ന്യൂഡൽഹി: വിദേശ നിക്ഷേപകരുടെ കൂട്ടവിൽപന ഇന്ത്യൻ ഓഹരി വിപണിയെ തളർത്തുന്നു. എക്കാലത്തെയും ഉയരത്തിൽനിന്ന് നിഫ്റ്റി 14.19 ശതമാനവും സെൻസെക്സ് 13.23 ശതമാനവുമാണ് ഇടിഞ്ഞത്. സെപ്റ്റംബർ 27നാണ് നിഫ്റ്റി 26,277.35, സെൻസെക്സ് 85,978.25 എന്നീ റെക്കോഡ് ഉയരത്തിലെത്തിയത്. വിദേശ നിക്ഷേപകർ മറ്റുരാജ്യങ്ങളിൽ മികച്ച അവസരം കണ്ടെത്തി ഇന്ത്യയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിച്ചതാണ് വിപണിയെ വീഴ്ത്തിയത്.
യു.എസ് ട്രഷറി ബോണ്ട് പലിശനിരക്ക് ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമായി. ചൈനീസ്, ഹോങ്കോങ് വിപണി ആകർഷകമായ വിലനിലവാരത്തിലേക്ക് താഴ്ന്നതും ചൈന പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളെ അവിടേക്ക് ആകർഷിച്ചു.
ഇന്ത്യയിൽ രണ്ടുവർഷത്തിലേറെ തുടർച്ചയായി കുതിച്ച ഓഹരി വിപണി അമിത വിലനിലവാരത്തിൽനിന്ന് യഥാർഥ മൂല്യത്തിലേക്ക് തിരുത്തലിന് കാരണം കാത്തിരിക്കുകയായിരുന്നു. 2025ലെ രണ്ടുമാസത്തിനകം ഒരു ലക്ഷം കോടിയിലേറെ രൂപയുടെ വിൽപന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തി. കമ്പനികളുടെ പാദഫലം നിരാശപ്പെടുത്തിയതും ഉയർന്ന വിലനിലവാരവും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തകർച്ചക്ക് വഴിയൊരുക്കി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയം വ്യാപാര യുദ്ധാന്തരീക്ഷം സൃഷ്ടിച്ചു.
പണപ്പെരുപ്പം വരുതിയിലാക്കാൻ വിവിധ രാജ്യങ്ങൾ നടത്തിയ ശ്രമം വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇന്ത്യയിൽ ജി.ഡി.പി വളർച്ച നിരക്ക് കുറഞ്ഞത് ആശങ്ക വർധിപ്പിച്ചു. കോവിഡ് കാലത്തിനുശേഷം വിപണിയിലേക്ക് വന്ന നിക്ഷേപകർ ഇത്തരമൊരു തകർച്ച അഭിമുഖീകരിച്ചിട്ടില്ല. അവർ ഭീതിയിലായി വിറ്റൊഴിയുന്നതും വിപണിയുടെ തകർച്ചക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നന്നായി മുന്നേറിയ സ്മാൾകാപ്, മിഡ് കാപ് ഓഹരികൾ കാര്യമായി തകർച്ച നേരിട്ടു. പല പ്രമുഖ കമ്പനികളുടെയും ഓഹരിവില 60 ശതമാനത്തിലേറെ ഇടിഞ്ഞു. രാജ്യത്തെ വൻകിട നിക്ഷേപകരുടെ ഉൾപ്പെടെ പോർട്ട് ഫോളിയോ മൂല്യം കുത്തനെ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.