??????????????? ????????????? ??????????????

മാഷിന്‍െറ മട്ടുമാറിയാല്‍ കുട്ടികള്‍ പെട്ടതുതന്നെ. ശകാരമോ ഒന്നോ രണ്ടോ പെടതന്നെ കിട്ട്യാലും അദ്ഭുതമില്ല. എന്നാല്‍ പെടയും പെടപ്പിക്കലുമില്ലാതെ മാഷും കുട്ട്യോളും ചേര്‍ന്ന് മട്ടുപ്പാവിന്‍െറ മട്ടുമാറ്റി.  നിരവധി കാര്‍ഷിക സ്ഥാപനങ്ങളും കാര്‍ഷിക സര്‍വകലാശാലയും ഉള്ള തൃശൂര്‍ ജില്ലയിലെ  കൊടുങ്ങല്ലൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലാണ് ഈ മട്ടുപ്പാവ്. പുരയിടകൃഷിക്കോ വാണിജ്യകൃഷിക്കോ വേണ്ട തൈകള്‍ മുതല്‍ കൃഷി ഉപദേശങ്ങള്‍ക്കും കൃഷി പരീക്ഷണങ്ങള്‍ക്കും നാടുമുഴുവന്‍ ആശ്രയിക്കുന്ന വിദ്യാലയമാണിത്.

കേട്ടോളൂ വിളകളുടെ ഭരണിപ്പാട്ട്
1,300 ഗ്രോ ബാഗുകളിലാണ് ഇവിടുത്തെ വിളവാസം. വെറുംനിലത്തുള്ള പച്ചക്കറികൃഷി വേറെ. നിലംവിട്ട പരീക്ഷണത്തിന് കൂട്ടായി കതിര്‍ക്കനമേറി വിളയാറായൊരു ചേറ്റുപാടമുണ്ട് മട്ടുപ്പാവില്‍. രണ്ടുമൂന്നുസെന്‍റില്‍ നാലഞ്ചുകൂട്ടം പച്ചക്കറികളെ കുടിയിരുത്തി മേനി നടിക്കുന്നവര്‍ ഒരുനിമിഷം കേള്‍ക്കുക; ഇവിടുത്തെ വിളവൈവിധ്യത്തിന്‍െറ ഭരണിപ്പാട്ട്. വിളപ്പെരുപ്പംകൊണ്ട് ചെടിയുടെ നടുവൊടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന തക്കാളികള്‍. ഇടക്കിടെ വിലകൊണ്ട് കുടുംബനാഥന്‍െറയും വിളകൊണ്ട് വീട്ടമ്മയുടെയും കണ്ണ് നനയിക്കുന്ന സവാള. സ്വര്‍ണമണികള്‍ സമ്മാനിക്കുന്ന ചോളം. ചുവപ്പുവേണോ അതോ പച്ചയോ എന്ന് ചോദിച്ച് തലയാട്ടുന്ന ചീരകള്‍. ലോക പയറുവര്‍ഗവര്‍ഷത്തിന്‍െറ ഗമയില്‍ വാഴുന്ന പയറും ബീന്‍സും അമരയും കൊത്തമരയും. വിളഭാരത്താല്‍ കുമ്പിട്ടുനില്‍ക്കുന്ന വഴുതിനച്ചെടിയില്‍ നീണ്ടവരും ഉരുണ്ടവരുമുണ്ട്. ‘കാള കിടക്കും കയറോടും...’ എന്ന പഴഞ്ചൊല്ലിന് ഉത്തരമാകാന്‍ മത്തനും കക്കിരിയും പടര്‍ന്നുകിടപ്പുണ്ട്. പന്തലില്‍ വലിഞ്ഞുകയറിയവരുടെ കൂട്ടത്തില്‍ പടവലവും പാവലും പീച്ചിലുമുണ്ട്. മുട്ടിന് മുട്ടിന് വിളഞ്ഞ വെണ്ടയാണ് മറ്റൊരാള്‍. മഞ്ഞുകാലം നോറ്റിരിക്കാന്‍ ഇനി നേരമില്ളെന്നും അത് ഉള്ളിടത്തേ  വിളയൂ എന്ന പിടിവാശി ഉപേക്ഷിച്ചെന്നുമാണ് കോളി ഫ്ളവറിന്‍െറയും കാബേജിന്‍െറയും പക്ഷം. എരിവ് തേടി ആരും ചന്തയില്‍ പോകേണ്ടെന്ന് പറയാന്‍ പറഞ്ഞവരില്‍ പലകൂട്ടം മുളകുകളുണ്ട്... സംസ്ഥാനത്തെ  രണ്ടാമത്തെ  മികച്ച അധ്യാപക പുരസ്കാരം നേടിയ സ്കൂളിലെ അഗ്രികള്‍ച്ചര്‍ ട്രേഡ് ഇന്‍സ്ട്രക്ടറായ എസ്. മനോജിന്‍െറ നേതൃത്വത്തിലാണ് ഇവിടെ കൃഷിവിപ്ളവം അരങ്ങേറുന്നത്. 

വിദ്യാര്‍ഥിനി പാവല്‍തോട്ടത്തില്‍ ഫെറമോണ്‍ കെണിയൊരുക്കുന്നു
 

കെണി വേണം പലവിധം
ചിലയിനം പച്ചക്കറികളുടെ ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നട്ടത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ഗ്രാഫ്റ്റിങ്. വെള്ളരിവര്‍ഗ വിളകളിലും വഴുതിന വര്‍ഗ വിളകളിലും പരീക്ഷണം വിജയകരമായിരുന്നു. രോഗപ്രതിരോധശേഷി കൂടുന്നതാണ് ഇതിന്‍െറ മെച്ചം. മണ്ണിര കമ്പോസ്റ്റും, ഫിഷ് അമിനോ ആസിഡും, ജീവാമൃതവും ഗോമൂത്രവുമെല്ലാമാണ് വളങ്ങള്‍. ആരും വിളിച്ചില്ളെങ്കിലും വിരുന്നത്തെുന്ന കീടങ്ങളെ കുടുക്കാന്‍ മഞ്ഞ, നീല കെണികളുണ്ട്. ഫെറമോണ്‍ കെണികള്‍ മാത്രമല്ല, പുളിയുറുമ്പുകളും ഇവിടുത്തെ മിത്രപ്പട്ടികയിലുണ്ട്. കൃഷിയിടത്തില്‍ കുടിയിരിക്കാന്‍ എത്തിയ കീടങ്ങളെ ഒറ്റയടിക്ക് അവസാനിപ്പിക്കാവുന്ന ഒരുകൂട്ടരുണ്ട് ഇവിടെ -കുട്ടിപ്പട്ടാളം. കണ്ണില്‍ കാണുന്ന കീടങ്ങളെയും പുഴുക്കളെയും പിടികൂടി നശിപ്പിക്കാന്‍ ഇടക്ക് ഇവരെ നിയോഗിക്കും. ഈ കെണിയൊന്നും കെണിയല്ലാത്തവര്‍ക്കുള്ളതാണ് വിളക്കുകെണി. വെട്ടം കണ്ട് ഭ്രമിച്ചവര്‍ നിലതെറ്റി ചുവട്ടിലെ പ്ളാസ്റ്റിക് വീപ്പയില്‍ വീഴും. ഉടന്‍ മലേഷ്യന്‍ വാളകള്‍ക്ക് ഇരയാവും. വെയില്‍വെട്ടം മങ്ങുമ്പോള്‍ തനിയെ തെളിയുന്ന വിളക്കുകെണിക്ക് ഊര്‍ജമേകാന്‍ സോളാര്‍ പാനലും അനുബന്ധ ഉപകരണങ്ങളുമുണ്ട്. വെറുതെ ഒരു വീപ്പയില്‍ മീനുകളെ പാര്‍പ്പിച്ചതല്ല. അവ മണ്ണില്ലാകൃഷിയുടെ ഭാഗമാണ്. വിളകള്‍ക്കുള്ള വളത്തില്‍ ഒരു പങ്ക് ഇതുവഴിയാണ് കിട്ടുന്നത്.  

വെല്ലുവിളി പുല്ലാണ്
പെരുംചൂടില്‍ മണ്ണിനൊപ്പം നാക്കും വരളുന്ന നാടാണിത്. അവിടെ മട്ടുപ്പാവില്‍ കൃഷിയിറക്കിയാല്‍ മാഷ് വെള്ളംകുടിക്കുമെന്ന് പറഞ്ഞവരേറെ. ഒപ്പം 1,300 ഗ്രോബാഗുകള്‍ ഉരുകിനശിച്ചാലുള്ള നഷ്ടംവേറെ. ചെടികളെ കുടിയിരുത്തി കെട്ടിടത്തിന് ദോഷംവന്നെന്ന ചീത്തപ്പേര് മറ്റൊരു വേവലാതി. എല്ലാത്തിനും പ്രതിവിധി കണ്ടു. വെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചു. ചിരട്ടകള്‍ കമഴ്ത്തിവെച്ച് അതിന്മുകളില്‍ ഗ്രോബാഗ് വെച്ചു. ഇതോടെ ടെറസിന്‍െറ ചൂടാകലും ഗ്രോബാഗിന്‍െറ നാശവും നിയന്ത്രിക്കാനായി. ചെടിയുടെ വേര് ചൂടേറ്റ് നശിക്കുന്നതും ഒഴിവായി. ടെറസില്‍ മുഴുവന്‍ ചെടികള്‍ നിരന്നതോടെ ചുവട്ടിലെ ക്ളാസ് മുറികളില്‍ ചൂട് കുറഞ്ഞു. ഫാനിന്‍െറ ഉപയോഗവും വൈദ്യുതിച്ചെലവും കുറഞ്ഞു.
‘പഠിക്കാനെന്നും പറഞ്ഞ് രാവിലെ പൊത്തകോം ചൊമന്ന് വീട് വിടുന്നവര്‍ക്ക് അവിടെ വെള്ളം കോരലാവും പണി’യെന്ന് പരിഭവിക്കുന്ന രക്ഷിതാക്കള്‍ ശ്രദ്ധിക്കുക. നന അടക്കമുള്ള ഒട്ടുമിക്ക കാര്യങ്ങളും യന്ത്രങ്ങളാണ് ചെയ്യുന്നത്. ഒരു സ്വിച്ചിട്ടാല്‍ തീരും പണി. ഹരിതസേനയും കാര്‍ഷിക ക്ളബും രൂപീകരിച്ചാണ് വിദ്യാര്‍ഥികളില്‍ കൃഷിസ്നേഹത്തിന് വിത്തിട്ടത്. പഠിച്ചതിന്‍െറ പത്തിലൊന്ന് ഇവര്‍ പുരയിടത്തില്‍ പ്രയോഗിച്ചാല്‍ അത് വലിയ കാര്യമാകും. അസ്നയും പൂജയും അന്‍വേഷും ശരത്തും അക്ഷയും അഭിനവും ആദര്‍ശുമെല്ലാം ഇവിടുത്തെ ഹരിത കണ്ണികളാണ്. യദുകൃഷ്ണയും അഖിലും സിന്‍ഷയും സിധിനും തുടങ്ങി കൃഷിസ്നേഹം തലക്ക് പിടിച്ചവരുടെ പട്ടികതന്നെ നിരത്താം.  കുട്ടികളുടെ കുരുത്തക്കേടിനുള്ള ഏറ്റവും വലിയ ശിക്ഷ ചീരയുടെ ചുവട്ടിലെ കള നീക്കുന്നതിലൊതുങ്ങും. രണ്ട് മിനിറ്റുകൊണ്ട് അപ്പണി തീര്‍ത്ത് ശിക്ഷിക്കപ്പെട്ടയാള്‍ ചിരിച്ച് തിരിച്ചത്തെും. കാരണം ഗ്രോബാഗില്‍ കുടിയിരുത്തിയ ചീരത്തോട്ടത്തില്‍ എവിടെയാ വിയര്‍ക്കുംവരെ നീക്കാനുള്ള കള... 

മനോജ് മാഷ് സ്കൂള്‍ കൃഷിയിടത്തില്‍
 

 കൃഷിപാഠശാല
കൊടുങ്ങല്ലൂര്‍ നഗരസഭയും കൃഷിഭവനുകളും കാര്‍ഷിക സര്‍വകലാശാലയും അതിന് കീഴിലെ സ്ഥാപനങ്ങളുമാണ് വിജയ ചേരുവയെന്ന്് സ്കൂള്‍ സൂപ്രണ്ട് പി.കെ. സജീഷ്. തൈകളുടെ വില്‍പന വഴിയാണ് കൃഷിച്ചെലവ് കണ്ടത്തെുന്നത്. വഴുതന, വെണ്ട, മുളക്, തക്കാളി, പപ്പായ, ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ തുടങ്ങി പലയിനം തൈകളാണ് വില്‍ക്കുന്നത്. സമീപത്തെ കൃഷിഭവനുകളാണ് ഈ സൗകര്യങ്ങള്‍ കര്‍ഷകരിലത്തെിക്കാന്‍ മുന്‍കൈ എടുക്കുന്നത്. ഓപണ്‍ പ്രിസിഷന്‍ ഫാമിങ്ങിന്‍െറയും അക്വാപോണിക്സിന്‍െറയും സാധ്യതകള്‍ കണ്ട് മനസ്സിലാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.  കൂടാതെ പൊളിത്തീന്‍ പൈപ്പിലും ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പിയിലുമുള്ള വെജിറ്റബ്ള്‍ ടവര്‍ കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും ലളിതമായി പകര്‍ത്താവുന്ന മാതൃകയാണ്. കാലം മാറിയതോടെ കൃഷിച്ചിട്ടയില്‍ വന്ന മാറ്റങ്ങള്‍ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കലും തങ്ങളുടെ ലക്ഷ്യങ്ങളാണെന്ന് ഹരിതസംഘം. പുന്നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി കൊല്ലത്തുനിന്നും എത്തും എന്നാണല്ളോ. പക്ഷേ ഇവിടെ ഒരുകൂട്ടം മയിലുകളാണ് എത്തുന്നത്. പകല്‍ കുട്ടിപ്പട്ടാളം നിരങ്ങുന്നിടത്ത് വൈകീട്ടാണ് ഇവയുടെ സര്‍ക്കീട്ട്. പലപ്പോഴും വിളകള്‍ക്കൊപ്പം ചെടിത്തൂമ്പുകളും അകത്താക്കും. അപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘ഭൂമിയുടെ അവകാശികള്‍’ എന്ന സഹജീവി സ്നേഹത്തിന്‍െറ കഥ മനോജ് മാഷ് പറയും. അതോടെ തീരും കുട്ടികളുടെ ഉള്ളിലൂറിയ വിഷമത്തിന്‍െറ പൊല്ലാപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് -9846239454

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT