Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനക്കാര്‍ അത്ര...

ചൈനക്കാര്‍ അത്ര പെട്ടെന്ന് രണ്ടാം തൊട്ടിലൊരുക്കില്ല

text_fields
bookmark_border

ബെയ്ജിങ്: ഒറ്റക്കുട്ടി നയത്തിന് ചൈനീസ് സര്‍ക്കാര്‍ അവസാനമിടുകയാണെന്ന വാര്‍ത്തക്കു മുമ്പെ ബെയ്ജിങ്ങിലെ പ്രസവരക്ഷ-സ്ത്രീ ചികിത്സ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിരക്കേറിയ 2016നായി ഒരുങ്ങിത്തുടങ്ങിയിരുന്നു. കാരണം മറ്റൊന്നുമല്ല, ചൈനീസ് ആചാരപ്രകാരം വരുന്നത് കുരങ്ങു വര്‍ഷമാണ് -കുടുംബങ്ങള്‍ക്ക് കുട്ടികളുണ്ടാകാന്‍ ശുഭകരമായ വര്‍ഷം. അത് കണക്കിലെടുത്ത്, ചൈനയിലെ ഏറ്റവും വലിയ പ്രസവാശുപത്രിയില്‍ ദമ്പതികള്‍ റൂം ബുക് ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ‘ഇരട്ടക്കുട്ടി’ നയത്തിലേക്ക് കളം മാറ്റുകകൂടി ആയതോടെ ജനനനിരക്ക് പെരുകാനുള്ള എല്ലാ ഒരുക്കവുമായി. ചൈനീസ് വനിതകളില്‍ പലരും രണ്ടാം കുട്ടി എന്ന സ്വപ്നം നിയമവിധേയമായി തന്നെ സഫലമാകുന്നതിന്‍െറ ആഹ്ളാദത്തിലാണ്. എന്നാല്‍, മറിച്ചുള്ള ചിന്തയും സജീവം. ‘കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും വേണം.’ -27കാരിയായ യാന്‍ ബെയ്ജിങ് പ്രസവാശുപത്രിയില്‍വെച്ച് ആവേശത്തോടെ പറയുന്നു. ‘ഒറ്റക്കുട്ടികള്‍ ഒരുപാട് ഒറ്റപ്പെട്ടല്‍ അനുഭവിക്കുന്നു.’ആശുപത്രിയില്‍ പരിശോധനക്കത്തെിയ ദമ്പതികളായ ലി സിയും ജിയ മെയ്ജിയാനും രണ്ട് കുട്ടികളുണ്ടാകുക എന്ന സാധ്യത നല്‍കുന്ന ആഹ്ളാദം പങ്കുവെച്ചു. ‘ഇതൊരു നല്ല തീരുമാനമാണ്. ചൈനീസ് സമൂഹത്തിന് വളരെവേഗം പ്രായമേറിക്കൊണ്ടിരിക്കുകയാണ്. ചൈനയുടെ വികസനത്തിന് ഇത് ഗുണം ചെയ്യും.’-ലി പറഞ്ഞു. ചൈനീസ് സോഷ്യല്‍ മീഡിയകളിലും പലരുടെയും ആഹ്ളാദം വ്യക്തം.
ഒറ്റക്കുട്ടി ആയതിനാല്‍ സ്വന്തം മാതാപിതാക്കളെ പരിചരിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ദമ്പതികള്‍ക്കും വലിയ സന്തോഷം നല്‍കുകയാണ് ഈ മാറ്റം. ഒരു വിഭാഗം ആഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍ പുതിയ നയത്തിന്‍െറ മറുവശവും വലിയൊരു കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ‘നിയമം അനുവദിച്ചാലും ചൈനയില്‍ പല ദമ്പതികളും രണ്ടു കുട്ടികളെ താലോലിക്കാനുള്ള സ്വപ്നം കാണില്ല. കുതിച്ചുയരുന്ന ജീവിതച്ചെലവ് അവരെ അതിന് അനുവദിക്കില്ല. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍നിന്നുള്ള സോഷ്യോളജിസ്റ്റും ജനസംഖ്യ ശാസ്ത്രജ്ഞനുമായ വാങ് ഫെങ് അതാണ് വാദിക്കുന്നത്. ജനനനിരക്ക് പെരുകുക എന്നത് സംഭവിച്ചാല്‍ തന്നെ അത് അധികകാലം നീണ്ടുനില്‍ക്കില്ല എന്നാണ് ഫെങ് പറയുന്നത്. 35 വര്‍ഷം നീണ്ടുനിന്ന ഒറ്റക്കുട്ടി നയം പിന്‍വലിക്കാനുള്ള തീരുമാനം ധൈര്യമേറിയതും ബുദ്ധിപരവുമാണെന്ന് പറയുന്നതിനൊപ്പമാണ് അതിന്‍െറ പ്രായോഗികത ഫെങ് വിശദീകരിക്കുന്നത്. ‘ചൈനയുടെ കുറഞ്ഞ ജനന നിരക്കിന് ഈ തീരുമാനം പ്രയോജനമൊന്നും ചെയ്യില്ല.’ -അദ്ദേഹം പ്രവചിക്കുന്നു.
ബെയ്ജിങ്ങിലെ ആശുപത്രിയില്‍ 40 ദിവസം മുമ്പ് തന്‍െറ ആദ്യ മകന് ജന്മം നല്‍കിയ സാങ് സുലി എന്ന 32 കാരി ആ വാദം ശരിവെച്ചുകൊണ്ടുപറയുന്നു, ഇനിയൊരു കുഞ്ഞ് വേണ്ട. ‘വലിയ സമ്മര്‍ദമാണ്. ബെയ്ജിങ്ങില്‍ ഒരു കുട്ടിയെ വളര്‍ത്തുക വലിയ ചെലവാണ്.’ നഗരങ്ങളില്‍ ജീവിക്കുന്ന നിരവധി ചൈനീസ് ദമ്പതികള്‍ അങ്ങനെ ചിന്തിക്കുന്നതായി വാങ് ഫെങ് പറഞ്ഞു.  ലോകത്തില്‍ വെച്ചേറ്റവും ചെലവേറിയ താമസസൗകര്യങ്ങള്‍, യാത്രച്ചെലവ്, കുട്ടികളുടെ സംരക്ഷണത്തിനുള്ള സൗകര്യങ്ങള്‍, ഇതെല്ലാം ചേരുമ്പോള്‍ ഈ നഗരങ്ങള്‍ ഉയര്‍ന്ന ജനനനിരക്കിന് യോജിച്ചതല്ലാതാകുന്നു.’ കൂടുതല്‍ മികച്ച ജീവിതം ആഗ്രഹിക്കുന്ന ഗ്രാമീണ കുടുംബങ്ങളും വലിയ കുടുംബത്തെ പിന്തുണക്കില്ളെന്ന് വാങ് ചൂണ്ടിക്കാട്ടുന്നു. ജീവിതച്ചെലവ് കുറഞ്ഞ മേഖലകളിലെ ദമ്പതികള്‍ പുതിയ നയം ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ബവോദിങ് എന്ന ടൗണില്‍നിന്ന് ബെയ്ജിങ്ങില്‍ പരിശോധനക്കത്തെിയ ലി സിയും ജിയ മെയ്ജിയാനും ഇതുതന്നെയാണ് പറയുന്നത്. അവരുടെ നാട്ടില്‍ ഒരു കുട്ടിയെ 18 വയസ്സുവരെ വളര്‍ത്താന്‍ അഞ്ചു ലക്ഷം യുവാന്‍ (51,500 പൗണ്ട്) വരെയാകും സാധാരണയായി ചെലവാകുക. എന്നാല്‍, ബെയ്ജിങ്ങിലാണെങ്കില്‍ അത് എട്ടു ലക്ഷം യുവാനാകും. വളരെ ചെലവേറിയതാകും എന്നാണ് ഇരുവരും പറഞ്ഞത്.
നയംമാറ്റത്തോടുകൂടി 2030 ആകുമ്പോഴേക്കും ചൈനീസ് ജനസംഖ്യ 145 കോടിയാകും എന്നാണ് അധികൃതര്‍ പറയുന്നത്.
ഒരു വര്‍ഷം ഏറ്റവും കൂടിയത് രണ്ട് കോടി ശിശുജനനമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ദേശീയ ആരോഗ്യ കുടുംബാസൂത്രണ കമിഷന്‍ ഉപമേധാവി വാങ് പെയാന്‍ പറഞ്ഞു. 90 ദശലക്ഷം ദമ്പതികള്‍ക്കാണ് നയം മാറ്റം പ്രയോജനപ്പെടുക. വനിതകളില്‍ 65 ശതമാനം 35 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്.
2014 ലെ കണക്കനുസരിച്ച് 136 കോടിയാണ് ചൈനയിലെ ജനസംഖ്യ. ജനസംഖ്യാ പ്രശ്നങ്ങളും പ്രായമേറുന്ന സമൂഹവും പ്രായം കൂടിയ ബന്ധുക്കള്‍ ഒറ്റക്കുട്ടിക്ക് ഉണ്ടാക്കുന്ന സമ്മര്‍ദവും പോലുള്ള വെല്ലുവിളികളാണ് പാര്‍ട്ടിയുടെ നയമാറ്റ തീരുമാനത്തിന് പിന്നിലെന്ന് വാങ് പെയാന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaone child policyഒറ്റക്കുട്ടി നയംചൈന
Next Story