ എല്ലാവര്‍ഷവും ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ നടക്കും. 2017-18 അധ്യയനവര്‍ഷത്തെ ആദ്യ പരീക്ഷ ഏപ്രിലില്‍ നടക്കും.
എയ്ബ് പരീക്ഷ എങ്ങനെ?
‘എയ്ബ്’ പരീക്ഷ ‘ഓപണ്‍ ബുക് എക്സാം’ അഥവാ പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയാണ്. മള്‍ട്ടിപ്പിള്‍ ചോദ്യമാതൃകയിലാണ് പരീക്ഷ നടത്തുന്നത്. ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന സിലബസ് അടിസ്ഥാനത്തിലുള്ള ഗൈഡുകളോ പുസ്തകംതന്നെയോ പരീക്ഷാഹാളില്‍ ഉപയോഗിക്കാം.
3.30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ 11 ഭാഷകളിലാണ് ‘എയ്ബ്’ നടക്കുന്നത്. ഏതു ഭാഷ തെരഞ്ഞെടുത്ത് പരീക്ഷ എഴുതാനും വിദ്യാര്‍ഥിക്ക് സ്വാതന്ത്ര്യമുണ്ട്. നെഗറ്റിവ് മാര്‍ക്ക് ഇല്ല. ബിരുദതലത്തില്‍ നിയമവിദ്യാര്‍ഥി പഠിക്കേണ്ട എല്ലാ വിഷയങ്ങളും ‘എയ്ബ്’ പരീക്ഷയുടെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷ എഴുതാന്‍ തയാറാകുന്ന നിയമബിരുദധാരി സംസ്ഥാന ബാര്‍ കൗണ്‍സിലില്‍ എന്‍റോള്‍ ചെയ്തശേഷമാണ് ‘എയ്ബ്’ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഒരു വിദ്യാര്‍ഥിക്ക് എയ്ബ് പരീക്ഷ എത്രതവണ വേണമെങ്കിലും എഴുതാം. ഓള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷന്‍ (എയ്ബ്) പാസാകുന്നതിനാവശ്യമായ മിനിമം മാര്‍ക്ക് 40 ശതമാനമാണ്. ഇത്രയും ശതമാനം എയ്ബ് പരീക്ഷയില്‍ ലഭിച്ചാല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ‘സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടിസ്’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷ പാസായവര്‍ക്കു മാത്രമേ വക്കാലത്തെടുക്കാനും നിയമോപദേശം നല്‍കാനും അധികാരമുണ്ടാകൂ.
ബിരുദതലത്തില്‍ നല്‍കിയിട്ടുള്ള നിയമവിഷയങ്ങളുടെ സിലബസ് കണ്ടന്‍റില്‍നിന്നാണ് പൂര്‍ണമായും ചോദ്യങ്ങള്‍ ഉണ്ടാവുക. റീസണിങ്, അനാലിസിസ് എന്നീ രൂപത്തിലുള്ള ചോദ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് എയ്ബ പരീക്ഷ നടത്തപ്പെടുന്നത്. പരീക്ഷഫീസ് 1300 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.barcouncilofindia.org, www.allindiabarexamination.com.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.