വിദ്യാലയങ്ങളിലെത്തി കുട്ടികളുമായി സംവദിച്ച് പൊലീസ് ഉദ്യോഗസ്ഥർ
ദുബൈ: ദുബൈ പൊലീസിന്‍റെ ‘ബാക്ക് ടു സ്കൂൾ’, ‘സ്കൂൾ സെക്യൂരിറ്റി’ എന്നീ പദ്ധതികളുടെ ഭാഗമായി പുതിയ അധ്യയന വർഷത്തിന്‍റെ തുടക്കത്തിൽ എമിറേറ്റിലെ വിവിധ വിദ്യാലയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിദ്യാർഥികളുമായി സംവദിച്ചു. വിവിധ അറബ്, അന്താരാഷ്ട്ര സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ഇടപഴകിയ സ്റ്റേഷൻ ഡയറക്ടർമാരും ഡെപ്യൂട്ടിമാരും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. അപരിചിതമായ സാഹചര്യങ്ങളെ നേരിടാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്‍ററാക്ടീവ് ബോധവൽകരണ സെഷനുകളിൽ സ്കൂളിനകത്തും പുറത്തും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, നല്ല പെരുമാറ്റം, വിവിധ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ കുട്ടികളോട് സംസാരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുബൈ പൊലീസും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ചെറുപ്പത്തിൽ തന്നെ സുരക്ഷാ-ഗതാഗത അവബോധം വളർത്തുന്നതിനുമാണ് സ്കൂൾ സെക്യൂരിറ്റി ടീമിന്‍റെ മേൽനോട്ടത്തിൽ പരിപാടി സംഘടിപ്പിച്ചത്. പൊലീസുകാരുമായുള്ള നേരിട്ടുള്ള ഇടപെടൽ തങ്ങളിൽ വലിയ രീതിയിൽ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും വളർത്താൻ സഹായിച്ചതായി അധ്യാപകരും വിദ്യാർഥികളും വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രാലയവുമായും എമിറേറ്റിലെ സ്കൂളുകളുമായും ചേർന്ന് വിദ്യാർഥികളുടെ സുരക്ഷ, സാമൂഹികം, സാംസ്കാരികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. പുതിയ അധ്യയന വർഷത്തിൽ അധ്യാപകർക്കും ജീവനക്കാർക്കും മാതാപിതാക്കൾക്കും പൊലീസ് സ്റ്റേഷൻ ഡയറക്ടർമാർ ആശംസ നേർന്നു. കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഭാവി തലമുറക്ക് മാതൃകയാകുന്ന രീതിയിൽ കുടുംബത്തിന് അഭിമാനമായി മാറണമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.
സ്കൂൾ പരിസരങ്ങൾക്ക് പുറത്തും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സ്കൂൾ ബസുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ മേഖലകളിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കും. രാവിലെയും വൈകുന്നേരവുമുള്ള തിരക്ക് നിയന്ത്രിക്കാനും വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാനും സ്കൂൾ പരിസരങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.