Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅലപ്പോയും...

അലപ്പോയും അമേരിക്കയുടെ നാടകവും

text_fields
bookmark_border
അലപ്പോയും അമേരിക്കയുടെ നാടകവും
cancel

നോട്ടംകൊണ്ട് ആളുകളെ എരിച്ചുകളയാമായിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ പ്രതിനിധികള്‍ ഇരുന്നയിടം ഒരു ചാരക്കൂമ്പാരമായേനെ. അത്രയും രൂക്ഷമായ അംഗവിക്ഷേപങ്ങളാണ് രക്ഷാസമിതിയില്‍ അമേരിക്കന്‍ പ്രതിനിധി സാമന്ത പവര്‍ റഷ്യക്കുനേരെ നടത്തിയത്. അലപ്പോയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതില്‍ അത്യധികം രോഷംപ്രകടിപ്പിച്ചായിരുന്നു ആ സംസാരം.

ലോകത്ത് അടിച്ചമര്‍ത്തപ്പെടുന്നവരെയെല്ലാം പൊടുന്നനെ ചാടിയെഴുന്നേറ്റ് കൈയടിക്കാന്‍ പ്രേരിപ്പിക്കാന്‍ മാത്രം സമര്‍ഥമായ പ്രസംഗമായിരുന്നു സാമന്ത നടത്തിയത്. നയതന്ത്ര നാട്യങ്ങളുടെ പൊള്ളത്തരങ്ങളില്‍ മനംമടുത്ത് ഇതാ ഒരു വന്‍ശക്തി രാജ്യത്തിന്‍െറ പ്രതിനിധി ഉദയംചെയ്തിരിക്കുന്നു എന്ന പ്രശംസവാചകം പലരുടെയും മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടാവണം.

സാമന്ത പവര്‍ ശുദ്ധ തട്ടിപ്പുകാരിയാണെന്നു വിശ്വസിക്കുന്ന ഞാനടക്കം ലോകത്തെ മറ്റു പലരും അങ്ങനെയല്ല അതിനെ കണ്ടത്. 2010ല്‍ ഗസ്സയിലേക്ക് നീങ്ങിയ തുര്‍ക്കി സഹായക്കപ്പലിലെ ഒമ്പത് അംഗങ്ങളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നപ്പോള്‍, ഇസ്രായേലിനെ നിയമനടപടികളില്‍നിന്ന് സംരക്ഷിക്കാന്‍ മുന്നില്‍നിന്നത് സാമന്തയായിരുന്നു.

സമ്പൂര്‍ണ രാഷ്ട്രപദവിക്കുവേണ്ടിയുള്ള ഫലസ്തീന്‍ ശ്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഭീകരയജ്ഞം നടത്തിയതും സാമന്തയാണ്. അതേ സാമന്തയാണ്, ലോകത്തെ ഏക അധിനിവേശ രാജ്യമായ ഇസ്രായേലിന് ഗസ്സയിലെ ജനങ്ങള്‍ക്കുനേരെ ബോംബുകളും മിസൈലുകളും പ്രയോഗിക്കാന്‍ അനുമതി നല്‍കുന്നത്.

അലപ്പോയില്‍ അറുതിയില്ലാത്ത ആക്രമണങ്ങള്‍ക്ക് സിറിയക്കും റഷ്യക്കും കരുത്തുപകരുന്നത്, ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണെന്ന വാദം അസ്ഥാനത്തല്ല. റോബര്‍ട്ട് ഫിസ്ക് എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അലപ്പോയിലെ ആക്രമണങ്ങള്‍ നടുക്കമുണ്ടാക്കുന്നതാണെന്ന സാമന്തയുടെ പ്രയോഗത്തെ പരാമര്‍ശിച്ച് എഴുതി: ‘‘നടുക്കമുണ്ടാക്കുന്നതെന്ന് സാമന്ത പറയുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ബൈറൂതിലെ സബ്ര, ശാത്വില ഗ്രാമങ്ങളില്‍ കൊല്ലപ്പെട്ട അഭയാര്‍ഥികളുടെ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ കയറി നടക്കേണ്ടിവന്ന സന്ദര്‍ഭമാണ്.

ഇസ്രായേല്‍ സൈന്യത്തിന്‍െറ മുന്നില്‍വെച്ച് അവരുടെ സായുധസേന അഭയാര്‍ഥികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു.  ഇറാഖില്‍ അഞ്ചു ലക്ഷത്തിലധികം സിവിലിയന്മാരെയാണ് യു.എസ് കൊന്നൊടുക്കിയത്. അഫ്ഗാനിസ്താനിലും ഇറാഖിലും സി.ഐ.എ തടവില്‍ പാര്‍പ്പിച്ച അനേകം പേരെ അമേരിക്ക അന്ന് ചോദ്യംചെയ്യലിന് അയച്ചത് ഇന്ന് സാമന്ത ‘ഗുലാഗുകള്‍’ വിശേഷിപ്പിക്കുന്ന അതേ തടങ്കലുകളിലേക്കാണ്.’’
സാമന്തക്ക് റഷ്യന്‍ അംബാസഡര്‍ വിറ്റാലി ചര്‍കിന്‍ നല്‍കിയ മറുപടി ഇതായിരുന്നു: ‘‘മദര്‍ തെരേസയാണെന്നു തോന്നിപ്പിച്ച പ്രസംഗമാണ് നടത്തിയത്. സ്വന്തം ട്രാക് റെക്കോഡ് ഒന്നു പരിശോധിക്കണം.’’

ഒരു കാര്യം ഇവിടെ ആവര്‍ത്തിക്കുകയാണ്: സ്വന്തം അപരാധങ്ങളുടെ പാപക്കറ നീക്കാതെ അമേരിക്കക്ക് ഇനിമേല്‍ ഒരു രാജ്യത്തിന്‍െറയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. നാടകംകൊണ്ട് സാമന്തക്ക് ആരെയും വഞ്ചിക്കാനായിട്ടില്ല. പശ്ചിമേഷ്യയില്‍ നീതിപുലരണമെന്ന് സാമന്ത ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് തുടങ്ങണം.

അവര്‍ കാറ്റില്‍പറത്തിയ എണ്ണമറ്റ അന്താരാഷ്ട്ര പ്രമേയങ്ങളും നിയമങ്ങളും ഉടമ്പടികളും എണ്ണിപ്പറഞ്ഞായിരിക്കണം. അവിടെനിന്ന് തുടങ്ങി അഫ്ഗാനിസ്താന്‍ മുതല്‍ ലിബിയ വരെ, യമന്‍ മുതല്‍ ഇറാഖിലും സിറിയയിലും വരെ അറബ് രാജ്യങ്ങളിലെ ജനാധിപത്യ ശ്രമങ്ങള്‍ കോടിക്കണക്കിന് പണം ചെലവഴിച്ച് ഇല്ലാതാക്കിയ കിങ്കരന്മാരെ തൊട്ടുകാണിക്കണം.


നേരുപറഞ്ഞാല്‍, നിങ്ങളുടെ ഇരട്ടത്താപ്പാണ് ഞങ്ങളില്‍ നടുക്കമുണ്ടാക്കുന്നത്. ഐക്യരാഷ്ട്രസഭ ഉടച്ചുവാര്‍ക്കണമെന്ന് യു.എന്‍ മുന്‍ ഉദ്യോഗസ്ഥനായ ബരോണസ് വലേരി അമോസ് പറഞ്ഞിരിക്കുന്നു. രക്ഷാസമിതിയില്‍ യു.എസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ സ്ഥിരാംഗത്വം എന്ന പദവി ഇല്ലാതാക്കിവേണം അത് തുടങ്ങാന്‍.

ഉറ്റ ചങ്ങാതിമാരുടെ കൊലപാതകങ്ങള്‍ക്കെല്ലാം സംരക്ഷണം നല്‍കുന്ന വീറ്റോ അധികാരം ഇല്ലാതാവണം. അത് സംഭവിച്ചാല്‍, അമേരിക്കയുടെ സാമന്ത പവറിന് ഇനിയും നാടകം കളിക്കേണ്ടിവരില്ല.

Show Full Article
TAGS:yvonne ridley 
News Summary - yvonne ridley
Next Story