പലിശനിരക്ക് വർധിപ്പിച്ച് ആർ.ബി.ഐ; നക്ഷത്രമെണ്ണി ഓഹരിവിപണി

കൊച്ചി: പലിശ നിരക്കിൽ കേന്ദ്ര ബാങ്ക്‌ അപ്രതീക്ഷിതമായി വരുത്തിയ മാറ്റം നിക്ഷേപ മേഖലയെ നക്ഷത്രമെണ്ണിച്ചു. സാമ്പത്തിക മേഖലയ്‌ക്ക്‌ ഊർജം പകരാൻ ആർ.ബി.ഐ നടത്തിയ നീക്കം ഓഹരി വിപണിയുടെ അടിത്തറയിൽ വിള്ളലുളവാക്കിയതിനാൽ നിക്ഷേപം തിരിച്ചു പിടിക്കാനുള്ള നെട്ടോത്തിലായിരുന്നു ഇടപാടുകാർ.

ഇതിനിടയിൽ വിപണി അഞ്ച്‌ മാസത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിലും അകപ്പെട്ടു. ബോംബെ സെൻസെക്‌സ്‌ 2225 പോയിൻറ്റും നിഫ്‌റ്റി 691 പോയിൻറ്റും നാല്‌ ദിവസത്തിനിടയിൽ ഇടിഞ്ഞു. റംസാൻ പ്രമാണിച്ച്‌ ചെവാഴ്‌ച്ച ഇന്ത്യൻ മാർക്കറ്റ്‌ അവധിയായിരുന്നു.

വാരാരംഭ ദിനത്തിൽ സൂചിക ചെറിയ മുന്നേറ്റത്തിന്‌ ശ്രമം നടത്തിയെങ്കിലും പെരുന്നാൾ അവധിക്ക്‌ ശേഷമാണ്‌ പലിശ നിരക്ക്‌ ഉയർത്തിയ പ്രഖ്യാപനം റിസർവ്‌ ബാങ്കിൽ നിന്നും പുറത്ത്‌ വന്നത്‌. ഇതോടെ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാങ്ങൽ താൽപര്യം ശക്തമാക്കി സൂചികയുടെ തകർച്ചയ്‌ക്ക്‌ തടയിടാൻ ശ്രമിച്ചെങ്കിലും വിദേശ വിൽപ്പന വിപണിയെ അടിമുടി ഉഴുത്‌ മറിച്ചു.

റിസർവ്‌ ബാങ്ക്‌ അപ്രതീക്ഷിതമായി റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ്‌ വർധിപ്പിച്ച് 4.40 ശതമാനമാക്കി. ആഭ്യന്തര പണപ്പെരുപ്പം വരും മാസങ്ങളിൽ ഉയർന്ന നിലയിൽ തുടരുമെന്ന സൂചനയാണ്‌ ആർ.ബി.ഐയുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത്‌.

വിനിമയ വിപണിയിൽ അമേരിക്കൻ ഡോളറിന്‌ മുന്നിൽ ഇന്ത്യൻ രൂപയുടെ കാലിടറി. ഡോളർ ശേഖരിക്കാൻ വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽ മത്സരിച്ചതോടെ രൂപ 76.45 ൽ നിന്നും 77.06 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 76.95 ലാണ്‌. മുൻവാരം സൂചിപ്പിച്ചതാണ്‌ രൂപയുടെ മൂലം 77.14 റേഞ്ചിലേയ്‌ക്ക്‌ സഞ്ചരിക്കാൻ ഇടയുണ്ടന്നത്‌.

ബി.എസ്.ഇ കൺസ്യൂമർ ഡ്യൂറബിൾ ഇൻഡക്‌സ്‌, റിയാലിറ്റി ഇൻഡക്‌സ്‌ എന്നിവ എട്ട്‌ ശതമാനത്തിൽ അധികം ഇടിഞ്ഞു. ഹെൽത്ത് കെയർ, ഓട്ടോ, ടെലികോം, മെറ്റൽ, ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, ഐ.ടി, എഫ് എം സി ജി, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയ്‌ക്കും തിരിച്ചടിനേരിട്ടു.

മുൻ നിരയിലെ ഏതാനും ഓഹരികൾക്ക്‌ മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ. ഐ.ടി.സി, എൻ.ടി.പി സി, ടെക്‌ മഹീന്ദ്ര, ടാറ്റാ സ്‌റ്റീൽ ഓഹരികൾ കരുത്ത്‌ നിലനിർത്തി. എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ഇൻഫോസിസ്‌, ടി.സി.എസ്‌, വിപ്രോ, സൺ ഫാർമ്മ, ഡോ: റെഡീസ്‌, എയർടെൽ, എച്ച്‌.യു.എൽ തുടങ്ങിയവയ്‌ക്ക്‌ കനത്ത തിരിച്ചടി നേരിട്ടു.

സെൻസെക്‌സ്‌ 57,060 ൽ നിന്നും കൂടുതൽ മികവിന്‌ അവസരം ലഭിക്കാതെ 54,586 വരെ ഇടിഞ്ഞ ശേഷം വാരാവസാനം 54,835 പോയിൻറ്റിലാണ്‌. ഈവാരം 53,956 ലെ സപ്പോർട്ട്‌ നിലനിർത്തി 56,344 ലേയ്‌ക്ക്‌ തിരിച്ച്‌ വരവ്‌ നടത്താം.

നിഫ്‌റ്റി സൂചിക പിന്നിട്ടവരം നാല്‌ ശതമാനം ഇടിഞ്ഞ ആഘാതത്തിലാണ്‌ നിക്ഷേപകർ. 17,102 ൽ നിന്നും 16,340 ലേയ്‌ക്ക്‌ പതിച്ച നിഫ്‌റ്റി വ്യാപാരാന്ത്യം 16,411 പോയിൻറ്റിലാണ്‌. തിരിച്ചു വരവിന്‌ നീക്കം നടന്നാൽ 16,871 ൽ വീണ്ടും തടസം നിലനിൽക്കുന്നു, ഇത്‌ മറികടന്നാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ സൂചിക 17,330 നെ ലക്ഷ്യമാക്കി നീങ്ങാം. വിൽപ്പന സമ്മർദ്ദവുമായി ഫണ്ടുകൾ രംഗത്ത്‌ തുടർന്നാൽ 16,150 റേഞ്ചിൽ താങ്ങ്‌ പ്രതീക്ഷിക്കാം.

കനത്ത വിൽപ്പന സമ്മർദ്ദം മൂലം ഇടപാടുകൾ നടന്ന നാല്‌‌ ദിവസങ്ങളിൽ നിക്ഷേപകർക്ക് 11.80 ലക്ഷം കോടി രൂപയുടെ നഷ്‌ടം നേരിട്ടു. ബി.എസ്.ഇ വിപണി മൂലധനം ഏപ്രിൽ 29ന് 266.97 ലക്ഷം കോടി രൂപയായിരുന്നത്‌ വാരാന്ത്യം 255.17 ലക്ഷം കോടി രൂപയായി ഇടിഞ്ഞു.

Tags:    
News Summary - Share market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT