You are here

കൊറോണ വൈറസ് ബാധ ആഫ്രിക്കൻ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു

  • ചൈനയിൽ മരണസംഖ്യ 1630 ആയി 

07:24 AM
15/02/2020
coronavirus

കെയ്റോ: ചൈനയിൽ പടർന്ന പിടിച്ച കൊറോണ വൈറസ് ബാധ ആഫ്രിക്കൻ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തിൽ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം കെയ്റോ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

യാത്രക്കാരിൽ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങൾ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുള്ള ആഫ്രിക്കൻ രാജ്യങ്ങൾ വൈറസ് ബാധ വേഗത്തിൽ പടരാൻ സാധ്യത കൂടുതലാണ്. എബോള, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ നിർമാർജനത്തിന് പോരാടുകയാണ് നിലവിൽ ആഫ്രിക്കൻ രാജ്യങ്ങൾ. 

കഴിഞ്ഞ 20 വർഷങ്ങളായി ആഫ്രിക്കൻ രാജ്യങ്ങളുമായി രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഹകരണങ്ങൾ ചൈനക്കുണ്ട്. അതിനാൽ, വളരെയധികം ചൈനീസ് തൊഴിലാളികൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ തൊഴിലിൽ ഏർപ്പെടുന്നത് വൈറസ് ബാധ പടരുന്നതിൽ സാധ്യത കൂടുതലാണ്. 

അതേസമയം, ചൈനയിൽ മാത്രം വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1630 ആയി ഉയർന്നു. വാർഷിക അവധിക്ക് ശേഷം ബെയ്ജിങ്ങിൽ എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് ചൈനീസ് അധികൃതർ ഉത്തരവിട്ടു. ഉത്തരവ് പാലിക്കാത്തവർ നിയമനടപടി നേരിടേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
 

Loading...
COMMENTS