വൻ തകർച്ചയിൽ​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ; കോവിഡിനിടയിലും സാമ്പത്തിക വളർച്ച നേടി ചൈന

സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലോകരാജ്യങ്ങളിൽ കോവിഡ് 19 സൃഷ്ടിച്ചത്. രണ്ടാം ലോകയുദ്ധാനന്തരം ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അത്രമേൽ ആഴത്തിൽ ലോകസമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി പിടിമുറുക്കുകയാണ്. ഒരു രാജ്യത്തിനും ഇതിൽനിന്നും ഒഴിഞ്ഞ് നിൽക്കാനോ രക്ഷപ്പെടാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്​. കോവിഡ് പ്രതിരോധത്തിനായി രാജ്യങ്ങൾ അടച്ചിടേണ്ടി വന്നതോടെയാണ് സമ്പദ്​വ്യവസ്ഥകൾ ഐ.സി.യു.വിലായത്. പക്ഷേ, എല്ലാകാലത്തും അടച്ചിടൽ തുടരാനാവില്ലെന്നതിനാൽ കോവിഡ് ഭീതിയൊഴിഞ്ഞിട്ടില്ലെങ്കിലും പതിയെ രാജ്യങ്ങൾ തുറക്കുകയാണ്.

സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കു​േമ്പാൾ പുറത്ത്​ വരുന്ന കണക്കുകൾ സമ്പദ്​വ്യവസ്ഥകൾക്ക്​ ഒട്ടും ആശ്വാസം പകരുന്നതല്ല. ചൈനയെ മാറ്റി നിർത്തിയാൽ മറ്റ്​ സമ്പദ്​വ്യവസ്ഥകളുടെയെല്ലാം മൊത്തം ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ഒന്നാം പാദത്തിൽ വലിയ രീതിയിലുള്ള തകർച്ച നേരിട്ടു. ഏറ്റവും കനത്ത പ്രഹരം ഇന്ത്യക്കായിരുന്നു​. ജി.ഡി.പിയിൽ 23.9 ശതമാനം ഇടിവാണ്​ രാജ്യത്ത്​ രേഖപ്പെടുത്തിയത്​. യു.കെ 21.7, ഫ്രാൻസ്​ 18.9, ഇറ്റലി 17.7, കാനഡ 13, ജർമനി 11.3, ജപ്പാൻ 9.9, യു.എസ്​.എ 9.1 എന്നിങ്ങനെയാണ്​ വിവിധ സമ്പദ്​വ്യവസ്ഥകളിൽ രേഖപ്പെടുത്തിയ ജി.ഡി.പിയിലെ ഇടിവ്​. എല്ലാ സമ്പദ്​വ്യവസ്ഥകളും ഇക്കുറി നെഗറ്റീവ്​ വളർച്ചയാണ്​ രേ​ഖപ്പെടുത്തിയത്​. എന്നാൽ, കോവിഡി​െൻറ പ്രഭവകേന്ദ്രമായ ചൈനയിൽ 3.2 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്​.

മാന്ദ്യത്തി​െൻറ പടിവാതിൽക്കൽ ഇന്ത്യ

ചരിത്രത്തിൽ ഇതാദ്യമായാണ്​​ ഇന്ത്യയുടെ ജി.ഡി.പി ഇത്രയും വലിയ തകർച്ച നേരിടുന്നത്​. സാമ്പത്തിക പാദത്തിൽ സമാനമായ തകർച്ച നേരിട്ടത്​ 1996ലായിരുന്നു. ഒരു വർഷത്തെ ക​ണക്കെടുക്കുകയാണെങ്കിൽ വലിയ ഇടിവുണ്ടായത്​ 1979-80 കാലഘട്ടത്തിലാണ്​. തൊഴിലില്ലായ്​മ, ജനങ്ങളുടെ വരുമാനം, ഉൽപാദന വളർച്ച തുടങ്ങി ലോക്​ഡൗണിന്​ ശേഷം ഇന്ത്യയു​െട പല സാമ്പത്തിക സൂചകങ്ങളിലും ആശങ്കജനകമായ ഇടിവ്​ രേഖപ്പെടുത്തുകയാണെന്നാണ്​ പഠനങ്ങൾ പറയുന്നത്​. ഇത്​ ഇന്ത്യയെ വൈകാതെ മാന്ദ്യത്തിലേക്ക്​ തള്ളിവിടുമെന്ന്​ പ്രവചിക്കുന്ന സാമ്പത്തിക ശാസ്​ത്രജ്ഞരുണ്ട്​.


എല്ലാ രാജ്യങ്ങളും കോവിഡി​െന തുടർന്ന്​ പ്രതിസന്ധിയിലാവു​േമ്പാൾ ഇത്​ മറികടക്കാൻ ഓരോരുത്തരും സ്വീകരിക്കുന്ന മാർഗങ്ങൾ തന്നെയാവും ആഗോള സാമ്പത്തിക രംഗത്ത്​ ചർച്ചയാവുക. കോവിഡിനെ മറികടക്കാൻ ഇന്ത്യ പ്രഖ്യാപിച്ച രക്ഷാപാക്കേജ്​ അപര്യാപ്​തമാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുേമ്പാൾ സമ്പദ്​വ്യവസ്ഥയിൽ നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബഹുമുഖമായ പ്രതിസന്ധികളെ പരിഗണിക്കുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. പരിഷ്കാരങ്ങൾ മൂലം സമ്പദ്​വ്യവസ്ഥയിലെ ഉപഭോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി ജനങ്ങളുടെ കൈയിലേക്ക് പണമെത്തിക്കുന്ന പദ്ധതിയാണ്​ എല്ലാവരും ആഗ്രഹിച്ചിരുന്നത്​. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഗുണകരമാവുന്ന രീതിയിൽ അത്തരമൊരു പദ്ധതി അവതരിപ്പിച്ചിരുന്നുവെങ്കിൽ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചുവരവിന് ആക്കം കൂടിയേനേ. പക്ഷേ, വായ്പകളിലൂടെ പ്രതിസന്ധി മറികടക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിച്ചത്. വായ്പ, സ്വകാര്യവൽക്കരണം ഈ രണ്ട് നയത്തിലൂന്നിയായിരുന്നു ഇന്ത്യയുടെ രക്ഷാപാക്കേജ്.

രാജ്യത്തെ എല്ലാവിഭാഗങ്ങൾക്കും വായ്പ ലഭ്യമാക്കി പ്രതിസന്ധി മറികടക്കുകയെന്ന ലളിത യുക്തിയാണ് മോദി സർക്കാർ തേടിയത്. തിരിച്ചടവ് ശേഷി പോലും പരിഗണിക്കാതെ വായ്പകൾ നൽകിയാൽ അത് ധനകാര്യസ്ഥാപനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന വസ്തുത കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ജീവിതത്തിൽ ഇനിയെന്ത്​ എന്ന അനിശ്ചിതത്വം നില നിൽക്കുന്ന ഭൂരിപക്ഷം ജനങ്ങളിൽ എത്രപേർ വായ്പക്കായി ബാങ്കുകളെ സമീപിക്കുമെന്ന ചോദ്യവും അവഗണിച്ചു. ഇതിന് പുറമേ സമ്പദ്​വ്യവസ്ഥയുടെ പല മേഖലകളിൽ നിന്നും സർക്കാർ പിന്മാറി ആ സ്ഥാനത്തേക്ക് സ്വകാര്യമേഖലക്ക് പരവതാനി വിരിക്കുന്നതും സാമ്പത്തിക പാക്കേജിെൻറ ഭാഗമായി കണ്ടു. വായ്​പ മൊറ​ട്ടോറിയം നീട്ടുന്നതിലുൾപ്പടെ കേന്ദ്രസർക്കാർ സ്വീകരിച്ച ഇരട്ടത്താപ്പ്​ ചർച്ചയായിരുന്നു.


സമ്പദ്​വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നതിൽ നരേന്ദ്ര മോദി സർക്കാർ എത്രത്തോളം വിജയിച്ചുവെന്നത് സജീവമായി ഉയരുന്ന ചോദ്യമാണ്. ഒരു ചെറിയ വിഭാഗമൊഴികെ കോവിഡ് പാക്കേജ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരിലും സ്വാധീനിക്കാനിടയില്ല എന്നത് തന്നെയാണ് ആദ്യവിലയിരുത്തൽ. ഇതിെൻറ ഭാഗമായി നടപ്പാക്കിയ സ്വകാര്യവൽക്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ചൈനയെ പിന്തള്ളി ആ സ്ഥാനത്തേക്ക് കടന്നു കയറാനുള്ള വ്യഗ്രതയിലാണ് ഇന്ത്യ. ഇതിനായി ചൈനയിൽ പ്രവർത്തിക്കുന്ന പല കമ്പനികളേയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പക്ഷേ, ഇതിനുമപ്പുറം സമ്പദ്​ വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കാൻ പ്രായോഗികമായ നടപടികളിലേക്ക് രാജ്യം കടക്കുകയാണ് വേണ്ടത്. ഇതിനായി ചില പാഠങ്ങളെല്ലാം ഇന്ത്യക്ക് ചൈനയിൽ നിന്നു പഠിക്കാം.

ചൈനീസ് മാതൃക

കോവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്​വ്യവസ്ഥയെ കരകയറ്റുന്നതിനായി 3659.7 കോടി ഡോളറിെൻറ പാക്കേജാണ് ചൈന നടപ്പാക്കുന്നതെന്ന് അന്താരാഷ്​ട്ര നാണയനിധിയുടെ കണക്കുകളിൽനിന്ന് വ്യക്തമാകും. മെയ് 14നായിരുന്നു പാക്കേജ് പ്രഖ്യാപനം. അധിക വായ്പ അനുവദിച്ചതിന് പുറമേ നികുതി, വൈദ്യുതി ചാർജ്, ഇൻഷൂറൻസ് തുടങ്ങി ബ്രോഡ്ബാൻഡ് നിരക്കിൽ വരെ ചൈന ഇളവനുവദിച്ചു. ഇങ്ങനെ സാധാരണക്കാരായ ജനങ്ങളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളാണ് ചൈനീസ് സർക്കാർ നടത്തിയത്. 422 കോടി ഡോളർ മൂല്യം വരുന്ന ഷോപ്പിങ് വൗച്ചറുകൾ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. കോവിഡ് മൂലം ഇടിവ് രേഖപ്പെടുത്തിയ രാജ്യത്തെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കാനാണ് നടപടി. ഇതിനൊപ്പം രാജ്യം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങൾക്ക് ഇതുകൊണ്ട് പരിഹാരം കാണാൻ സാധിക്കുമെന്നാണ് ചൈനീസ് ഭരണകൂടത്തിെൻറ കണക്ക് കൂട്ടൽ.

കോവിഡ് മൂലം സമ്പദ്​വ്യവസ്ഥകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഉപഭോഗത്തിലുണ്ടാവുന്ന കുറവാണ്. മാസങ്ങൾ ലോക്ഡൗണിലായ ജനത സമ്പദ്​വ്യവസ്ഥ തുറക്കുേമ്പാൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റുകളിലെത്തില്ല. അതിനുള്ള പണം അവരുടെ കൈവശമില്ലെന്നതാണ് പ്രധാനകാരണം. ജനങ്ങളുടെ ഉപഭോഗം പഴയനിലയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാവും സമ്പദ്​വ്യവസ്ഥകൾ അഭിമുഖീകരിക്കുക. ജനങ്ങൾക്ക് പണമെത്തിക്കാൻ വലിയ ഇളവുകൾ നൽകിയും അവരെ ഷോപ്പിങ് കേന്ദ്രങ്ങളിലെത്തിക്കാൻ വൗച്ചറുകൾ അനുവദിച്ചുമെല്ലാം ചൈന ഈ നടപടികളിൽ ബഹുദൂരം മുന്നിലേറി. ഭാവി കൂടി മുന്നിൽ കണ്ട് 5ജി ഇൻറർനെറ്റിൽ തുടങ്ങി അടിസ്ഥാനസൗകര്യ വികസനമേഖലയിൽ വലിയ പദ്ധതികൾക്ക് കോവിഡ് പാക്കേജിെൻറ ഭാഗമായി ചൈന തുടക്കം കുറിച്ചു. സമ്പദ്​വ്യവസ്ഥയിൽ തൊഴിൽ നൽകാൻ സാധിക്കുന്നതിനൊപ്പം ഭാവിയിൽ ഈ വികസനപദ്ധതികൾ സാമ്പത്തിക മേഖലക്ക് വലിയ മുതൽക്കൂട്ടാവുമെന്നതും കാണാതെ പോകരുത്.


കോവിഡി​ൽ നിന്ന്​ മറ്റ്​ രാജ്യങ്ങളേക്കാൾ മുമ്പ്​ മുക്​തി നേടിയത്​ ചൈനക്ക്​ ഒന്നാം പാദത്തിൽ ഗുണമായെന്ന്​ വേണം കരുതാൻ. പക്ഷേ, കോവിഡിന്​ പുറമേ വ്യാപാര യുദ്ധമടക്കമുള്ള വെല്ലുവിളികൾ നേരിടുന്ന ചൈന അടുത്ത പാദങ്ങളിൽ എത്രത്തോളം മികച്ച പ്രവർത്തനങ്ങൾ കാഴ്​ചവെക്കുമെന്നത്​ കാത്തിരുന്നു കാണേണ്ട കാര്യമാണ്​. എന്നാൽ, വരാനിരിക്കുന്ന പ്രതിസന്ധി കൃത്യമായി മനസിലാക്കി പദ്ധതികൾ ആവിഷ്​കരിച്ച്​ നടപ്പിലാക്കാൻ ഒരു പരിധിവരെ ചൈനക്ക്​ കഴിയുന്നുണ്ടെന്നാണ്​ ആദ്യഘട്ടത്തിലുള്ള വിലയിരുത്തലുകൾ. ഇത്​ തന്നെയാണ്​ മറ്റ്​ സമ്പദ്​വ്യവസ്ഥകളുമായി താരതമ്യം ചെയ്യു​േമ്പാൾ ചൈനക്ക്​ ഗുണകരമാവുന്നതും.

Tags:    
News Summary - Which top economies have suffered worst GDP fall due to COVID-19?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.