മാസത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണ് ശമ്പളം അക്കൗണ്ടിലെത്തുന്ന ദിവസം. എന്നാൽ ശമ്പളം ലഭിച്ച ഉടൻ പണം ചെലവഴിക്കുകയാണെങ്കിൽ മാസാവസാനം സാമ്പത്തിക സമ്മർദം നേരിടേണ്ടിവരും. ശമ്പളം കിട്ടുന്ന ദിവസം തന്നെ ചില കാര്യങ്ങൾ കൃത്യമായി ചെയ്താൽ പണം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാം
ബില്ലുകൾ ആദ്യം
വാടക, വൈദ്യുതി, ഫോൺ, ഇന്റർനെറ്റ്, ഇ.എം.ഐ തുടങ്ങിയ നിർബന്ധ ചെലവുകൾക്കുള്ള തുക ആദ്യം തന്നെ മാറ്റിവെക്കാം. ബാക്കി പണം അനാവശ്യമായി ചെലവാകുന്നത് ഇതിലൂടെ നിയന്ത്രിക്കാം
സേവിങ്സ്
ചെലവുകൾ കഴിഞ്ഞ് ബാക്കിയുള്ളത് സേവ് ചെയ്യുന്നതിന് പകരം ശമ്പളം കിട്ടിയ ഉടൻ തന്നെ സേവിങ്സിനുള്ള തുക മാറ്റിവെക്കുക. ചെറിയ തുകയാണെങ്കിലും സ്ഥിരമായി സേവ് ചെയ്യുന്നത് പ്രധാനമാണ്
എമർജന്‍സി ഫണ്ട്
അപ്രതീക്ഷിത ചികിത്സാ ചെലവുകൾ, ജോലി നഷ്ടപ്പെടൽ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കായി പ്രത്യേക ഫണ്ട് ഉണ്ടാക്കാം. ഓരോ മാസവും ചെറിയൊരു തുക ഇതിനായി മാറ്റിവെക്കുന്നത് ഭാവിയിൽ സഹായകരമാകും
ചെലവുകൾക്ക് പരിധി
ഭക്ഷണം, യാത്ര, ഷോപ്പിങ്, വിനോദം തുടങ്ങിയ ഓരോ വിഭാഗത്തിനും മാസ ബജറ്റ് നിശ്ചയിക്കാം. പരിധിയില്ലാത്ത ചെറിയ ചെലവുകളാണ് പലപ്പോഴും മാസാവസാനത്തെ വലിയ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നത്
സബസ്ക്രിപ്ഷന്‍ ചെക്ക്
ഉപയോഗിക്കാത്ത ഒ.ടി.ടി, ആപ്പ്, ജിം തുടങ്ങിയ സബ്സ്ക്രിപ്ഷനുകൾക്ക് പണം നൽകുന്നുണ്ടോ എന്ന് പരിശോധിക്കാം. ആവശ്യമില്ലാത്തവ ഒഴിവാക്കിയാൽ ഓരോ മാസവും ചെറിയൊരു തുക ലാഭിക്കാം
ഇമ്പൾസ് ഷോപ്പിങ് വേണ്ട
ശമ്പളം വന്നതിന്റെ സന്തോഷത്തിൽ ഉടൻ തന്നെ വലിയ ഷോപ്പിങ് നടത്തുന്നത് ഒഴിവാക്കാം. ആവശ്യമുള്ളതും ആഗ്രഹമുള്ളതും തിരിച്ചറിഞ്ഞ് മാത്രം വാങ്ങുന്നത് സാമ്പത്തിക അച്ചടക്കത്തിന് സഹായിക്കും
ശമ്പളം എത്രയാണെന്നതിനെക്കാൾ ലഭിക്കുന്ന പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാന്യം. ശമ്പളം കിട്ടുന്ന ദിവസം തന്നെ ഒരു ചെറിയ സാമ്പത്തിക പ്ലാൻ തയ്യാറാക്കിയാൽ മാസാവസാനത്തെ സമ്മർദം കുറയ്ക്കാം