09-03-25

ചരി​ത്രത്തിലെ ദുരൂഹമായ വിമാന തിരോധാനത്തിന് 11 വർഷം

2014 മാർച്ച് 8ന് ക്വാലാലംപൂരിൽ നിന്ന് ബീജിങ്ങിലേക്ക് ടേക്ക് ഓഫ് ചെയ്ത മലേഷ്യൻ വിമാനം എം.എച്ച് 370 എന്നെന്നേക്കുമായി അപ്രത്യക്ഷമായി. അഞ്ചു കുട്ടികൾ ഉൾപ്പെടെ 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു.
വിമാനത്തിന്റെ തിരോധാനം ഇന്ത്യൻ മഹാസമുദ്രം മുതൽ മധ്യേഷ്യ വരെ തിരച്ചിലിന് കാരണമായി. വിപുല തിരച്ചിൽ നടത്തിയിട്ടും പ്രധാന അവശിഷ്ടങ്ങൾ ഒരിക്കലും കണ്ടെത്താനായില്ല. 26 രാജ്യങ്ങളിൽനിന്നുള്ള 30 വിമാനങ്ങളും 60തോളം കപ്പലുകളും ആ തിരച്ചിലിന്റെ ഭാഗമായി.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഒരു വിദൂര ഭാഗത്ത് വിമാനം തകർന്നുവീണതായി തിരിച്ചറിഞ്ഞു. അപകട സ്ഥാനം തിരച്ചിലിന് തടസ്സം സൃഷടിച്ചു. 2015 ജൂലൈ 29ന് അവശിഷ്ടങ്ങളുടെ ആദ്യ ഭാഗം കണ്ടെത്തി. പ​ക്ഷെ, വായുവിൽ തകർന്നതാണോ കടലിൽ ഇടിച്ചിറങ്ങിയതാണോ എന്ന് തിരിച്ചറിയാനായില്ല.
മലേഷ്യ, ആസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലെ സർക്കാറുകൾ 2017 ജനുവരിയിൽ ഫ്ലൈറ്റിനായുള്ള തിരച്ചിൽ നിർത്തിവച്ചു. 2018 ജൂലൈയിൽ മലേഷ്യൻ സർക്കാർ വിമാന തിരോധാനത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. മെക്കാനിക്കൽ തകരാറുകൾക്ക് സാധ്യതയില്ലെന്ന് കണക്കാക്കപ്പെട്ടു. എം.എച്ച് 370 അപ്രത്യക്ഷമായതിന്റെ കൃത്യമായ കാരണം അന്വേഷകർക്കും നിർണയിക്കാൻ കഴിഞ്ഞില്ല.
വിമാനത്തിന്റെ തിരോധാനത്തിനുശേഷം പല സിദ്ധാന്തങ്ങളും ഉയർന്നുവന്നു. മെക്കാനിക്കൽ തകരാർ മുതൽ പൈലറ്റിന്റെ ആത്മഹത്യ വരെ അതിൽ ഉണ്ടായിരുന്നു. വിമാനത്തിന്റെ റിപ്പോർട്ടിങ് സിസ്റ്റം നിലച്ചത് റാഞ്ചലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും കാരണമാക്കി. എന്നാൽ, ഒരു വ്യക്തിയോ ഗ്രൂപ്പോ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.
ഫ്ലൈറ്റ് 370 വെടിവച്ചിട്ടതാണെന്ന് മറ്റു ചിലർ അനുമാനിച്ചു. എന്നാൽ, മിസൈലിൽ നിന്നോ മറ്റ് പ്രൊജക്‌ടൈലുകളിൽ നിന്നോ ഉള്ള കഷ്ണങ്ങളുടെ തെളിവുകളൊന്നും കണ്ടെത്തിയില്ല. ചുരുക്കത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും കണ്ടെത്താനായില്ല. എന്നെങ്കിലും ഒരിക്കൽ ഈ നിഗൂഢതയുടെ ചുരുൾ നിവരുമെന്ന വിശ്വാസത്തിൽ, വിമാനത്തിലുണ്ടായിരുന്നവരുടെ ഉറ്റവരുടെ ജീവിതം പതിറ്റാണ്ടു പിന്നിടുകയാണ്...
Explore