പുതിയ വസ്ത്രങ്ങൾ വാങ്ങിച്ച ശേഷം വേണ്ടത്ര ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

1. ട്രെൻഡ് മാത്രം നോക്കി വസ്ത്രം വാങ്ങുന്നത്
ഇപ്പോൾ ട്രെന്‍ഡിലുള്ള വസ്ത്രം കണ്ടാൽ ഉടൻ വാങ്ങുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ചില വസത്രങ്ങൾ ട്രെൻഡ് ആണെന്നതുകൊണ്ട് അത് എല്ലാവർക്കും ഒരുപോലെ ചേരണമെന്നില്ല. നിങ്ങളുടെ ശരീരഘടന, സ്റ്റൈൽ എന്നിവ കൂടി പരിഗണിച്ച ശേഷമായിരിക്കണം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്
2. ഫിറ്റിങ് പരിശോധിക്കാതെ വാങ്ങുന്നത്
സൈസ് മാത്രം നോക്കി വസ്ത്രം വാങ്ങിക്കുന്നത് വലിയൊരു തെറ്റാണ്. ഒരേ സൈസ് തന്നെ വ്യത്യസ്ത ബ്രാൻഡുകളിൽ വ്യത്യസ്ത ഫിറ്റിങ് നൽകാം. സാധിക്കുമെങ്കിൽ വസ്ത്രം ധരിച്ച് നോക്കുകയും തോളിലും അരയിലും കൈകളിലും ശരിയായ ഫിറ്റിങ് ആണോ എന്ന് പരിശോധിക്കുകയും ചെയ്യുക
3. നിറം മാത്രം കണ്ട് തിരഞ്ഞെടുക്കുന്നത്
കടയിൽ മനോഹരമായി തോന്നുന്ന നിറം ധരിക്കുമ്പോൾ അതേ ഭംഗി ലഭിക്കണമെന്നില്ല. നിങ്ങളുടെ കൈവശമുള്ള മറ്റ് വസ്ത്രങ്ങളുമായി എളുപ്പത്തിൽ കോമ്പൈൻ ചെയ്യാൻ കഴിയുന്ന നിറങ്ങളാണോ എന്നും നോക്കണം. പ്രത്യേക അവസരത്തിനായുള്ള വസ്ത്രമാണെങ്കിൽ അത് എവിടെയൊക്കെ ധരിക്കാമെന്നും മുൻകൂട്ടി ചിന്തിക്കുന്നത് നല്ലതാണ്
4. തുണിയുടെ ഗുണനിലവാരം പരിശോധിക്കാത്തത്
വസ്ത്രം വാങ്ങുമ്പോൾ ഡിസൈനിൽ മാത്രം ശ്രദ്ധിച്ച് ഫാബ്രിക് അവഗണിക്കരുത്. തുണിയുടെ കനം, മൃദുത്വം, സ്റ്റിച്ചിങ്, സിപ്പ്, ബട്ടൺ എന്നിവ പരിശോധിക്കുക. വസ്ത്രം പലതവണ കഴുകിയാൽ എങ്ങനെയാകും എന്നതും പരിഗണിക്കണം
5. ഉപയോഗസാധ്യത കണക്കിലെടുക്കാത്തത്
വളരെ മനോഹരമായ വസ്ത്രമായാലും എല്ലാ അവസരങ്ങൾക്കും അനുയോജ്യമാകണമെന്നില്ല. ഓഫീസ്, യാത്ര, പാർട്ടി, വിവാഹം, ദിവസേനയുള്ള ഉപയോഗം തുടങ്ങിയവയ്ക്കായി വസ്ത്രം വാങ്ങുമ്പോൾ അതിന്റെ ഉപയോഗസാധ്യത കൂടി കണക്കിലെടുക്കണം
6. വിലക്കുറവ് കണ്ടാൽ ആവശ്യമില്ലാത്തതും വാങ്ങുന്നത്
ഡിസ്കൗണ്ട് എന്ന് കാണുമ്പോൾ ആവശ്യമില്ലാത്ത വസ്ത്രങ്ങൾ പോലും വാങ്ങുന്നവരുണ്ട്. വില കുറവാണെന്നത് മാത്രം വാങ്ങാനുള്ള കാരണമാകരുത്. ഈ വസ്ത്രം എത്ര തവണ ധരിക്കും? നിലവിലുള്ള വസ്ത്രങ്ങളുമായി പൊരുത്തപ്പെടുമോ? ശരിക്കും ആവശ്യമുണ്ടോ? എന്നീ കാര്യങ്ങൾ ചിന്തിച്ചശേഷം വാങ്ങുക
7. വസ്ത്രം എങ്ങനെ പരിപാലിക്കണമെന്ന് പരിശോധിക്കാത്തത്
വാങ്ങുന്നതിന് മുമ്പ് വസ്ത്രത്തിന്റെ കെയർ ലേബലിലെ നിർദേശങ്ങൾ നോക്കുന്നത് പ്രധാനമാണ്. ചില വസ്ത്രങ്ങൾ സാധാരണയായി അലക്കാൻ കഴിയില്ല; ഡ്രൈ ക്ലീനിങ് ആവശ്യമായി വന്നേക്കാം. പരിപാലിക്കാൻ ബുദ്ധിമുട്ടുള്ള വസ്ത്രം പതിവായി ഉപയോഗിക്കാനാണെങ്കിൽ പിന്നീട് അത് അലമാരയിൽ തന്നെ കിടക്കാനുള്ള സാധ്യതയുണ്ട്
വാങ്ങുമ്പോൾ ഈ ഒരു കാര്യം കൂടി ഓർക്കാം
വസ്ത്രം വാങ്ങുമ്പോൾ `ഇത് എനിക്ക് ഇഷ്ടമാണോ?' എന്നതിനൊപ്പം `ഇത് ഞാൻ എത്രത്തോളം ഉപയോഗിക്കും? എന്നും ചോദിക്കുക. ഫിറ്റിങ്, തുണിയുടെ ഗുണനിലവാരം, ഉപയോഗസാധ്യത, വില എന്നിവ കൂടി പരിഗണിച്ചാൽ പണം പാഴാകാതെ കൂടുതൽ പ്രയോജനകരമായ ഷോപ്പിങ് നടത്താം
Explore