മെസ്സി അവതരിച്ചു; മെക്സിക്കോയെ രണ്ടു ഗോളിന് തകർത്ത് അർജന്‍റീന

ദോഹ: ലൂസൈൽ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകർക്കു മുന്നിൽ സാക്ഷാൽ മെസ്സി അവതരിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും സൂപ്പർതാരം ലയണൽ മെസ്സി കളംനിറഞ്ഞപ്പോൾ ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ ജയം അർജന്‍റീനക്കൊപ്പം. എതിരില്ലാത്ത രണ്ടു ഗോളിന് മെക്സിക്കോയെ തകർത്ത് അർജന്‍റീന നോക്കൗട്ട് സാധ്യത സജീവമാക്കി.

64ാം മിനിറ്റിൽ മെസ്സിയുടെ ഗോളിലൂടെ മുന്നിലെത്തിയ അർജന്‍റീന, 87ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ എൻസോ ഫെർണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കി. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് മെസ്സി. വിരസമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ മത്സരത്തിന്‍റെ നിയന്ത്രണം അർജന്‍റീന ഏറ്റെടുക്കുന്നതാണ് കണ്ടത്. തുടരെ തുടരെ മെക്സികോ ഗോൾമുഖം മെസ്സിയും സംഘവും വിറപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ അതിനുള്ള ഫലവും ലഭിച്ചു.

വലതുവിങ്ങിൽനിന്ന് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസാണ് ആദ്യ ഗോളിലേക്ക് വഴിയൊരുക്കിയത്. ബോക്സിനു പുറത്തുണ്ടായിരുന്ന മെസ്സിയുടെ കാലിലേക്കാണ് പന്തെത്തിയത്. 25 വാര അകലെനിന്നുള്ള താരത്തിന്‍റെ നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെക്സിക്കോയുടെ വിഖ്യാത കാവൽക്കാരൻ ഗ്വില്ലെർമോ ഒച്ചാവോയുടെ നീട്ടിയ കരങ്ങളെ മറികടന്ന് വല‍യിലേക്ക്. ആരാധകർ ആനന്ദത്തിലാറാടി.

ലോകകപ്പിലെ മെസ്സിയുടെ എട്ടാം ഗോളാണിത്. കോർണർ സെറ്റ്പീസിൽനിന്നാണ് ടീമിന്‍റെ രണ്ടാമത്തെ ഗോൾ പിറക്കുന്നത്. മെസ്സിയിൽനിന്ന് പന്ത് സ്വീകരിച്ച എൻസോ ഫെർണാണ്ടസ് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് വലങ്കാൽ കൊണ്ടുള്ള ബെൻഡിങ് ഷോട്ട് ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ വലതു മൂലയിലേക്ക്.

മെസ്സിപ്പടയെ പിടിച്ചുകെട്ടുന്നതിൽ മെക്സിക്കൻ താരങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചതോടെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. പന്തടക്കത്തിലും പാസ്സിങ്ങിലും അർജന്‍റീന മുന്നിട്ടുനിന്നെങ്കിലും എതിർ ഗോൾമുഖം വിറപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. 11ാം മിനിറ്റിൽ ലൂയിസ് ഷാവേസിന്‍റെ ഫ്രീകിക്ക് അർജന്‍റീനൻ ബോക്സിൽ അപകടം സൃഷ്ടിച്ചു.

മെക്സികൻ താരം ഹെക്ടർ ഹെരേരക്ക് അവസരം മുതലെടുക്കാനായില്ല. 19ാം മിനിറ്റിൽ അർജന്‍റീനൻ ബോക്സിനു തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മെക്സികോ ഉപയോഗപ്പെടുത്താനായില്ല. 22ാം മിനിറ്റിൽ മാര്‍ക്കോസ് അക്യുനോയെ ഫൗൾ ചെയ്തതിന് മെക്സിക്കൻ പ്രതിരോധ താരം നെസ്റ്റർ അരോഹോക്ക് മഞ്ഞ കാർഡ്. എതിർ ഗോൾമുഖത്തെ സമ്മർദത്തിലാക്കുന്ന നീക്കങ്ങളൊന്നും ഈ സമയം അർജന്‍റീനൻ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല. മെക്സികൻ ഗോളി ഗില്ലെർമോ ഒച്ചാവോ കാഴ്ചക്കാരന്‍റെ റോളിലായിരുന്നു.

എന്നാൽ, മെക്സിക്കൻ താരങ്ങൾ പലപ്പോഴും അർജന്‍റീനൻ പ്രതിരോധ നിരക്ക് വെല്ലുവിളി ഉയർത്തി. 33ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക്. ബോക്സിന്‍റെ വലതുമൂലയിൽനിന്നുള്ള ലയണൽ മെസ്സിയുടെ കിക്ക് നേരെ പോസ്റ്റിലേക്ക്. പക്ഷേ, മെക്സിക്കൻ ഗോളി ഒച്ചാവോ തട്ടിയകറ്റി.

41ാം മിനിറ്റിൽ കോർണർ സെറ്റ് പീസിൽനിന്ന് അർജന്‍റീനിക്ക് സുവർണാവസരം. കിക്കെടുത്ത മെസ്സി ഏഞ്ചൽ ഡി മരിയക്ക് കൈമാറി. താരം ഗോൾ മുഖത്തേക്ക് ഉയർത്തി നൽകിയ പന്തിന് ലൗതാരോ മാർട്ടിനെസ് തലവെച്ചെങ്കിലും പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. 43ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽനിന്നുള്ള അലെക്സിസ് വെഗയുടെ മികച്ചൊരു ഫ്രീകിക്ക്. വല ല‍ക്ഷ്യമാക്കി വന്ന പന്ത് എമിലിയാനോ മാർട്ടിനെസ് ചാടി കൈകളിലൊതുക്കി.

മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസ്സി. അർജന്‍റീന 4-4-2 ഫോർമാറ്റിലും മെക്സികോ 5-3-2 ഫോർമാറ്റിലുമാണ് കളിക്കുന്നത്. മത്സരത്തില്‍ അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന ടീമിനെ കോച്ച് ലയണൽ സ്കലോണി കളത്തിലിറക്കിയത്.

ജയത്തോടെ ഗ്രൂപ് സിയിൽ അർജന്‍റീന പോളണ്ടിന് (നാല്) പിറകിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. സൗദിക്ക് മൂന്നു പോയിന്‍റുണ്ട്. മെക്സികോക്ക് ഒരു പോയിന്‍റും. ക്രിസ്റ്റിയന്‍ റൊമേറോക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോക്ക് പകരം മാര്‍ക്കോസ് അക്യുന, നഹ്വെല്‍ മൊളിനക്ക് പകരം ഗോണ്‍സാലോ മൊണ്ടിയെല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്‌സിസ് മാക് അല്ലിസ്റ്റര്‍ എന്നിവര്‍ ആദ്യ ഇലവനിലെത്തി.

ആദ്യമത്സരത്തിൽ ദുർബലരായ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ പ്രീ ക്വാർട്ടറിലേക്കുള്ള അർജന്റീനാ മോഹങ്ങൾ സജീവമാക്കാൻ വിജയം അനിവാര്യമായിരുന്നു. അവസാന കളിയിൽ പോളണ്ടിനെതിരെയും ജയം നേടിയാൽ ടീമിന് പ്രീ-ക്വാർട്ടർ ഉറപ്പാക്കാനാകും.

Tags:    
News Summary - Argentina beat Mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.