അടി, തിരിച്ചടി; ബ്രസീൽ-ക്രൊയേഷ്യ ഒപ്പത്തിനൊപ്പം

ദോഹ: ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗോൾ മടക്കി ക്രൊയേഷ്യ. അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ (117) പകരക്കാരനായി ഇറങ്ങിയ ബ്രൂണോ പെറ്റ്കോവിച്ചാണ് ക്രോട്ടിനായി ഗോൾ നേടിയത്.

മിസ്ലാവ് ഒറിസിച്ചാണ് ഗോളിന് വഴിയൊരുക്കിയത്. നേരത്തെ, അധികസമയത്തിന്‍റെ ഇൻജുറി ടൈമിൽ സൂപ്പർതാരം നെയ്മർ ബ്രസീലിനായി ഗോൾ നേടിയിരുന്നു. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ബ്രസീൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലൂകാസ് പെക്വറ്റ നൽകിയ പാസ് നെയ്മർ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചു. ഇതോടെ ഗോൾനേട്ടത്തിൽ നെയ്മർ ഇതിഹാസ താരം പെലെക്കൊപ്പമെത്തി. ബ്രസീലിനായി 77 ഗോളുകൾ. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

രണ്ടാം പകുതിയിൽ നിരന്തര ആക്രമണങ്ങളുമായി ക്രൊയേഷ്യൻ ഗോൾമുഖം ബ്രസീൽ വിറപ്പിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ സൂപ്പർ സേവുകളാണ് ടീമിന്‍റെ രക്ഷക്കെത്തിയത്. ഗോളെന്ന് തോന്നിച്ച അഞ്ചോളം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. പന്തടക്കത്തിലും പാസ്സിങ്ങിലും ഒപ്പത്തിനൊപ്പമായിരുന്നു. ക്രൊയേഷ്യൽ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് എട്ടു ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്.

ക്രൊയേഷ്യയുടെ കണക്കിൽ ഒന്നുമില്ലായിരുന്നു. ഒന്നാം പകുതിയിൽ സ്വതസിദ്ധമായ കളി പുറത്തെടുക്കാനായില്ലെങ്കിലും രണ്ടാം പകുതിയിൽ ബ്രസീലിന്‍റെ മുന്നേറ്റമായിരുന്നു. ബ്രസീൽ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. മിലിറ്റോ വലതു പാർശ്വത്തിലൂടെ മുന്നേറി പോസ്റ്റിനു സമാന്തരമായി നൽകിയ ക്രോസ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ക്രൊയേഷ്യൻ താരം ഗ്വാർഡിയോളയുടെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് പോകേണ്ട പന്ത് ഗോളി ലിവാകോവിച്ച് മികച്ച സേവിലൂടെ രക്ഷപ്പെടുത്തി.

തുടരെ തുടരെ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിച്ച് ബ്രസീൽ മുന്നേറ്റം. 55ാം മിനിറ്റിൽ നെയ്മറിന്‍റെ ഷോട്ട് ഗോളി തട്ടിയകറ്റി. ഗോളി ലിവാകോവിച്ച് മികച്ച സേവുകളുമായി ക്രൊയേഷ്യയുടെ രക്ഷക്കെത്തി. 56ാം മിനിറ്റിൽ റാഫിന്യക്ക് പകരം ആന്‍റണി കളത്തിൽ. ക്രൊയേഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ബ്രസീൽ മുന്നേറ്റങ്ങളെല്ലാം ക്രോട്ട് പ്രതിരോധത്തിൽ തട്ടി വിഫലമാകുന്നു. ആക്രമണം കടുപ്പിക്കാനായി 64ാം മിനിറ്റിൽ വിനീഷ്യസിനെ പിൻവലിച്ച് റോഡ്രിഗോയും കളത്തിൽ. 66ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ ഗോളിനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി.

72ാം മിനിറ്റിൽ രണ്ടു മാറ്റങ്ങളുമായി ക്രൊയേഷ്യ. 76ാം മിനിറ്റിൽ ബ്രസീൽ മുന്നേറ്റം. ബോക്സിനുള്ളിൽ റിച്ചാർലിസൺ നൽകിയ പന്ത് സ്വീകരിച്ച് നെയ്മർ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളി തട്ടിയകറ്റി. 80ാം മിനിറ്റിൽ പക്വേറ്റയുടെ ഷോട്ട് ഗോളി കൈയിലൊതുക്കി. അവസാന മിനിറ്റുകളിൽ ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.

ആദ്യ പത്തു മിനിറ്റുകളിൽ ഇരുടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. അഞ്ചാം മിനിറ്റിൽ ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്നുള്ള വിനീഷ്യസ് ജൂനിയറിന്‍റെ ഒരു ആംഗുലർ ഷോട്ട് ക്രോയേഷ്യൻ ഗോളി ലിവാകോവിച്ച് കൈയിലൊതുക്കി. പ്രസ്സിങ് ഗെയിമുമായി ക്രോട്ട് മുന്നേറ്റം. കൊറിയക്കെതിരായ മത്സരത്തിലെ താളം വീണ്ടെടുക്കാനാകാതെ കാനറികൾ. പിന്നാലെ ബ്രസീൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

13ാം മിനിറ്റിൽ ക്രൊയേഷ്യ സുവർണാവസരം പാഴാക്കി. ജുറനോവിച്ചിന്‍റെ പാസ് സ്വീകരിച്ച് ബ്രസീലിന്‍റെ വലതു പാർശ്വത്തിലേക്ക് മുന്നേറിയ പസാലിച്ച് പോസ്റ്റിനു സമാന്തരമായി മനോഹരമായ ക്രോസ് നൽകിയെങ്കിലും പെരിസിച്ചിന് പന്ത് കൃത്യമായി കണക്ടറ്റ് ചെയ്യാനായില്ല. താരത്തിന്‍റെ കാലിൽ തട്ടി പന്ത് പോസ്റ്റിനു പുറത്തേക്ക്.

20ാം മിനിറ്റിൽ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിച്ച് ബ്രസീലിന്‍റെ ആദ്യ മുന്നേറ്റം. വിനീഷ്യസും റിച്ചാർലിസണും പന്ത് പരസ്പം കൈമാറി ബോക്സിനുള്ളിലേക്ക്. പിന്നാലെ വിനീഷ്യസ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗ്വാർഡിയോൾ പ്രതിരോധിച്ചു.

21ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് കട്ട് ചെയ്ത് കയറി നെയ്മർ തൊടുത്ത ഷോട്ട് ഗോളി ലിവകോവിച്ച് അനായാസം കൈയിലൊതുക്കി. 25ാം മിനിറ്റിൽ ജുറനോവിച്ചിനെ ഫൗൽ ചെയ്തതിന് ബ്രസീൽ താരം ഡാനിലോക്ക് മഞ്ഞ കാർഡ്. 30ാം മിനിറ്റിൽ ക്രൊയേഷ്യൽ മുന്നേറ്റത്തിനൊടുവിൽ പെരിസിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 31ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ബ്രൊസോവിച്ചിന് മഞ്ഞ കാർഡ്.

41ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽനിന്ന് ബ്രസീലിനു അനുകൂലമായി ഫ്രീകിക്ക്. നെയ്മറിന്‍റെ കിക്ക് നേരെ ഗോളിയുടെ കൈയിലേക്ക്. പിന്നാലെ ഇരുടീമുകളും ആദ്യ പകുതിക്ക് പിരിഞ്ഞു. കൊറിയക്കെതിരെ കളിച്ച ബ്രസീൽ ടീമിനെ തന്നെയാണ് പരിശീലകൻ ടിറ്റെ ആദ്യ ഇലവനിൽ കളത്തിലിറക്കുന്നത്.

പ്രീ ക്വാർട്ടറിൽ ജപ്പാനെ ഷൂട്ടൗട്ടിൽ തോൽപിച്ച ക്രൊയേഷ്യ ടീമിൽ രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കിൽനിന്ന് മുക്തനായ പ്രതിരോധ താരം ബോന സോസ ടീമിൽ തിരിച്ചെത്തി. മധ്യനിര താരം ബ്രൂണോ പെറ്റ്കോവിച്ചിനു പകരം മാരിയോ പസാലിച്ചും ആദ്യ ഇലവനിൽ ഇടം നേടി.

ക്രൊയേഷ്യക്കെതിരായ കഴിഞ്ഞ നാലു മത്സരങ്ങളിലും ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. മൂന്നെണ്ണം ജയിക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകും ചെയ്തു. 2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി സെമി ഫൈനൽ കളിച്ചത്. കൂടാതെ, ബ്രസീലിന്‍റെ 15ാമത്തെ ലോകകപ്പ് ക്വാർട്ടർ മത്സരമാണിത്. ബ്രസീൽ 4-2-3-1 ശൈലിയിലും ക്രൊയേഷ്യ 4-3-3 ഫോർമേഷനിലുമാണ് കളിക്കുന്നത്. 

Tags:    
News Summary - Brazil vs Croatia match to extra time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.