പട്ടുനൂൽ കൃഷിയിലുണ്ട്, ലാഭത്തി​െ ൻറ വഴികൾ

രാജ്യത്ത് എന്നും അംഗീകാരമുള്ള കൃഷിയും വ്യവസായവുമാണ് പട്ടുനൂൽ. കേന്ദ്ര സിൽക്ക് ബോർഡിന്റെയും വിവിധ സംസ്ഥാന സർക്കാറുകളുടെയും ധന സഹായത്തോടെ ലാഭകരമായി ചെയ്യാൻ പറ്റുന്ന കൃഷിയാണിത്. കൃഷിക്ക് ആവശ്യമായ മുട്ടകൾ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കൊണ്ടുവരുന്നത്. കരുതലോടെയാണ് പരിചരണം. ശ്രദ്ധിച്ചില്ലെങ്കിൽ പുഴുക്കൾക്ക് രോഗംവന്ന് നഷ്ടസാധ്യതയേറെയാണ്. കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളാണ് പട്ടുനൂൽ കൃഷിക്ക് ഏറ്റവും അനുയോജ്യം. മൾബറി കൃഷി, പുഴുവിനെ വളർത്താനുള്ള ഉപകരണങ്ങൾ വാങ്ങൽ, ഷെഡ് നിർമാണം, ജലസേചനം എന്നിവക്കായി കേന്ദ്ര സർക്കാർ പദ്ധതിയുടെ 50 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും സബ്സീഡി നൽകും. 25 ശതമാനം സ്വന്തമായി മുടക്കണം.

മുട്ട വിരിയിക്കൽ

50 മുട്ടകൾവീതം ട്രേയിൽ പരത്തി മുകളിൽ ബട്ടർ പേപ്പർ കൊണ്ട് മൂടണം. ശേഷം കറുത്ത തുണിയിലോ പേപ്പറിലോ പൊതിഞ്ഞുവെക്കണം. മുട്ട ലഭിക്കുന്ന പാക്കറ്റിൽ വിരിയുന്ന ദിവസത്തിന്റെ സമയം ഉണ്ടാവും. വിരിയുന്ന ദിവസത്തിന് രണ്ടു ദിവസം മുമ്പേയാണ് മുട്ട വിരിയിപ്പിക്കാൻ വെക്കുക. മുട്ട വിരിഞ്ഞ ശേഷം അടിയിൽ നെറ്റ് വിരിച്ച് മറ്റൊരു വലിയ ട്രേയിലേക്ക് പുഴുക്കളെ മാറ്റി മൾബറി ഇലകൾ ചെറുതായി അരിഞ്ഞ് രണ്ടര ദിവസം രാവിലെയും വൈകുന്നേരവും ഭക്ഷണമായി നൽകും. രണ്ടുഘട്ടം ട്രേയിൽ വളർത്തി കഴിഞ്ഞാൽ ഷെഡ്ഡിൽ സജ്ജീകരിച്ച വലിയ സ്റ്റാൻഡിലേക്ക് പുഴുക്കളെ മാറ്റും. ആവശ്യമായ മൾബറി ഇലകളും തണ്ടും ഭക്ഷണമായി നൽകും. കൃഷിയുടെ അഞ്ചാം ഘട്ടത്തിൽ അഞ്ചര മുതൽ ഏഴുദിവസം വരെ തുടർച്ചയായി തീറ്റ നൽകും. ഇതിനുശേഷം പുഴുക്കൾ തീറ്റ നിർത്തി കൊക്കൂൺ നിർമിക്കാനുള്ള തയാറെടുപ്പ് തുടങ്ങും. ഈ ഘട്ടത്തിൽ ഇവ തലയുയർത്തി അനുയോജ്യ സ്ഥലം പരതും. ഈ സമയത്ത് നെട്രികയെന്ന നെറ്റ് സ്റ്റാൻഡിൽ വെച്ചുകൊടുക്കും. പുഴുക്കൾ ഇതിലേക്ക് കയറി നൂൽനൂൽക്കൽ ആരംഭിക്കും. പുഴുക്കൾക്ക് ഉപദ്രവമാവുന്ന ഒന്നും ഈ വേളയിൽ പാടില്ല. നാല് ദിവസങ്ങൾക്ക് ശേഷം വിൽപനക്കാവശ്യമായ കൊക്കൂൺ ലഭിക്കും.

വിജയഗാഥ

കൽപ്പറ്റ ഓണിവയൽ സ്വദേശി കൊട്ടാരകുന്നേൽ ബേബി മാത്യു ഒന്നര ഏക്കറിൽ മൾബറി കൃഷി ചെയ്ത് കൃത്യമായ പരിപാലനത്തിലൂടെ 100 കിലോ മുതൽ 200 വരെ കൊക്കൂൺ ഉൽപാദിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് റിട്ട. ജീവനക്കാരനായ ബേബി മാത്യു അനുകൂലമല്ലാത്ത കാലാവസ്ഥയിലും പട്ടുനൂൽ കൃഷി നടത്താമെന്ന് തെളിയിക്കുകയാണ്. ഒന്നര വർഷം മുമ്പാണ് സെറികൾച്ചർ കൃഷി ആരംഭിച്ചത്. കോവിഡ് ലോക്ഡൗൺ കാലത്ത് അധ്യാപികയായ ഭാര്യ നിഷ സമൂഹമാധ്യമത്തിലൂടെ കണ്ട വീഡിയോയാണ് കൃഷിക്ക് പ്രചോദനമായത്. വീടിനു സമീപമൊരുക്കിയ ഷെഡിലാണ് പട്ടുനൂൽ പുഴുക്കൾ വളരുന്നതും പട്ടു നെയ്യുന്നതും. മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിൽപന. കിലോക്ക് 650 മുതൽ 850 രൂപ വരെ ഗുണമേന്മയനുസരിച്ച് വില ലഭിക്കും.

ഒരു ഏക്കറിൽ 200 പുഴുക്കൾ വരെയും വർഷത്തിൽ അഞ്ചുതവണയും കൃഷിചെയ്യാം. സ്വയം തൊഴിലായി ചെയ്യാവുന്ന ആദായകൃഷിയാണ്. തമിഴ്നാട്ടിൽ 750 രൂപയും കർണാടകയിൽ 1000 രൂപയുമാണ് 100 മുട്ടകളടങ്ങുന്ന ഒരു പാക്കറ്റിന്റെ വില. 100 മുട്ടകളിൽനിന്ന് 100 കിലോ കൊക്കൂണാണ് ലഭിച്ചതെന്ന് ബേബി മാത്യു പറഞ്ഞു. ബത്തേരിയിലെ മറ്റൊരു കർഷകനായ സജി ഒന്നര ഏക്കറിൽനിന്ന് 470 കിലോ വരെ വിളവെടുത്തു. നിലവിൽ പട്ടുനൂൽ കൃഷി ചെയ്യുന്നവരുടെ കർഷക കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കൂട്ടായ്മകളുടെ നേതൃത്വത്തിലും മുട്ട എത്തിച്ചുനൽകും. സർക്കാർ സഹായം വിവരങ്ങൾ കലക്ട്രേറ്റുകളോടനുബന്ധിച്ചുള്ള ദാരിദ്യ ലഘൂകരണ വിഭാഗത്തിൽനിന്ന് ലഭിക്കും. ഫോൺ: 9747400491.

Tags:    
News Summary - Silk cultivation can be made profitable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.