Begin typing your search above and press return to search.
proflie-avatar
Login

തീ ​പി​ടി​ക്കു​ന്ന വി​ല​യു​മാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക്​ എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​നാ​വും?

തീ ​പി​ടി​ക്കു​ന്ന വി​ല​യു​മാ​യി സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക്​ എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കാ​നാ​വും?
cancel

ഒരിക്കലും പ്രതീക്ഷിക്കാത്തതും ഇനിയൊരുനാളും മറക്കാത്തതുമായ ബഹുമുഖ പ്രതിസന്ധിയായിരുന്നു കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം. തൊഴിലുകൾ ഇല്ലാതായി. വരുമാനം ചുരുങ്ങി. അത്യാവശ്യങ്ങൾപോലും ആർഭാടമായി മാറുന്ന നിസ്സഹായാവസ്ഥ. ഇനിയെങ്ങനെ ജീവിക്കും എന്ന് ഓരോരുത്തരും ചിന്തിച്ചുപോയ നാളുകൾ. ഇപ്പോൾ ഭാഗികമായെങ്കിലും കോവിഡിന്‍റെ ആശങ്കകൾ നീങ്ങിത്തുടങ്ങുകയാണ്. വ്യവസായ, വാണിജ്യ, തൊഴിൽ രംഗങ്ങൾ തിരിച്ചുവരവിന് സജ്ജമാകുന്നു. എന്നാൽ, വിലക്കയറ്റമെന്ന പുതിയ ദുരന്തത്തിനു മുന്നിൽ അതിജീവനം ദുഷ്കരമാകുന്ന അവസ്ഥയിലാണ് സാധാരണക്കാർ. അവരുടെ ജീവിതത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന ആധിയായി അത് ഓരോ...

Your Subscription Supports Independent Journalism

View Plans

രിക്കലും പ്രതീക്ഷിക്കാത്തതും ഇനിയൊരുനാളും മറക്കാത്തതുമായ ബഹുമുഖ പ്രതിസന്ധിയായിരുന്നു കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ് കാലം. തൊഴിലുകൾ ഇല്ലാതായി. വരുമാനം ചുരുങ്ങി. അത്യാവശ്യങ്ങൾപോലും ആർഭാടമായി മാറുന്ന നിസ്സഹായാവസ്ഥ. ഇനിയെങ്ങനെ ജീവിക്കും എന്ന് ഓരോരുത്തരും ചിന്തിച്ചുപോയ നാളുകൾ. ഇപ്പോൾ ഭാഗികമായെങ്കിലും കോവിഡിന്‍റെ ആശങ്കകൾ നീങ്ങിത്തുടങ്ങുകയാണ്. വ്യവസായ, വാണിജ്യ, തൊഴിൽ രംഗങ്ങൾ തിരിച്ചുവരവിന് സജ്ജമാകുന്നു. എന്നാൽ, വിലക്കയറ്റമെന്ന പുതിയ ദുരന്തത്തിനു മുന്നിൽ അതിജീവനം ദുഷ്കരമാകുന്ന അവസ്ഥയിലാണ് സാധാരണക്കാർ. അവരുടെ ജീവിതത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന ആധിയായി അത് ഓരോ ദിവസവും വളരുന്നു.

കമ്പോളത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു ജീവിതഘടനയാണ് ഓരോ മലയാളിയും സ്വയം പരുവപ്പെടുത്തിയെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വിപണിയുടെ ചലനങ്ങളും ചാഞ്ചാട്ടങ്ങളും ഉപഭോക്താവ് എന്ന നിലയിൽ അവരുടെ വാങ്ങൽ മുൻഗണനകളെ പുനർനിർണയിക്കുകയും ക്രയവിക്രയങ്ങളെ തിരുത്തുകയും ജീവിതശൈലിയെ അങ്ങേയറ്റം സ്വാധീനിക്കുകയും ചെയ്യും. വിലനിലവാരം ജീവിതനിലവാരത്തിന്‍റെ അളവുകോലായി മാറുന്ന സാമ്പത്തിക സമവാക്യങ്ങളുമായി പൊരുത്തപ്പെടാൻ സാധാരണക്കാർക്കും ഇടത്തരക്കാർക്കും കഴിയാത്ത അവസ്ഥയാണ് നവ കമ്പോളത്തിന്‍റെ സവിശേഷത. ഇന്ധനം, പച്ചക്കറി, പലവ്യഞ്ജനം, ജീവൻരക്ഷാ മരുന്നുകൾ, നിർമാണ സാമഗ്രികൾ, കാർഷികാവശ്യങ്ങൾക്കുള്ള വളവും കീടനാശിനികളും എന്നിങ്ങനെ നിത്യജീവിതത്തിന് ഉപജീവനോപാധികൾ കണ്ടെത്തേണ്ട മേഖലകളിലെല്ലാം വിലക്കയറ്റം ഏറ്റവും ഉയർന്ന നിലയിലാണ്. വർധിച്ച ചെലവുകളാൽ ദൈനംദിന ജീവിതം സാധാരണക്കാരന് താങ്ങാനാവാത്ത ഭാരമായി മാറുന്നു. കോവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞുപോയ സാമ്പത്തികാടിത്തറയുടെ ദുർബലമായ ശേഷിപ്പുകളിൽനിന്ന് ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഇടത്തരക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും അടുക്കളയും ആരോഗ്യവും ആളിക്കത്തുന്ന വിലക്കയറ്റത്തിന്‍റെ കരിയിലും പുകയിലും മൂടിനിൽക്കുകയാണ്.

മുൻകാലങ്ങളിൽ വിലക്കയറ്റം എന്നത് ദീർഘകാല ഇടവേളകളിൽ സംഭവിക്കുന്ന പ്രതിഭാസമായിരുന്നെങ്കിൽ ഇന്നത് ചുരുങ്ങിയ കാലയളവിനുള്ളിൽ കൂടുതൽ വേഗത്തിൽ നടക്കുന്ന പ്രക്രിയയായി. തൊഴിലില്ലാതാകുകയോ ഉള്ള തൊഴിലിൽനിന്ന് വരുമാനം കുറയുകയോ ചെയ്തതിനൊപ്പം അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട തുകയുടെ തോത് വർധിക്കുകകൂടി ചെയ്തതോടെ മുണ്ട് മുറുക്കിയുടുത്താലും മുന്നോട്ടുപോകാനാവാത്ത പ്രതിസന്ധിയാണ് സാധാരണക്കാരെ പിടികൂടിയിട്ടുള്ളത്. ഒന്നര വർഷത്തിലേറെയായി ചില്ലറ വ്യാപാര മേഖലയിൽ വില കൂടുന്ന പ്രവണതയാണ്. അത് ഒമ്പത് ശതമാനം വരെ എത്തിയതായി കണക്കാക്കുന്നു. പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലാണ് വില ഇരട്ടിയോളമായി കുതിച്ചുയർന്നത്. ഇതിന് സാർവദേശീയം മുതൽ പ്രാദേശികം വരെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും വിലക്കയറ്റത്തിൽ സാധാരണക്കാരുടെ ജീവിതവും കുടുംബബജറ്റും ഇത്രമാത്രം താളംതെറ്റിനിൽക്കുന്ന കാഴ്ച സമീപകാലത്തെ ഏറ്റവും ആഴമേറിയ ദുരനുഭവമാണ്.

കേന്ദ്രസർക്കാറിന്‍റെ വികലമായ നയങ്ങൾ, കോവിഡ് സൃഷ്ടിച്ച ആഗോള മാന്ദ്യം, ഉൽപാദനത്തിലും കയറ്റുമതിയിലും വിവിധ രാജ്യങ്ങൾ സ്വീകരിച്ചുവരുന്ന നയസമീപനങ്ങൾ, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്കത്തിലുണ്ടായ വർധിച്ച ചെലവുകൾ, വിതരണ ശൃംഖലയിലെ തകിടം മറിച്ചിലുകൾ, മാറിയ സാഹചര്യങ്ങളിൽ ഉൽപാദനചെലവിലുണ്ടായ വർധന, കാലാവസ്ഥാ വ്യതിയാനം ഉൽപാദനത്തിൽ സൃഷ്ടിച്ച ഇടിവ് എന്നിവയെല്ലാം വിലക്കയറ്റത്തിന്‍റെ അടിസ്ഥാന കാരണങ്ങളായി ചൂണ്ടിക്കാട്ടാവുന്നവയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം, വിവിധ രാജ്യങ്ങൾ ഭക്ഷ്യ എണ്ണ കയറ്റുമതി നിരോധിച്ചത്, കാർഷികാവശ്യങ്ങൾക്കുള്ള വളങ്ങളടക്കമുള്ളവയുടെ വിലവർധന എന്നിവ വിലക്കയറ്റത്തിന് ആക്കം കൂട്ടി. അസംസ്കൃത വസ്തുക്കളുടെയും ഉൽപാദനഘടകങ്ങളുടെയും വില വർധിച്ചത് ഉൽപാദന ചെലവ് വർധിക്കാൻ ഇടയാക്കി. ഇതിന്‍റെ ഭാരം കൈമാറിയെത്തുന്നത് ഉപഭോക്താവിന്‍റെ തലയിലാണ്. നിർമാണ, ഉൽപാദന മേഖലകളുടെ അവിഭാജ്യ ഘടകമായ അസംസ്കൃത വസ്തുക്കളുടെ വില പത്ത് മാസത്തെ ഉയർന്ന നിരക്കിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല ഉപഭോക്തൃ ഉൽപന്നങ്ങളുടെയും ജി.എസ്.ടി കഴിഞ്ഞ ജനുവരി ഒന്ന് മുതൽ അഞ്ചിൽനിന്ന് 12 ശതമാനമായപ്പോൾ സ്വാഭാവികമായും അവയുടെ വിലയും ഗണ്യമായി ഉയർന്നു.

പണിതരുന്ന പണപ്പെരുപ്പം

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ളതും ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ളതുമായ പണപ്പെരുപ്പം (വിലക്കയറ്റ നിരക്ക്) ചരിത്രം തിരുത്തിക്കുറിക്കുന്നതാണ് കഴിഞ്ഞ മാസങ്ങളിൽ കണ്ടത്. ഇന്ധനവിലക്കയറ്റത്തെത്തുടർന്ന് മൊത്തവിലയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഏപ്രിലിൽ 15.08 ശതമാനമായി ഉയർന്നു. കഴിഞ്ഞ 31 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 10.74 ശതമാനമായിരുന്നു. വ്യവസായ സ്ഥാപനങ്ങൾ മൊത്തമായി വാങ്ങുന്ന അസംസ്കൃത വസ്തുക്കളുടെ ശരാശരി വിലയാണ് ഈ പണപ്പെരുപ്പത്തിന്‍റെ അടിസ്ഥാനം. അസംസ്കൃത വസ്തുക്കളുടെ വർധിച്ച ചെലവ് കമ്പനികൾ നേരിടുന്നത് ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചുകൊണ്ടാണ്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2021 ഏപ്രിലിൽ 4.23 ശതമാനമായിരുന്നത് ഈ വർഷം മാർച്ചിൽ 6.95 ശതമാനവും ഏപ്രിലിൽ 7.79 ശതമാനവുമായി ഉയർന്നു. 2014 മേയിലെ 8.33 ശതമാനമാണ് ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. 2021 ഏപ്രിലിൽ 1.96 ശതമാനം മാത്രമായിരുന്ന ഭക്ഷ്യോൽപന്ന വിലക്കയറ്റം ഈ വർഷം ഏപ്രിലിൽ 8.38 ശതമാനമായി. കേരളത്തിൽ ഏപ്രിലിൽ രേഖപ്പെടുത്തിയ നാണയപ്പെരുപ്പ നിരക്ക് 5.08 ശതമാനമാണ്. ധാന്യങ്ങളുടെ വില 21 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലും പച്ചക്കറി, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടേത് 17 മാസത്തിനിടയിലെ ഉയർന്ന നിരക്കിലുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഏഷ്യയിൽ നാണയപ്പെരുപ്പം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. സ്ഥിതി കൂടുതൽ വഷളാവാതിരിക്കാൻ മുഖ്യ പലിശനിരക്കുകൾ കൂട്ടുന്നതടക്കം കടുത്ത ധനനയ നിയന്ത്രണം രാജ്യത്ത് ആവശ്യമാണെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് പശ്ചാത്തലത്തിൽ ചൈനയില്‍ തുടരുന്ന ലോക്ഡൗണും റഷ്യയുടെ യുെക്രയ്ൻ അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായും ലോകം സാമ്പത്തികമാന്ദ്യത്തിലേക്കാണെന്നും ലോക ബാങ്ക് മേധാവി അടുത്തിടെ പറഞ്ഞിരുന്നു.


പച്ചക്കറിയും പലവ്യഞ്ജനവും

അന്നവും ആരോഗ്യവുമാണ് ദൈനംദിന ജീവിതത്തിലെ പ്രധാന ചെലവിടൽ മേഖലകൾ. മലയാളിയുടെ കുടുംബ ബജറ്റിനെ ആദ്യം തകിടംമറിക്കുന്നത് പച്ചക്കറിയുടെയും പലവ്യഞ്ജനത്തിന്‍റെയും വിലയിലുണ്ടാകുന്ന വർധനയാണ്. കേരളത്തെ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തതയിലെത്തിക്കാൻ പോയ കാലങ്ങളിൽ കോടികളുടെ പദ്ധതികൾ സർക്കാറുകൾ കൊണ്ടുവന്നെങ്കിലും മലയാളിയുടെ അടുക്കളയിൽ സാമ്പാറും അവിയലും തോരനും വേകണമെങ്കിൽ ഇപ്പോഴും കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും പച്ചക്കറിയെത്തണം.

കാൽനൂറ്റാണ്ടുമുമ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയിരുന്നതിന്‍റെ മൂന്നിരട്ടി പച്ചക്കറി ഇപ്പോൾ കേരളത്തിലെ വിപണികളിൽ എത്തുന്നുണ്ടെന്നാണ് വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സിലിന്‍റെ കണക്ക്. സംസ്ഥാനത്തെ 85 ലക്ഷം കുടുംബങ്ങളിൽ പത്ത് ശതമാനത്തിൽ താഴെ മാത്രമേ തങ്ങൾക്കാവശ്യമായ പച്ചക്കറി സ്വന്തമായി കൃഷിചെയ്ത് ഉൽപാദിപ്പിക്കുന്നുള്ളൂ. 90 ശതമാനം കുടുംബങ്ങളും പച്ചക്കറി വാങ്ങാൻ മാത്രം ഓരോ മാസവും 600 മുതൽ 2000 രൂപ വരെ ചെലവഴിക്കുന്നു. ഓരോ മലയാളിയും ദിവസവും ശരാശരി 175 ഗ്രാം പച്ചക്കറി ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

ചിലയിനം പച്ചക്കറികളുടെ വിലയിൽ മുമ്പെങ്ങുമില്ലാത്ത കുതിപ്പാണ് കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ കണ്ടത്. ഏപ്രിൽ ആദ്യം കിലോക്ക് 30 രൂപയായിരുന്ന തക്കാളി മേയ് അവസാന വാരം 120 രൂപയിലെത്തി. കഴിഞ്ഞ വർഷം നവംബറിൽ തക്കാളിക്ക് 200 രൂപ വരെ എത്തിയിരുന്നു. തുടർന്ന് 20 രൂപയായി താഴ്ന്നതിന് പിന്നാലെയാണ് നൂറ് കടന്നത്. കിലോക്ക് 60-65 രൂപയായിരുന്ന ബീൻസിന്റെ വില 110ലേക്ക് ഉയർന്നു. പിന്നീട് ഇത് 85ലേക്ക് താഴ്ന്നു. വെണ്ടക്ക, പയർ, പാവക്ക, പടവലങ്ങ എന്നിവക്ക് ഒരാഴ്ചക്കിടെ 20 മുതൽ 30 രൂപ വരെ വർധിച്ചു. സാധനം കറിവേപ്പിലയാണെങ്കിലും അതിനും വില നൂറിലെത്തിയ ശേഷമാണ് 55ലേക്ക് താഴ്ന്നത്. ചെറുനാരങ്ങ കിലോക്ക് 200 രൂപയും മല്ലിയിലക്ക് 155 രൂപയും മുരിങ്ങക്കക്ക് 60 രൂപയുമായി ഉയർന്നു. സംസ്ഥാനത്ത് ഒരു വർഷം മുമ്പ് 70 രൂപക്ക് ലഭിച്ചിരുന്ന കോഴിക്ക് ഇപ്പോൾ 150 രൂപയോളമെത്തി.

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ പച്ചക്കറി കൃഷി വ്യാപകമായി നശിച്ചതാണ് പെട്ടെന്ന് വില വർധിക്കാനുണ്ടായ കാരണം. തോട്ടങ്ങളിൽനിന്ന് കൂടിയ വിലക്ക് ലേലത്തിലെടുത്ത പച്ചക്കറി അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ വിപണികളിലെത്തിച്ചപ്പോൾ സ്വാഭാവികമായും കൂടുതൽ വില നൽകേണ്ടിവന്നു. ഹോർട്ടികോർപ് പൊതുവിപണിയേക്കാൾ പത്ത് മുതൽ 30 രൂപ വരെ കുറച്ചാണ് പച്ചക്കറി വിൽക്കുന്നത്. എന്നാൽ, ഹോർട്ടികോർപിന്‍റെ പല പച്ചക്കറി വിൽപനശാലകളിലും അവശ്യം വേണ്ട പച്ചക്കറികൾപോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.

ശീതകാല പച്ചക്കറി കേന്ദ്രങ്ങളായ മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിൽനിന്ന് ഹോർട്ടികോർപ് പച്ചക്കറി സംഭരിച്ച വകയിൽ കർഷകർക്ക് ലക്ഷങ്ങളാണ് കൊടുത്തുതീർക്കാനുള്ളത്. ഈ അവസരം മുതലെടുത്ത് തമിഴ്നാട്ടിൽനിന്നുള്ള വൻകിട വ്യാപാരികളും ഇടനിലക്കാരും കർഷകർക്ക് വിത്തും വളവും വായ്പയും നൽകി കൃഷിയിറക്കിച്ച ശേഷം ഉൽപന്നങ്ങൾ കുറഞ്ഞ വിലക്ക് സംഭരിച്ച് കേരളത്തിലെ വിപണിയിൽ എത്തിച്ച് കൊള്ളലാഭം കൊയ്യുന്ന പ്രവണതയുമുണ്ട്. കൃത്യമായി പണം ലഭിച്ചാൽ ഹോർട്ടികോർപിന് പച്ചക്കറി നൽകാൻ കർഷകർ തയാറാണ്. എന്നാൽ, പ്രതിസന്ധി ഘട്ടത്തിൽ വിത്തും വളവും പണവുമായി അവതരിച്ച തമിഴ്നാട്ടിലെ 'രക്ഷകർ'ക്ക് ഇവർ കുറഞ്ഞ വിലക്ക് വിൽക്കാൻ നിർബന്ധിതരാകുകയാണ്. ഹോർട്ടികോർപ് യഥാസമയം സംഭരിക്കാതെ വന്നാൽ കേടുകൂടാതെ സൂക്ഷിക്കാൻ മതിയായ സംവിധാനമില്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്നുള്ള ഇടനിലക്കാർക്ക് കിട്ടുന്ന വിലക്ക് വിറ്റൊഴിയുന്ന കർഷകരുമുണ്ട്. കർഷകനിൽനിന്ന് ഉപഭോക്താവിന്‍റെ കൈകളിലേക്ക് പച്ചക്കറി എത്തുമ്പോൾ വിലയുടെ 34 മുതല്‍ 60 ശതമാനം വരെ ഇടനിലക്കാർ സ്വന്തമാക്കുന്നു എന്ന് കൃഷിവകുപ്പിന്‍റെ മാര്‍ക്കറ്റിങ് വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

മലയാളി ദൈനംദിനം ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങൾക്കും കഴിഞ്ഞ മാസം ഒരാഴ്ചക്കിടെ പത്ത് മുതൽ 40 രൂപ വരെ ഉയർന്നതായാണ് കണക്ക്. ജയ, സുരേഖ അരികൾക്ക് മൂന്ന് മുതൽ എട്ട് രൂപ വരെ കൂടി. കേരളത്തിൽ ആവശ്യക്കാർ ഏറെയുള്ള ജയ അരിയുടെ വരവ് ആന്ധ്രപ്രദേശിൽനിന്ന് കുറഞ്ഞതാണ് വിലവർധനക്ക് കാരണമായി പറയുന്നത്. കോവിഡ്കാലത്ത് ജയ അരിയുടെ ഉൽപാദനം കുറഞ്ഞത് മൂലമുണ്ടായ ദൗർലഭ്യവും വൈദ്യുതി ക്ഷാമത്തെത്തുടർന്ന് ആന്ധ്രയിലെ ഇടത്തരം മില്ലുകളുടെ പ്രവർത്തനം മുടങ്ങിയതുമാണ് അരിവരവ് കുറയാൻ കാരണം. മില്ലുകളുടെ പ്രവർത്തനം ആഴ്ചയിൽ മൂന്ന് ദിവസം അഞ്ച് മണിക്കൂർ വീതം മാത്രമായപ്പോൾ ഉൽപാദനത്തിൽ 75 ശതമാനത്തോളം ഇടിവുണ്ടായി. ഇതോടെ, കേരളത്തിലെ വിപണിയിലെത്തുന്ന അരിയുടെ അളവ് ആവശ്യമുള്ളതിന്‍റെ പത്ത് ശതമാനം മാത്രമായി ചുരുങ്ങി. മട്ട അരിക്ക് ഒന്നരമാസത്തിനിടെ പത്ത് രൂപയിലധികം വർധിച്ചു. എന്നാൽ, അരി ഉൽപാദന, വിതരണ രംഗങ്ങളിലെ പ്രതിസന്ധി മുതലെടുത്ത് വൻകിട മില്ലുകളും അരിവ്യാപാര രംഗത്തെ കുത്തക ലോബികളും തോന്നിയതുപോലെ വില വർധിപ്പിച്ചതും കേരളത്തിന് തിരിച്ചടിയായി. തങ്ങൾ നിശ്ചയിക്കുന്ന വില കിട്ടിയാലേ അരി നൽകൂ എന്ന നിലപാടാണ് ആന്ധ്രയിലെ വ്യാപാരികൾ സ്വീകരിച്ചത്. ഗോതമ്പ് വില 5.8 ശതമാനം വർധിച്ചു. ഗോതമ്പ് ഉൽപാദനത്തെ വേനൽ പ്രതികൂലമായി ബാധിച്ചപ്പോൾ വിപണിയിലേക്ക് വരവ് കുറഞ്ഞതാണ് വില കൂടാൻ ഒരു കാരണം.

അടുക്കളക്ക് തീ പിടിക്കുമ്പോൾ

അവശ്യവസ്തുക്കളുടെ വിലയെ സ്വാധീനിക്കുന്ന നിർണായകഘടകമാണ് ഇന്ധനവില. ഉൽപാദനവും ചരക്ക് കടത്തും മുതൽ ഹോട്ടൽ ഭക്ഷണത്തിന്‍റെ വിലയിൽ വരെ ഇന്ധനവിലയുടെ മാറ്റം പ്രതിഫലിക്കുന്നു. വാഹന സാന്ദ്രതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമുള്ള നാട്. ആയിരം പേർക്ക് 425 വാഹനം എന്നതാണ് നിരക്ക്. ഇതിൽ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. 22 ശതമാനം നാലുചക്ര വാഹനങ്ങളും. വാഹനം ഉപയോഗിക്കുന്ന ഓരോരുത്തരും പ്രതിമാസം 1500 മുതല്‍ 3000 രൂപ വരെ ഇന്ധനത്തിന് ചെലവഴിക്കുന്നു എന്നാണ് കണക്ക്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനമൂലം ജീവിതച്ചെലവിലുണ്ടായ വർധന 20 ശതമാനമാണെന്ന് കണക്കാക്കുന്നു.

2021 ജൂൺ ഒന്നിന് കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 96.47 രൂപയും ഡീസലിന് 91.74 രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 107.71ഉം 96.52ഉം ആണ്. ഇന്ധനവില ഏറിയും കുറഞ്ഞും നിൽക്കുന്നതിനിടെ മാർച്ച് 22 മുതൽ ഏപ്രിൽ ആറ് വരെ 16 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയും വർധിപ്പിച്ചു. വിലക്കയറ്റവും പണപ്പെരുപ്പവും വർധിച്ചതോടെയാണ് മേയ് 21ന് കേന്ദ്രം പെട്രോളിന്‍റെ എക്സൈസ് തീരുവ എട്ട് രൂപയും ഡീസലിന്‍റേത് ആറ് രൂപയും കുറച്ചത്.

പാചകവാതക ഉപയോഗം കേരളത്തിൽ പ്രതിവർഷം ഒമ്പത‌് ശതമാനം എന്ന തോതിൽ ഉയരുകയാണ്.

99 ശതമാനം കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നവരാണ്. ഓരോ കുടുംബത്തിനും ഒരു സിലിണ്ടർ പരമാവധി ഒരു മാസത്തേക്കേ തികയൂ. അതുകൊണ്ടുതന്നെ എന്നും അടുക്കളയുടെ ആധിയാണ് പാചകവാതക വില. 2021 ജനുവരി ഒന്നിന് ഗാർഹിക സിലിണ്ടറിന് 701 രൂപയും വാണിജ്യ സിലിണ്ടറിന് 1319 രൂപയുമായിരുന്നു. അതിനുശേഷം ഗാർഹിക സിലിണ്ടറിന് പത്ത് തവണയും വാണിജ്യ സിലിണ്ടറിന് 12 തവണയും വില വർധിപ്പിച്ചു. ഈ വർഷം ഇതുവരെ ഗാർഹിക സിലിണ്ടറിന് 103.50 രൂപയും വാണിജ്യ സിലിണ്ടറിന് 364 രൂപയും വർധിപ്പിച്ചിട്ടുണ്ട്. യഥാക്രമം 1010 രൂപയും 2357.50 രൂപയുമാണ് നിലവിലെ വില. കേരളത്തിലെ 80 ശതമാനത്തിലധികം വീടുകളിലും പ്രാഥമിക ഇന്ധനമായി ഉപയോഗിക്കുന്നത് എൽ.പി.ജിയാണ്. സാധാരണക്കാർക്ക് നേരിയ ആശ്വാസമായി അക്കൗണ്ടിലെത്തിയിരുന്ന സബ്സിഡിയാകട്ടെ 2020 മേയ് മാസത്തോടെ നിർത്തുകയും ചെയ്തു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ അളവ് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്ററായി വെട്ടിക്കുറച്ചതിന് പിന്നാലെ വില ഒറ്റയടിക്ക് 22 രൂപ വർധിപ്പിക്കുകയും ചെയ്തു.


റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ്‌ ഇന്ധന വിലവർധനക്ക്‌ കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ, എണ്ണവില താഴ്ന്നപ്പോഴെല്ലാം എക്സൈസ് തീരുവ വർധിപ്പിച്ച് അതിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക് നിഷേധിക്കുകയും ചെയ്തു ഭരണകൂടം. ഇന്ധനവിൽപന മുഖ്യ വരുമാനമാർഗമായി മാറ്റിയ കേന്ദ്ര സർക്കാർ എക്സൈസ് നികുതി ഇനത്തിൽ ഒരു ലിറ്റർ പെട്രോളിൽനിന്ന് 38 രൂപയോളവും ഡീസലിൽനിന്ന് 40 രൂപയിലധികം ഖജനാവിലേക്ക് ഊറ്റിയെടുത്ത് ജനത്തെ കൊള്ളയടിക്കുന്നു. 2020-21ൽ ഇന്ധന നികുതിയിനത്തിൽ കേന്ദ്രം കൈക്കലാക്കിയത് 3.72 ലക്ഷം കോടിയാണ്.

വീടെന്ന സ്വപ്നം ഭാരമാകുന്നു

മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാർപ്പിടം ഇപ്പോൾ സാധാരണക്കാരന് സ്വപ്നം കാണാവുന്നതിനും അപ്പുറമാണ്. ഉള്ള സമ്പാദ്യം മുഴുവൻ വിറ്റുപെറുക്കിയാലും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യം പൂർത്തീകരിക്കുക അത്ര എളുപ്പമല്ല. കഴിഞ്ഞ ആറ് വർഷത്തിനിടെ കെട്ടിട നിർമാണ സാമഗ്രികളുടെ വിലയിലുണ്ടായ അനിയന്ത്രിതമായ വർധനമൂലം സംസ്ഥാനത്ത് നൂറ് കണക്കിന് വീടുകൾ പാതിവഴിയിൽ നിർമാണം നിലച്ചുകിടക്കുകയാണ്. ചില സാമഗ്രികൾക്ക് ഇരട്ടിയിലധികവും മറ്റ് ചിലതിന് മൂന്നിരട്ടിയിലധികവുമാണ് വർധന. നിർമാണസാമഗ്രികളുടെ വിലവർധനക്ക് കാരണമായി പറയുന്നതും ഇന്ധന വിലക്കയറ്റംതന്നെ.

ആയിരം ചതുരശ്രയടി വീട് നിർമിക്കാൻ വേണ്ടിവരുന്ന ചെലവിൽ അഞ്ച് വർഷത്തിനിടെയുണ്ടായ വർധന എട്ട് ലക്ഷം രൂപയിലധികമാണ്. 2016ൽ വീട് നിർമാണ ചെലവ് ചതുരശ്രയടിക്ക് 1500 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2500 രൂപയായി. മൂന്ന് വർഷം മുമ്പ് സാധാരണ സൗകര്യങ്ങളോടെ ആയിരം ചതുരശ്രയടി വിസ്തീർണമുള്ള വീട് 18 ലക്ഷം രൂപക്ക് നിർമിക്കാമായിരുന്നെങ്കിൽ ഇപ്പോൾ 27 ലക്ഷം രൂപ വരെയാകും. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം നിർമാണസാമഗ്രികളുടെ വിലയിലുണ്ടായ വർധന 40 ശതമാനമാണ്. 2019ൽ ഒരു കിലോ കമ്പിക്ക് 46 രൂപയായിരുന്നത് ഇപ്പോൾ 97 രൂപയായി. സിമന്‍റിന് 300ൽനിന്ന് 410 ആയി ഉയർന്നു. ഒരടി പാറപ്പൊടിക്ക് 38ൽനിന്ന് 45 രൂപയായി. ഇരുമ്പ് പൈപ്പ് കിലോക്ക് 60ൽനിന്ന് 105ഉം സിമന്‍റ് കട്ട 24ൽനിന്ന് 30ഉം രൂപയായി വർധിച്ചു. ഒരു കിലോ അലൂമിനിയം 350 രൂപയായിരുന്നത് ഇപ്പോൾ 750 രൂപയാണ്. വെട്ടുകല്ലിന് 50 മുതൽ 60 രൂപവരെ നൽകണം. സാനിറ്ററി ഉൽപന്നങ്ങൾക്കും പെയ്ന്‍റിനും വയറിങ് ഉൽപന്നങ്ങൾക്കും 20 മുതൽ 30 ശതമാനം വരെയാണ് വിലവർധന. ഒരു തൊഴിലാളിയുടെ കൂലി എണ്ണൂറ് രൂപയായിരുന്നത് 1200 രൂപ വരെയായി. വായ്പയെടുത്ത് വീട് പണി ആരംഭിച്ചവർ നിർമാണം പൂർത്തിയാക്കാനും വായ്പ തിരിച്ചടക്കാനും കഴിയാത്ത ഗതികേടിലാണ്.

ചെലവേറുന്ന ചികിത്സ

ചികിത്സാ സൗകര്യങ്ങൾ ആധുനികവത്കരിക്കപ്പെടുന്നതിനനുസരിച്ച് ആരോഗ്യസംരക്ഷണത്തിനായി ചെലവഴിക്കേണ്ടിവരുന്ന തുകയും വർധിക്കുകയാണ്. ഭക്ഷണത്തിനെന്നപോലെ മരുന്നിനും ചികിത്സക്കും ഓരോ മലയാളിയും നിത്യവരുമാനത്തിൽനിന്ന് നല്ലൊരു തുക നീക്കിവെക്കേണ്ടിവരുന്നു. ചെലവ് താങ്ങാനാവാതെ ദുർബല ജനവിഭാഗങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സ്ഥിതിയിലേക്ക് കേരളം മാറുന്നു എന്ന ആശങ്ക ആസൂത്രണബോർഡ് മുമ്പ് തയാറാക്കിയ ഒരു പഠന റിപ്പോർട്ടിൽ പങ്കുവെച്ചിരുന്നു. സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർ തങ്ങളുടെ വരുമാനത്തിന്‍റെ 40 ശതമാനവും ആരോഗ്യാവശ്യങ്ങൾക്കായി ചെലവിടുന്നു എന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ദുർബല വിഭാഗങ്ങൾ അതിദരിദ്രരായി മാറാനും ഇടത്തരക്കാർ ദാരിദ്ര്യരേഖക്ക് താഴെയെത്താനും വർധിച്ചുവരുന്ന ചികിത്സാചെലവ് കാരണമാകുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട ഒരു സാമൂഹികാവസ്ഥയാണ്.

ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ചെലവിന്‍റെ 35 ശതമാനവും മരുന്നിന്‍റെ വിലയാണ്. പത്ത് വർഷംകൊണ്ട് ഒരാളുടെ ചികിത്സാ ചെലവ് ഏകദേശം 20 ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കടം വാങ്ങി ചികിത്സിക്കുന്നവരാണ് നല്ലൊരു ശതമാനം രോഗികളും. ഒരുതവണ ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കുമ്പോള്‍ ശരാശരി പതിനായിരം രൂപയോളം ചെലവാകുന്നു. ദരിദ്രവിഭാഗങ്ങൾ തങ്ങളുടെ നിത്യവരുമാനത്തിന്‍റെ മൂന്നിലൊന്നും ചെലവഴിക്കുന്നത് ചികിത്സക്കാണ്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന മരുന്നിന്‍റെ 17 ശതമാനവും വില്‍ക്കുന്നത് കേരളത്തിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന 871 രാസഘടകങ്ങളുടെ വില കൂടിയതിനെത്തുടർന്ന് മരുന്ന് വില അടുത്തിടെ പത്ത് ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ, സർവസാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, അസിത്രോമൈസിൻ, ആന്‍റി ബയോട്ടിക്കുകൾ, വിറ്റമിൻ ഗുളികകൾ എന്നിവക്കും പ്രമേഹം, ഹൃദ്രോഗം, പനി, അലർജി, ത്വക് രോഗം, വിളർച്ച എന്നിവക്കും ജീവിതശൈലീരോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വില കൂടിയിരുന്നു. മരുന്നിന് മലയാളിയുടെ ശരാശരി വാർഷിക ചെലവ് 3800 രൂപയെന്നാണ് കണക്കാക്കുന്നത്. വിലവർധനയോടെ ഇത് 4300 രൂപയോളമായി. ഹൃദ്രോഗിയായ ഒരാൾ സാധാരണ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന് പ്രതിമാസം വരുന്ന ശരാശരി ചെലവ് 7000 രൂപയാണ്. പല വീടുകളിലും ഒന്നിലധികം പേർ മരുന്ന് കഴിക്കുന്നവരായുണ്ട്. അതുകൊണ്ടുതന്നെ മരുന്ന് വിലയിലുണ്ടാകുന്ന വർധന കുടുംബ ബജറ്റിനെ സാരമായി ബാധിക്കും.


മണ്ണിൽ പണിയെടുത്തും ജീവിക്കാനാവില്ല

കേരളത്തിലെ കുടുംബങ്ങളിൽ 44 ലക്ഷം അധിവസിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഇതിൽ 15 ലക്ഷത്തോളം കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. എന്നാൽ, കൃഷി ചെയ്തും ജീവിക്കാനാവാത്ത അവസ്ഥയാണ് ഇന്ന്. മൂന്ന് വർഷത്തിനിടെ വളത്തിന് 25 ശതമാനം മുതൽ 52 ശതമാനം വരെയും കീടനാശിനികൾക്ക് 27 ശതമാനവും വില വർധിച്ചു. കാലാവസ്ഥ വ്യതിയാനംമൂലമുള്ള ഉൽപാദനത്തകർച്ചയും വിലയിടിവും കോവിഡ് പ്രതിസന്ധിയുംമൂലം കർഷകർ നട്ടംതിരിയുന്നതിനിടെയാണ് ഉൽപാദനച്ചെലവ് കുത്തനെ ഉയരാൻ ഇടയാക്കുന്ന വിലക്കയറ്റം.

നാലു വർഷം മുമ്പ് 500 രൂപക്ക് കിട്ടിയിരുന്ന ഒരു ലിറ്റർ കീടനാശിനിക്ക് ഇപ്പോൾ 700 രൂപയോളം നൽകണം. 50 കിലോ വേപ്പിൻ പിണ്ണാക്ക് രണ്ട് വർഷം മുമ്പ് 950 രൂപക്ക് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ 1950 രൂപയാണ്. 50 കിലോ അമോണിയം കാർബണേറ്റിന് സർക്കാർ സബ്സിഡി കിഴിച്ച് 850 രൂപയായിരുന്നത് 1150 രൂപയായി ഉയർന്നു. അമ്പത് കിലോ പൊട്ടാഷിന്‍റെ വില 650 രൂപയിൽനിന്ന് 950 രൂപയും അമ്പത് കിലോ ഡി.എ.പിയുടേത് 950 രൂപയിൽനിന്ന് 1850 രൂപയുമായി. 50 കിലോ പൊട്ടാസ്യം 950ൽനിന്ന് 1700 രൂപയായി. നെൽകൃഷിക്ക് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫറസിന് 1200 രൂപയിൽനിന്ന് 1700 ആയി. 50 കിലോ ഫാക്ടംഫോസിന് 1050ൽനിന്ന് 1500 ആയും എൻ.പി.കെക്ക് 940ൽനിന്ന് 1200 രൂപയായും ഉയർന്നു. ഇന്ധനവില വർധിച്ചതും അസംസ്കൃതവസ്തുക്കൾ വേണ്ടത്ര കിട്ടാനില്ലാത്തതുമാണ് വളം വിലവർധനക്ക് കാരണമായി പറയുന്നത്. കൃഷി മുഖ്യവരുമാനമായവർക്ക് കനത്ത തിരിച്ചടിയാണ് വളങ്ങളുടെയും കീടനാശിനികളുടെയും വിലവർധന.

പ്രത്യാഘാതങ്ങൾ ഏറെ

കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിലാകെ വിലക്കയറ്റം പ്രകടമാണ്. എല്ലാ ഉൽപന്നങ്ങൾക്കും രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി വിലവർധന 12 ശതമാനമാണ്. ദൈനംദിന ജീവിതത്തിൽ യാത്രാ ചെലവ് 15 ശതമാനം വർധിച്ചു. പ്രതിമാസ കുടുംബബജറ്റ് ശരാശരി 15-20 ശതമാനം ഉയർന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സാമൂഹികജീവിതത്തിന്‍റെ താഴേ തട്ടിലേക്കുവരെ അതിന്‍റെ പ്രതിസന്ധി പടർന്നിരിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വില അടിക്കടി കൂട്ടിയപ്പോൾ ചരക്കുകടത്ത് ചെലവേറിയതായി. ഇതിനെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെയും അതുവഴി ഉൽപന്നങ്ങളുടെയും വില അമ്പരപ്പിക്കുംവിധം വർധിച്ചു. ചരക്കു കടത്ത് ചെലവ് മുമ്പത്തേതിനേക്കാൾ 12 ശതമാനത്തോളം കൂടിയതായാണ് കണക്ക്. കാലങ്ങളായി ഉപഭോക്തൃ സംസ്ഥാനമായി നിലകൊള്ളുന്ന കേരളത്തിന് ഉൽപാദന, നിർമാണ മേഖലകളിൽ കാര്യമായ സംഭാവനകളില്ല എന്നതുകൊണ്ട് വിലക്കയറ്റത്തിന്‍റെ ആഘാതം കനത്തതായിരിക്കുമെന്ന് സാമ്പത്തികവിദഗ്ധനായ എസ്. ഹരികുമാർ പറയുന്നു. അത് ജീവിതനിലവാരത്തെ വല്ലാതെ ദുർബലപ്പെടുത്തുകയും അത്യാവശ്യ ചെലവുകൾപോലും വെട്ടിച്ചുരുക്കാൻ ജനത്തെ നിർബന്ധിതമാക്കുകയും ചെയ്യും. അയൽസംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തിൽ അവിടങ്ങളിലെ ഉൽപാദനം മുതൽ വിപണനം വരെയുള്ള ഘടകങ്ങളാകും മലയാളിയുടെ തീൻമേശയിലെത്തുന്ന വിഭവങ്ങളുടെ വില നിർണയിക്കുക.

കോവിഡിനുശേഷം സാധാരണക്കാരുടെയും ദിവസവേതനക്കാരുടെയും വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാകാത്ത അവസ്ഥയാണ്. വിലക്കയറ്റം കൂടിയാകുമ്പോൾ കുടുംബബജറ്റ് ഗണ്യമായി വെട്ടിച്ചുരുക്കാൻ അവർ നിർബന്ധിതരാകുന്നു. ഇവിടെ ഏറ്റവും ഗൗരവത്തോടെ കാണേണ്ട ഒരു വസ്തുത ചെലവ് ചുരുക്കലിന്‍റെ ഭാഗമായി പല കുടുംബങ്ങളും ആരോഗ്യപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്നതാണ്. ആരോഗ്യസംരക്ഷണത്തിന് അനിവാര്യമെന്ന് ഡോക്ടർമാർ നിശ്ചയിച്ചിട്ടുള്ള മരുന്നുകൾപോലും അവർ അവശ്യവസ്തുക്കളുടെ പട്ടികയിൽപെടുത്തുന്നില്ല. ഇത്തരം മരുന്നുകളുടെ വിൽപന ഇപ്പോൾ ഗണ്യമായി കുറഞ്ഞതായി വ്യാപാരികളും പറയുന്നു. ആഹാരവും വസ്ത്രവും മക്കളുടെ വിദ്യാഭ്യാസവും കഴിഞ്ഞേ ഇവരുടെ മുൻഗണനാ പട്ടികയിൽ ആരോഗ്യം കടന്നുവരുന്നുള്ളൂ എന്നത് വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ സമീപകാലത്ത് കണ്ടുവരുന്ന പ്രവണതയാണ്. ഇത് ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. കൈയിൽ വരുമാനം ചുരുങ്ങുകയും ദൈനംദിന ജീവിതത്തിന് ചെലവേറുകയും ചെയ്തതോടെ നിലവാരമുള്ള വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതിലും സാധാരണക്കാരുടെ കുടുംബങ്ങൾക്ക് പരിമിതികളേറെയാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്കായി ചെലവഴിക്കുന്ന തുക വെട്ടിച്ചുരുക്കാൻ അവർ നിർബന്ധിതരാകുന്നു എന്നതാണ് വസ്തുത.

പ്രളയവും കോവിഡും കാർഷികമേഖലയുടെ തകർച്ചയും വിലക്കയറ്റവും സൃഷ്ടിച്ച പ്രതിസന്ധിയിൽ വരുമാനവും സമ്പാദ്യവും ചോർന്നുപോയ അവസ്ഥയിലാണ് പല കുടുംബങ്ങളും. കോവിഡ് വരുത്തിവെച്ച സാമ്പത്തിക തകർച്ചയുടെ ദുരനുഭവം മുന്നിലുള്ളവർ ഭാവിയിലും അത്തരം പ്രതിസന്ധികളെ പ്രതീക്ഷിക്കുന്നതിനാൽ അൽപമെങ്കിലും കരുതിവെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിലക്കയറ്റത്തിന് മുന്നിൽ അത്തരം ശ്രമങ്ങൾ പരാജയപ്പെടുകയാണ്.

പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയാനുള്ള സാധ്യതകൾ മങ്ങിനിൽക്കെ വിതരണശൃംഖല ശക്തിപ്പെടുത്താനും ചരക്കുനീക്കം സുഗമവും ചെലവ് കുറഞ്ഞതുമാക്കാനുള്ള അധികാര കേന്ദ്രങ്ങളുടെ ഇടപെടലാണ് വിലക്കയറ്റം പിടിച്ചുനിർത്താനുള്ള പ്രധാന മാർഗങ്ങളിലൊന്നായി വിദഗ്ധർ നിർദേശിക്കുന്നത്. ഏതൊക്കെ രീതിയിൽ കടത്തുകൂലി കുറക്കാൻ പറ്റുമെന്ന ആലോചനകളുണ്ടാകുകയും അത് പ്രയോഗവത്കരിക്കുകയും ചെയ്താൽ അവശ്യവസ്തുക്കളുടെ വിലയിൽ അത് ഉപഭോക്താക്കൾക്ക് അനുകൂലമായ നിലയിൽ പ്രതിഫലിക്കും. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനൊപ്പം ദരിദ്രജനവിഭാഗങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ടുള്ള നടപടികളും ആവശ്യമാണ്. ഹോർട്ടികോർപ് പോലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയാൽ പച്ചക്കറി വില ഒരു പരിധിവരെ നിയന്ത്രിക്കാനാകും. നിലവിലെ സാഹചര്യങ്ങൾ കണക്കാക്കുമ്പോൾ വിലക്കയറ്റത്തിന്‍റെ നിരക്ക് കുറഞ്ഞേക്കാമെങ്കിലും സമീപഭാവിയിൽ അത് പൂർണമായി പിടിച്ചുനിർത്താനാവില്ലെന്നാണ് പൊതു വിലയിരുത്തൽ.

News Summary - Citizens worried about impact of price hike