മുംബൈ: നിക്ഷേപകരുടെ പ്രിയപ്പെട്ട ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വില കൂപ്പുകുത്തി. 76,657.95 ഡോളറിലാണ് ബുധനാഴ്ച ബിറ്റ്കോയിൻ വ്യാപാരം ചെയ്യപ്പെടുന്നത്. നാലു മാസമായി തുടർച്ചയായ ഇടിവിലാണ് ബിറ്റ്കോയിൻ. ചൊവ്വാഴ്ച മാത്രം ഏഴ് ശതമാനം നഷ്ടമാണുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ 126,198 ഡോളർ എന്ന സർവകാല റെക്കോഡിലേക്ക് ഉയർന്ന ശേഷം ബിറ്റ്കോയിൻ വില 40 ശതമാനം ഇടിഞ്ഞു. അതായത് 500 ബില്ല്യൻ ഡോളർ നിക്ഷേപം ഒഴുകിപ്പോയി.
ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ബിറ്റ്കോയിൻ വൻ മുന്നേറ്റം നടത്തിയത്. ക്രിപ്റ്റോകറൻസി അനുകൂല നയം പിന്തുടരുന്ന ട്രംപിന്റെ തിരിച്ചുവരവാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചത്. എന്നാൽ, വിവിധ രാജ്യങ്ങൾക്കെതിരെ താരിഫ് ചുമത്താനുള്ള ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളും യു.എസിൽ എ.ഐ ഓഹരികളുടെ മുന്നേറ്റവും ക്രിപ്റ്റോകറൻസികളുടെ തിളക്കം നഷ്ടപ്പെടുത്തി.
ഒക്ടോബർ 10 നാണ് ബിറ്റ്കോയിൻ കൂട്ടവിൽപനക്ക് തുടക്കം കുറിച്ചത്. അന്ന് വിപണി മൂലധനത്തിൽ 19 ബില്ല്യൻ ഡോളർ (1.71 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായി. കഴിഞ്ഞ ആഴ്ച സ്വർണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതിന് പിന്നാലെ ബിറ്റ്കോയിനും ശക്തമായ വിൽപന സമ്മർദം നേരിട്ടു. ഉടനെയൊന്നും ബിറ്റ്കോയിൻ വില തിരിച്ചുകയറില്ലെന്നാണ് ക്രിപ്റ്റോകറൻസി ഡെറിവേറ്റിവ് വിപണി നൽകുന്ന സൂചന.
80,000 ഡോളറിലേക്ക് തിരിച്ചുകയറുമെന്ന പ്രതീക്ഷയിൽ നിരവധി നിക്ഷേപകർ ബിറ്റ്കോയിൻ വാങ്ങിയിരുന്നു. എന്നാൽ, വില ഇടിയുന്നത് തുടർന്നതോടെ ഇവരും ബിറ്റ്കോയിൻ വിറ്റൊഴിവാക്കുകയാണുണ്ടായതെന്ന് ഫാൽകൺഎക്സിലെ മുതിർന്ന ഡെറിവേറ്റിവ് വ്യാപാരിയായ ബൊഹാൻ ജിയാൻങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.